Saturday, June 4, 2011

ജാതി വ്യവസ്ഥിതി തിരികെ കൊണ്ടുവരാന്‍ ആസൂത്രിത ശ്രമം: സി കെ ചന്ദ്രപ്പന്‍

കുമളി: പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ നാടുകടത്തിയ ജാതി വ്യവസ്ഥിതി തിരികെ കൊണ്ടുവരാന്‍ സംസ്ഥാനത്ത് ആസൂത്രിത നീക്കം നടക്കുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു.

എ ഐ വൈ എഫ് സംസ്ഥാന കേഡര്‍ ക്യാമ്പില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളുമെല്ലാം അനാചാരങ്ങള്‍ക്കും ദുഷ്പ്രവണതകള്‍ക്കുമെതിരെ സമൂഹമനസാക്ഷി ഉണര്‍ത്തിയവരാണ്. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ആ സന്ദേശങ്ങള്‍ ഏറ്റെടുത്ത് കേരളത്തിന്റെ മണ്ണില്‍ മതസൗഹാര്‍ദ്ദത്തിന്റെയും മതേതരത്വത്തിന്റെയും വിത്തുവിതയ്ക്കുകയും ചെയ്തു. ഇന്ന് കേരളം ആര്‍ജ്ജിച്ച നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ കമ്മ്യൂണിസ്റ്റുകാരുടെ അത്തരം പോരാട്ടങ്ങളാണുള്ളത്. എന്നാല്‍ ജാതിചിന്തയെ തിരികെ കൊണ്ടുവന്ന് കാര്യസാധ്യം നടത്താന്‍ ചില തല്‍പ്പര കക്ഷികള്‍ കുറെക്കാലമായി ശ്രമം നടത്തിവരുകയാണ്. ഇതിനെതിരെ യുവജന പ്രസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു. സാക്ഷരതയില്‍ രാജ്യത്ത് മുമ്പന്തിയില്‍ നില്‍ക്കുന്ന കേരളം അന്ധവിശ്വാസങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. അനാചാരങ്ങളും ഒട്ടേറെയാണ്. ഒന്നോരണ്ടോ ദശാബ്ദത്തിനിടെയാണ് അനാരോഗ്യകരമായ ഇത്തരം പ്രവണതകള്‍ തലപൊക്കിവന്നത്്. ഉന്‍മൂലനം ചെയ്യപ്പെട്ടുവെന്ന് അരനൂറ്റാണ്ടുമൂമ്പ് നാം കരുതിയ കാര്യങ്ങളാണ് ഇവയെന്ന് ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി. ജാതി വ്യവസ്ഥതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതോടൊപ്പം അന്ധവിശ്വാസങ്ങള്‍ തുടച്ചു നീക്കാനും ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങണം.

മതനേതാക്കള്‍ രാഷ്ട്രീയത്തെ നയിക്കുന്ന സ്ഥിതി വിശേഷം ഒരിക്കലും ഉണ്ടായിക്കൂടാ. എന്നാല്‍ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പല കോണുകളിലും നടക്കുന്നതായി ചന്ദ്രപ്പന്‍ പറഞ്ഞു. മതത്തിന്റെ അതിപ്രസരം രാഷ്ട്രീയരംഗത്തുണ്ടാവുന്നത് ഒട്ടും ആശാസ്യമായ കാര്യമല്ല. മതേതരത്വവും മതസൗഹാര്‍ദ്ദവും തകരുന്നതിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

janayugom 040611

1 comment:

  1. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ നാടുകടത്തിയ ജാതി വ്യവസ്ഥിതി തിരികെ കൊണ്ടുവരാന്‍ സംസ്ഥാനത്ത് ആസൂത്രിത നീക്കം നടക്കുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു.

    ReplyDelete