Sunday, June 19, 2011

ഗതാഗതക്കുരുക്കിന് പരിഹാരമായി മന്ത്രിയുടെ "സാരോപദേശം"

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കാനായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ സാരോപദേശം. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ബൈപാസുണ്ടാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എല്ലാ യോഗങ്ങളിലും പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ ബൈപാസ് എവിടെനിന്ന് ആരംഭിക്കുമെന്നോ എവിടെ തീരുമെന്നോ ഉള്ള ചോദ്യത്തിന് ഉത്തരമില്ല. പിഡബ്ല്യുഡി റോഡിലെ കുണ്ടിലും കുഴിയിലും പെട്ട് നടുവൊടിയുകയും ഗതാഗതകുരുക്കില്‍ നട്ടംതിരിയുകയും ചെയ്യുന്നവരെ ഉപദേശിക്കാന്‍ മന്ത്രിയെത്തിയിട്ട് ഒരുകാര്യവുമില്ലെന്നാണ് ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നത്. മന്ത്രി വരുന്ന വേദികളില്‍ ആളെക്കൂട്ടാനായി മോട്ടോര്‍ വാഹനവകുപ്പ് ലേണേഴ്സ് ടെസ്റ്റിന് പഠിക്കുന്നവരെ രാവിലെ എട്ടുമണിക്കുതന്നെ വിളിച്ചിരുത്തി. ഇവര്‍ക്ക് ലഘുഭക്ഷണം പോലും നല്‍കിയുമില്ല.

ജീവിതവൃത്തിക്കായി ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ റോഡു സുരക്ഷയോടൊപ്പം സ്വന്തം സുരക്ഷയും ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച മന്ത്രിയ്ക്കറിയില്ലല്ലോ ഓട്ടോക്കാരുടെ ജീവിത പ്രാരബ്ധങ്ങള്‍ . 22 വര്‍ഷം കഴിഞ്ഞ ഓട്ടോകള്‍ ഓടിക്കാന്‍ പാടില്ലെന്ന കേന്ദ്ര നിയമം പലരുടെയും ജീവിതമാര്‍ഗം വഴിയാധാരമാക്കുകയാണ്. പലര്‍ക്കും പെര്‍മിറ്റില്ല. ഓണത്തിനും വിഷുവിനും ബോണസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ രണ്ട് രൂപയ്ക്കുള്ള അരിയും ഇ എം എസ് ഭവനപദ്ധതിയില്‍ കിട്ടിയ വീടുമാണ് പലര്‍ക്കും ആശ്വാസം. ഓട്ടോകള്‍ക്ക് വായ്പ ലഭിക്കാനും പ്രയാസമാണ്. ഇതൊന്നുമറിയാതെയാണ് മന്ത്രിയുടെ കവല പ്രസംഗം. റോഡിന്റെ നിലവാരവും ജനങ്ങളുടെ മാനസികാവസ്ഥയും മാറിയാല്‍ മാത്രമേ റോഡ് സുരക്ഷ പൂര്‍ണ്ണമാകൂ എന്നാണ് മന്ത്രിയുടെ ഉപദേശം.

"റോഡ് ഉപയോഗിക്കുന്ന എല്ലാവരും നിയമങ്ങള്‍ അനുസരിക്കുകയും പൗരബോധം പ്രകടിപ്പിക്കുകയും വേണം. റോങ് സൈഡ് ഓവര്‍ടേക്കിങ്, ഓവര്‍ സ്പീഡ് എന്നിവ റോഡ് സുരക്ഷിതത്വത്തിന് ഭീഷണിയാണ്" എന്നും മന്ത്രി ഉപദേശിക്കുന്നു.

മൂലേടം, കുമാരനല്ലൂര്‍ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ച് മന്ത്രി അപഹാസ്യനായി. ജോസ് കെ മാണി എംപി ഈ മേല്‍പ്പാലങ്ങളുടെ പേരില്‍ മുതലെടുത്ത്പണ്ടേ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയതാണ്. ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ചില റോഡുകള്‍ അടിയന്തരമായി നന്നാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. അങ്ങനെയെങ്കില്‍ യുഡിഎഫ് അനുഭാവികളുടെയും നഗരത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെയും ഉടമസ്ഥതയിലുള്ള ബഹുനിലകെട്ടിടങ്ങളും അവയുടെ ഗേറ്റുകളും തകര്‍ക്കേണ്ടിവരും. അതോടെ റോഡ് വികസനവും വഴിമുടങ്ങും.

തിരുവഞ്ചൂരിനേക്കാള്‍ കോട്ടയം നഗരത്തെ അടുത്തറിയാവുന്ന മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ കൊണ്ടുവന്ന ഫ്ളൈ ഓവര്‍ പദ്ധതിയ്ക്ക് തുരങ്കംവച്ചവര്‍ക്ക് ഇപ്പോള്‍ നഗരത്തിലെ ഗതാഗതപ്രശ്നം കീറാമുട്ടിയായി. ജസ്റ്റിസ് കെ ടി തോമസും മനോരമയുടെ പത്രാധിപരായിരുന്ന കെ എം മാത്യുവുമൊക്കെ വി എന്‍ വാസവന്റെ റോഡ് വികസന പദ്ധതിയെ പിന്തുണച്ചതാണ്. അന്ധമായ രാഷ്ട്രീയ വിരോധം മൂലം യുഡിഎഫുകാര്‍ അന്ന് വഴിമുടക്കിയില്ലായിരുന്നെങ്കില്‍ നഗരത്തിലെ ഗതാഗത പ്രശ്നം ശാശ്വതമായി പരിഹരിക്കാമായിരുന്നു.

deshabhimani 190611

1 comment:

  1. കോട്ടയം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കാനായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ സാരോപദേശം. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ബൈപാസുണ്ടാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എല്ലാ യോഗങ്ങളിലും പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. എന്നാല്‍ ബൈപാസ് എവിടെനിന്ന് ആരംഭിക്കുമെന്നോ എവിടെ തീരുമെന്നോ ഉള്ള ചോദ്യത്തിന് ഉത്തരമില്ല. പിഡബ്ല്യുഡി റോഡിലെ കുണ്ടിലും കുഴിയിലും പെട്ട് നടുവൊടിയുകയും ഗതാഗതകുരുക്കില്‍ നട്ടംതിരിയുകയും ചെയ്യുന്നവരെ ഉപദേശിക്കാന്‍ മന്ത്രിയെത്തിയിട്ട് ഒരുകാര്യവുമില്ലെന്നാണ് ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നത്. മന്ത്രി വരുന്ന വേദികളില്‍ ആളെക്കൂട്ടാനായി മോട്ടോര്‍ വാഹനവകുപ്പ് ലേണേഴ്സ് ടെസ്റ്റിന് പഠിക്കുന്നവരെ രാവിലെ എട്ടുമണിക്കുതന്നെ വിളിച്ചിരുത്തി. ഇവര്‍ക്ക് ലഘുഭക്ഷണം പോലും നല്‍കിയുമില്ല.

    ReplyDelete