Sunday, June 12, 2011

എന്‍ടിആര്‍ഒയില്‍ അടിമുടി അഴിമതി: സിഎജി

രഹസ്യാന്വേഷണ വിഭാഗത്തെ സാങ്കേതികമായി മികവുറ്റതാക്കാന്‍ രൂപംകൊണ്ട ദേശീയ സാങ്കേതിക ഗവേഷണ സംഘടന (എന്‍ടിആര്‍ഒ)യുടെ പ്രവര്‍ത്തനത്തില്‍ അടിമുടി അഴിമതിയെന്ന് കംപ്ട്രോളര്‍ ഏന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി). പൊതുമുതല്‍ ധൂര്‍ത്തടിക്കുന്ന സ്ഥാപനമാണിത്. സ്വന്തം കെട്ടിടമുണ്ടായിട്ടും രണ്ടുവര്‍ഷം വാടകക്കെട്ടിടം ഗസ്റ്റ്ഹൗസാക്കി 1.34 കോടി രൂപ എന്‍ടിആര്‍ഒ ഉദ്യോഗസ്ഥര്‍ ധൂര്‍ത്തടിച്ചെന്ന് സിഎജി കണ്ടെത്തി. എന്‍ടിആര്‍ഒ പൈലറ്റില്ലാ വിമാനം വാങ്ങി 450 കോടി രൂപ തുലച്ചെന്ന് സിഎജി കണ്ടെത്തിയതിന്റെ റിപ്പോര്‍ട്ട് "ദേശാഭിമാനി" കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

കാര്‍ഗില്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2004ലാണ്എന്‍ടിആര്‍ഒ രൂപീകരിച്ചത്. തുടക്കത്തില്‍ ന്യൂഡല്‍ഹിയിലെ ഹൗസ് ഖാസിലെ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചത്. 6,70,000 രൂപയായിരുന്നു മാസവാടക. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്കടുത്ത് സ്വന്തം കെട്ടിടത്തിലേക്ക് 2007 ഒക്ടോബറില്‍ പ്രവര്‍ത്തനം മാറ്റി. എന്നിട്ടും രണ്ടുവര്‍ഷത്തോളം പഴയ വാടകക്കെട്ടിടം ഗസ്റ്റ്ഹൗസാക്കി നിലനിര്‍ത്തി. എല്ലാ ഉദ്യോഗസ്ഥര്‍ക്കും നഗരത്തിന്റെ വിവിധഭാഗങ്ങളായി സര്‍ക്കാര്‍ താമസസൗകര്യം നല്‍കിയിട്ടും 2009 മെയ്വരെ വാടകക്കെട്ടിടം ഗസ്റ്റ്ഹൗസായി തുടര്‍ന്നു. 20 മാസം ഈ കെട്ടിടത്തിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് അനാവശ്യമായി വാടക നല്‍കി.

പൈലറ്റില്ലാ വിമാനം വാങ്ങി 450 കോടി രൂപ തുലച്ച എന്‍ടിആര്‍ഒ ചെയര്‍മാന്‍ കെവിഎസ്എസ് പ്രസാദും അദ്ദേഹത്തിന്റെ ഉപദേശകന്‍ എം എസ് വിജയരാഘവനുമാണ് ഈ അഴിമതിക്കും പിന്നിലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. എന്‍ടിആര്‍ഒയുടെ ഉപദേശകനായിരിക്കെത്തന്നെ വിജയരാഘവന്‍ ചെന്നൈയിലെ പൊതുസ്വകാര്യപങ്കാളിത്ത ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായിരുന്നു. എന്‍ടിആര്‍ഒയുടെ ഒരുപദ്ധതി നടപ്പാക്കുന്നതിനായി 45 ലക്ഷം രൂപ ഈ സ്ഥാപനത്തിന് നല്‍കി. ഈ പദ്ധതി നടന്നില്ലെന്ന് മാത്രമല്ല പണവും നഷ്ടപ്പെടുത്തി. അതുപോലെ പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവായിരുന്ന ആര്‍ ചിദംബരം നേതൃത്വം നല്‍കുന്ന സൊസൈറ്റി ഫോര്‍ ഇലക്ട്രോണിക്ക് ട്രാന്‍സാക്ഷന്‍ സൊസെറ്റിക്കും എന്‍ടിആര്‍ഒയില്‍ നിന്ന് വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടെന്നും സിഎജി കണ്ടെത്തി. ആര്‍ ചിദംബരത്തിന്റെ അടുത്ത അനുയായിയാണ് വിജയരാഘവന്‍ . വിജയരാഘവന്‍ ഉള്‍പ്പെടെ പല ഉദ്യോഗസ്ഥരും ഒഴിവുകാലത്ത് നടത്തിയ വിദേശയാത്രകള്‍ "ഔദ്യോഗിക"മാക്കി പണം എഴുതിയെടുത്തുവെന്നും സിഎജി കണ്ടെത്തി.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 120611

1 comment:

  1. രഹസ്യാന്വേഷണ വിഭാഗത്തെ സാങ്കേതികമായി മികവുറ്റതാക്കാന്‍ രൂപംകൊണ്ട ദേശീയ സാങ്കേതിക ഗവേഷണ സംഘടന (എന്‍ടിആര്‍ഒ)യുടെ പ്രവര്‍ത്തനത്തില്‍ അടിമുടി അഴിമതിയെന്ന് കംപ്ട്രോളര്‍ ഏന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി). പൊതുമുതല്‍ ധൂര്‍ത്തടിക്കുന്ന സ്ഥാപനമാണിത്. സ്വന്തം കെട്ടിടമുണ്ടായിട്ടും രണ്ടുവര്‍ഷം വാടകക്കെട്ടിടം ഗസ്റ്റ്ഹൗസാക്കി 1.34 കോടി രൂപ എന്‍ടിആര്‍ഒ ഉദ്യോഗസ്ഥര്‍ ധൂര്‍ത്തടിച്ചെന്ന് സിഎജി കണ്ടെത്തി.

    ReplyDelete