Thursday, July 7, 2011

കണ്ണൂര്‍ സ്പിന്നിങ് മില്‍ : പ്രവര്‍ത്തനം നിലച്ചിട്ട് 3 മാസം; അധികൃതര്‍ക്ക് നിസംഗത

കണ്ണൂര്‍ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുമാസം പൂര്‍ത്തിയായതോടെ കമ്പനിയുടെയും തൊഴിലാളികളുടെയും നിലനില്‍പ്പ് അപകടത്തില്‍ . രാത്രി ഷിഫ്റ്റില്‍ സ്ത്രീത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനെതിരെ ഐഎന്‍ടിയുസി യൂണിയന്‍ ഹൈക്കോടതിയില്‍നിന്ന് സമ്പാദിച്ച വിധിയും തുടര്‍ന്നുള്ള മാനേജ്മെന്റിന്റെ ഷിഫറ്റ് ക്രമീകരണവുമാണ് മില്ലിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചത്. ഒന്നിലധികം തവണ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഐഎന്‍ടിയുസിയുടെ പിടിവാശിയെ തുടര്‍ന്ന് അലസി. ഇനി യൂണിയനുകള്‍ പ്രശ്നപരിഹാരമുണ്ടാക്കട്ടെയെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ഇടക്കാലാശ്വാസമെന്ന യൂണിയനുകളുടെ ആവശ്യം അംഗീകരിക്കാത്തതും പരിഹാരത്തിന് വിഘാതമായി. ശമ്പളപരിഷ്കരണത്തിന് തയ്യാറായിട്ടും ചര്‍ച്ചകളില്‍ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് നിസഹകരിക്കുന്നുവെന്നാണ് അധികൃതരുടെ ഭാഷ്യം.

 ജൂണ്‍ 24ലെ ചര്‍ച്ചയില്‍ നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ഉന്നതരുമായി മാത്രമേ ചര്‍ച്ചയുള്ളൂവെന്ന നിലപാടാണ് ഐഎന്‍ടിയുസി യൂണിയന്‍ നേതാവ് മമ്പറം ദിവാകരനും കൂട്ടരും സ്വീകരിച്ചത്. ഇതുവരെ അത്തരമൊരു ചര്‍ച്ച നടക്കാത്തത് ദുരൂഹമാണ്. കമ്പനി തുറക്കുന്നതിന് കോണ്‍ഗ്രസ് അനുകൂല സംഘടനയാണ് തടസമെന്നതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന തണുപ്പന്‍ സമീപനവും ആശങ്കയുളവാക്കുന്നു. സ്ഥാപനം നിലകൊള്ളുന്ന മണ്ഡലത്തിലെ എംപിയും എംഎല്‍എയും മില്‍ തുറക്കുന്നതിന് താല്‍പര്യം കാണിക്കാത്തതും പ്രശ്നപരിഹാരത്തിന് തടസമാകുന്നു. പ്രശ്നത്തില്‍ മമ്പറം ദിവാകരന്‍ സ്വീകരിക്കുന്ന നിലപാട് സംശയാസ്പദമാണെന്ന് ആക്ഷേപമുണ്ട്. ദിവാകരന്റെ സഹോദരന്‍ ദേവദാസിനെ ജോലിക്ക് ഹാജരാകാത്തതിനാല്‍ മില്ലില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. അതിനു മുമ്പ് ഒരു സമരത്തെതുടര്‍ന്ന് ചിലര്‍ ക്കെതിരെ കര്‍ശന നടപടിയെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യവും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള സൊസൈറ്റിയിലെ ക്രമക്കേടുകളുമാണ് മില്‍ തുറക്കുന്നത് തടയുന്നതിന് പിന്നിലെന്നാണ് ആരോപണം. പ്രവര്‍ത്തനം നിലച്ചതിനെതുടര്‍ന്ന് ഗുരുതര പ്രതിസന്ധിയാണ് കമ്പനിയും തൊഴിലാളികളും നേരിടുന്നത്. 550 തൊഴിലാളികളുടെ ഉപജീവന മാര്‍ഗമില്ലാതായി. രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. കമ്പനി തമിഴ്നാട്ടിലേക്ക് പറിച്ചുനടാനുള്ള രാഷ്ട്രീയനീക്കങ്ങളും അണിയറയില്‍ സജീവമെന്നാണ് സൂചന.

deshabhimani 070711

2 comments:

  1. കണ്ണൂര്‍ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്നുമാസം പൂര്‍ത്തിയായതോടെ കമ്പനിയുടെയും തൊഴിലാളികളുടെയും നിലനില്‍പ്പ് അപകടത്തില്‍ . രാത്രി ഷിഫ്റ്റില്‍ സ്ത്രീത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനെതിരെ ഐഎന്‍ടിയുസി യൂണിയന്‍ ഹൈക്കോടതിയില്‍നിന്ന് സമ്പാദിച്ച വിധിയും തുടര്‍ന്നുള്ള മാനേജ്മെന്റിന്റെ ഷിഫറ്റ് ക്രമീകരണവുമാണ് മില്ലിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചത്.

    ReplyDelete
  2. കൊടിപിടുത്തവും പൂട്ടിക്കലും ചുവപ്പന്മാരെന്നല്ലെ?
    മമ്പറം ദിവാരന്‍ എന്നാ കമ്മ്യൂണിസ്റ്റായെ?

    ReplyDelete