Monday, June 13, 2011

എന്‍ടിആര്‍ഒയില്‍ നിയമനവും ചട്ടംലംഘിച്ച്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ രൂപംക്കൊണ്ട ദേശീയ സാങ്കേതിക ഗവേഷണസംഘടനയില്‍ (എന്‍ടിആര്‍ഒ) നടന്ന ഭൂരിപക്ഷം നിയമനങ്ങളും ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി. ആറു വര്‍ഷത്തിനുള്ളില്‍ 143 തസ്തികയിലേക്ക് നടത്തിയ നിയമനം ചട്ടം ലംഘിച്ചാണെന്ന് ഫെബ്രുവരിയില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു. പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും കീഴിലുള്ള ഏജന്‍സിയിലാണ് ചട്ടവിരുദ്ധ നിയമനം നടന്നത്. ബിഎ ബിരുദധാരികളെപോലും സാങ്കേതികമികവ് ആവശ്യമുള്ള തസ്തികകളില്‍ നിയമിച്ചതായി സിഎജി കണ്ടെത്തി. ചിലര്‍ അപേക്ഷ പോലും നല്‍കാത്ത ഉന്നതപദവികളിലാണ് നിയമിച്ചത്. എന്‍ടിആര്‍ഒയുടെ മുഖ്യ ഉപദേശകന്‍ എം എസ് വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനം ചട്ടവിരുദ്ധമായാണ് നടന്നതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍ .

2006 ഡിസംബറിലാണ് വിജയരാഘവനെ നിയമിച്ചത്. ഈ പദവിയിലെ നിയമനത്തിന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നില്ല. ഉപദേശകനെ കണ്ടെത്താന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തില്ല. പ്രധാനമന്ത്രി കാര്യാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഓഫ് പേഴ്സണിലിന്റെ രേഖാമൂലമുള്ള സമ്മതം ഇല്ലാതെയായിരുന്നു വിജയരാഘവന്റെ നിയമനം. എന്‍ടിആര്‍ഒ ഉപദേശകനായി നിയമിതനാകുമ്പോള്‍ ചെന്നൈയിലെ സൊസൈറ്റി ഓഫ് ഇലക്ട്രോണിക്ക് ട്രാന്‍സാക്ഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രതിരോധ മന്ത്രാലയത്തിലെ ഡിആര്‍ഡിഒയുടെ കീഴിലുള്ള സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് ടെക്നോളജി ആന്‍ഡ് റിസര്‍ച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു വിജയരാഘവന്‍ .എന്‍ടിആര്‍ഒ ഉപദേശകനായി പ്രവര്‍ത്തിക്കുമ്പോഴും മറ്റു രണ്ട് സ്ഥാപനങ്ങളില്‍നിന്ന് ഇദ്ദേഹം ശമ്പളം പറ്റിയിരുന്നുവെന്ന് സിഎജി പറയുന്നു. വിജയരാഘന്റെ നിയമനത്തെക്കുറിച്ച് പിന്നീട് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സത്യേന്ദ്ര മിശ്ര വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അത് സംബന്ധിച്ച് ഫയലൊന്നുമില്ലെന്നായിരുന്നു പ്രധാനമന്ത്രി കാര്യാലയം മറുപടി നല്‍കിയത്.

എന്‍ടിആര്‍ഒയിലെ 143 നിയമനങ്ങള്‍ കരാര്‍ അടിസ്ഥാനത്തിലാണ് നടന്നതെന്ന് സിഎജി കണ്ടെത്തി. രാജ്യത്തെ ഏറ്റവും പ്രധാന സാങ്കേതിക ഗവേഷണസംഘടനയില്‍ ഉന്നത പദവികളില്‍ പോലും ഇത്തരത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ സാംഗത്യമാണ് സിഎജി ചോദ്യംചെയ്യുന്നത്. ജോയിന്റ് സെക്രട്ടറി നിലവാരത്തിലുള്ള ഒമ്പതുപദവികളില്‍ കരാര്‍ നിയമനമാണ് നടത്തിയത്. നിലവിലുള്ള ചട്ടമനുസരിച്ച് കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയുടെ അംഗീകാരമുള്ളവരെ മാത്രമേ ജോയിന്റ്സെക്രട്ടറി-സെക്രട്ടറി പോസ്റ്റുകളില്‍ നിയമിക്കാന്‍ പാടുളളൂ. ഇത്തരമൊരു അനുമതിയും നേടാതെയാണ് ഒമ്പതു ജോയിന്റ് സെക്രട്ടറിമാരെയും നിയമിച്ചത്.
(വി ബി പരമേശ്വരന്‍)

deshabhimani 130611

1 comment:

  1. രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ രൂപംക്കൊണ്ട ദേശീയ സാങ്കേതിക ഗവേഷണസംഘടനയില്‍ (എന്‍ടിആര്‍ഒ) നടന്ന ഭൂരിപക്ഷം നിയമനങ്ങളും ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തി. ആറു വര്‍ഷത്തിനുള്ളില്‍ 143 തസ്തികയിലേക്ക് നടത്തിയ നിയമനം ചട്ടം ലംഘിച്ചാണെന്ന് ഫെബ്രുവരിയില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു. പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും കീഴിലുള്ള ഏജന്‍സിയിലാണ് ചട്ടവിരുദ്ധ നിയമനം നടന്നത്. ബിഎ ബിരുദധാരികളെപോലും സാങ്കേതികമികവ് ആവശ്യമുള്ള തസ്തികകളില്‍ നിയമിച്ചതായി സിഎജി കണ്ടെത്തി. ചിലര്‍ അപേക്ഷ പോലും നല്‍കാത്ത ഉന്നതപദവികളിലാണ് നിയമിച്ചത്. എന്‍ടിആര്‍ഒയുടെ മുഖ്യ ഉപദേശകന്‍ എം എസ് വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനം ചട്ടവിരുദ്ധമായാണ് നടന്നതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍ .

    ReplyDelete