Saturday, July 9, 2011

ദക്ഷിണ സുഡാന്‍ 193-ാം രാജ്യം

ഖാര്‍ത്തൂം: ആഫ്രിക്ക കണ്ട ഏറ്റവും വലിയ ആഭ്യന്തരസംഘര്‍ഷത്തിനൊടുവില്‍ ദക്ഷിണ സുഡാന്‍ എന്ന പുതിയ രാജ്യം ശനിയാഴ്ച പിറവിയെടുക്കും. ഇതോടെ, ലോകരാജ്യങ്ങളുടെ എണ്ണം 193 ആകും. ജൂപയാണ് തലസ്ഥാനം. വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ആഘോഷം ശനിയാഴ്ച ജൂപയില്‍ നടക്കും. ഇന്ത്യന്‍ പ്രതിനിധിയായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കും.

ഇരുപതുലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ, ദശാബ്ദങ്ങള്‍ നീണ്ട സംഘര്‍ഷത്തെതുടര്‍ന്ന് നടന്ന ഹിതപരിശോധനയിലാണ് പുതിയ രാജ്യത്തിന്റെ പിറവി. 99 ശതമാനം ദക്ഷിണ സുഡാന്‍കാരും സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വോട്ടുചെയ്തു. തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍ക്കൊള്ളുന്ന വടക്കന്‍ സുഡാനില്‍നിന്ന് വിഭജിച്ച് മറ്റൊരു രാജ്യം വേണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. റിപ്പബ്ലിക്ക് ഓഫ് സൗത്ത് സുഡാന്‍ എന്നാണ് ഔദ്യോഗിക നാമം. ദക്ഷിണ സുഡാന്‍ വിമോചന മുന്നണി തലവനായിരുന്ന സല്‍വ കീര്‍ മയര്‍ദീത്ത് ആണ് പ്രസിഡന്റ്. ഒരു കോടിയോളമാണ് രാജ്യത്തെ ജനസംഖ്യ. ആഭ്യന്തരകലാപം അവസാനിപ്പിക്കാന്‍ 2005ല്‍ ധാരണയായിരുന്നു. അതുപ്രകാരമാണ് ഈ വര്‍ഷം ജനുവരിയില്‍ ഹിതപരിശോധന നടന്നത്. എന്നാല്‍ , അതിര്‍ത്തി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത തര്‍ക്കങ്ങള്‍ നിലനിന്നതിനാല്‍ പുതിയ രാജ്യമെന്ന പ്രഖ്യാപനം നീണ്ടു. ഹിതപരിശോധനയ്ക്കുശേഷം സുഡാന്‍സേനയും ദക്ഷിണ സുഡാനായി വാദിക്കുന്ന വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുകളും നടന്നു. എണ്ണസമ്പന്നമായ ചില ഭാഗങ്ങള്‍ ദക്ഷിണ സുഡാന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

ദക്ഷിണ സുഡാന്‍ എന്ന രാജ്യത്തിനുമുന്നില്‍ വെല്ലുവിളി ഏറെയാണ്. ആഭ്യന്തരസംഘര്‍ഷത്തെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുകയാണ് പ്രധാന കടമ്പ. സംഘര്‍ഷത്തെതുടര്‍ന്ന് 40 ലക്ഷത്തോളംപേര്‍ വീട് ഉപേക്ഷിച്ചുപോയിട്ടുണ്ട്. ശിശുമരണവും നിരക്ഷരതയും ഉയര്‍ന്ന നിരക്കിലാണ്.

deshabhimani 090711

1 comment:

  1. ആഫ്രിക്ക കണ്ട ഏറ്റവും വലിയ ആഭ്യന്തരസംഘര്‍ഷത്തിനൊടുവില്‍ ദക്ഷിണ സുഡാന്‍ എന്ന പുതിയ രാജ്യം ശനിയാഴ്ച പിറവിയെടുക്കും. ഇതോടെ, ലോകരാജ്യങ്ങളുടെ എണ്ണം 193 ആകും. ജൂപയാണ് തലസ്ഥാനം. വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ആഘോഷം ശനിയാഴ്ച ജൂപയില്‍ നടക്കും. ഇന്ത്യന്‍ പ്രതിനിധിയായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കും.

    ReplyDelete