Monday, June 20, 2011

ഡിസിസി രഹസ്യം അങ്ങാടിപ്പാട്ട്

ആന കൊടുത്താലും ആശ കൊടുക്കാന്‍ പാടില്ലെന്നാണല്ലോ ചൊല്ല്. ഡിസിസി നേതാക്കള്‍ ഗോപാലനെ ഇങ്ങനെ ആശിപ്പിച്ച് പറ്റിക്കേണ്ടിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അടക്കം പറയുന്നത്. ഗോപാലന്‍ വെള്ളം കോരാന്‍ തുടങ്ങിയിട്ട് നാളെത്രയായി; അതും ഡിസിസി ഓഫീസില്‍ . മന്ത്രിയുടെ സ്റ്റാഫാണെന്ന് നേതാക്കളെല്ലാം കട്ടായം പറഞ്ഞതാണ്. ഓഫീസ് സെക്രട്ടറിയുടെ പണി എടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായില്ലേ. കൂലിയൊന്നും നേരാംവണ്ണം കിട്ടാതെ മുണ്ടുമുറുക്കി പണിയെടുക്കുന്നതാണ്. എന്തായാലും സ്റ്റാഫാകുമെന്ന് ഗോപാലനും വിചാരിച്ചതാണ്. വീട്ടുകാരോടും നാട്ടുകാരോടും തിരുവനന്തപുരത്തേക്ക് മാറുന്ന വിവരവും പറഞ്ഞതാണ്. മന്ത്രിസ്റ്റാഫില്‍ പണി ചോദിച്ച് വന്നവരെ ഗോപാലന്‍ തന്നെ പറഞ്ഞയച്ചതാണ്. ഇവിടെനിന്ന് ഒരാളെയേ നിയമിക്കു. അതിനാളായി. ഞാന്‍ തന്നെ എന്ന് പറഞ്ഞാണ് മടക്കിയത്. എന്നിട്ടും ഈ കൊലച്ചതി സ്വന്തം നേതാവ് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

സംസ്ഥാനത്തെ 12 ജില്ലകളിലെയും ഓഫീസ് സെക്രട്ടറിമാര്‍ സെക്രട്ടറിയറ്റിലെത്തി പണി തുടങ്ങി. ഇന്ന് കിട്ടും നാളെ കിട്ടും എന്ന് വിചാരിച്ച് കാത്തിരിക്കുമ്പോഴല്ലെ ഇടിത്തീപോലെ ആ വിവരം കോണ്‍ഗ്രസുകാര്‍ അറിഞ്ഞത്. അതിന് വേറെ ആളായി. അതും ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്ന് ഗോപാലന്‍തന്നെ ഒഴിവാക്കി വിട്ടയാളണത്രെ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പോകുന്നത്. ഡിസിസി ഓഫീസില്‍ നിന്ന് ഇറങ്ങിയ കക്ഷി നേരെ നേതാവിന്റെ വീട്ടിലേക്കാണത്രെ പോയത്. പിറ്റേദിവസം കക്ഷിയേയും കൂട്ടി തിരുവനന്തപുരത്ത് ഒരു ദിവസം താമസിച്ചാണ് പണി ഉറപ്പിച്ചതെന്ന് അസൂയാലുക്കളായ ചില കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഭരണം കിട്ടുമ്പോള്‍ നേതാക്കന്മാര്‍ക്ക് സ്വന്തമായി ഒരാളെ നിയമിക്കാനുള്ള അവകാശമെങ്കിലും വേണ്ടെ. അതും കേന്ദ്രമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു വന്ന് കേണപേക്ഷിക്കുമ്പോള്‍ എങ്ങനെ തള്ളാന്‍ പറ്റും. നേതാവിന്റെ ധര്‍മസങ്കടങ്ങളൊന്നും അണികള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. ഗോപാലന് ഉള്ള പണിയില്‍ തുടരാമല്ലോ?

*

കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം മാറ്റിയും സ്റ്റാഫിനെ നിയമിച്ചും പണം ഉണ്ടാക്കാനുള്ള തന്ത്രപാടില്‍ ഓടി നടക്കുമ്പോള്‍ സഖ്യകക്ഷി ഭരണത്തില്‍ പിടിമുറുക്കി കാര്യങ്ങളൊക്കെ സ്വന്തക്കാര്‍ക്ക് നേടിക്കൊടുക്കുകയാണ്. മണലൊരു അമൂല്യവസ്തുവായിട്ട് കാലം കുറേയായി. ഇതോടെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മദ്യനിരോധനക്കാരാണ്. മദ്യക്കടത്തുകാരെല്ലം ഇപ്പോള്‍ മണല്‍ കടത്തുകാരായതാണ് ഇതിന് കാരണം. ഒരുലോഡ് മദ്യം കടത്തുന്നതിന്റെ പതിന്മടങ്ങ് ലാഭം മണലില്‍ കിട്ടുമ്പോള്‍ എന്തിന് റിസ്ക് എടുക്കണം. മദ്യം പിടിച്ചാല്‍ ജാമ്യമില്ല. വണ്ടിയും കിട്ടില്ല. മണലായാല്‍ ഇത് രണ്ടും കിട്ടും. പിഴയടച്ചാല്‍ കേസും ഇല്ല. ഈ മണല്‍ കടത്ത് സ്വന്തക്കാര്‍ക്ക് വാങ്ങി കൊടുക്കാനായില്ലെങ്കില്‍ എന്തിന് ഭരണമെന്ന് ലീഗ് ചിന്തിക്കുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ല. കടല്‍ മണല്‍ വാരാന്‍ രജിസ്ട്രേഷന്‍ പോലും കിട്ടാത്ത സംഘത്തിന് ടെന്‍ഡര്‍ ഉറപ്പിച്ചത് വലിയ കുറ്റമല്ല. രജിസ്ട്രേഷനൊക്കെ പിന്നാലെ എടുക്കാവുന്നതേയുള്ളു. ഭരണത്തിന്റെ വേഗതയെന്ന് പറയുന്നത് ഇതിനാണ്. ആദ്യം കാര്യം നടത്തുക. നിയമമൊക്കെ പിന്നാലെ മതി.

deshabhimani 200611

1 comment:

  1. ആന കൊടുത്താലും ആശ കൊടുക്കാന്‍ പാടില്ലെന്നാണല്ലോ ചൊല്ല്. ഡിസിസി നേതാക്കള്‍ ഗോപാലനെ ഇങ്ങനെ ആശിപ്പിച്ച് പറ്റിക്കേണ്ടിയിരുന്നില്ലെന്നാണ് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അടക്കം പറയുന്നത്. ഗോപാലന്‍ വെള്ളം കോരാന്‍ തുടങ്ങിയിട്ട് നാളെത്രയായി; അതും ഡിസിസി ഓഫീസില്‍ . മന്ത്രിയുടെ സ്റ്റാഫാണെന്ന് നേതാക്കളെല്ലാം കട്ടായം പറഞ്ഞതാണ്. ഓഫീസ് സെക്രട്ടറിയുടെ പണി എടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായില്ലേ. കൂലിയൊന്നും നേരാംവണ്ണം കിട്ടാതെ മുണ്ടുമുറുക്കി പണിയെടുക്കുന്നതാണ്. എന്തായാലും സ്റ്റാഫാകുമെന്ന് ഗോപാലനും വിചാരിച്ചതാണ്. വീട്ടുകാരോടും നാട്ടുകാരോടും തിരുവനന്തപുരത്തേക്ക് മാറുന്ന വിവരവും പറഞ്ഞതാണ്. മന്ത്രിസ്റ്റാഫില്‍ പണി ചോദിച്ച് വന്നവരെ ഗോപാലന്‍ തന്നെ പറഞ്ഞയച്ചതാണ്. ഇവിടെനിന്ന് ഒരാളെയേ നിയമിക്കു. അതിനാളായി. ഞാന്‍ തന്നെ എന്ന് പറഞ്ഞാണ് മടക്കിയത്. എന്നിട്ടും ഈ കൊലച്ചതി സ്വന്തം നേതാവ് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.

    ReplyDelete