Wednesday, July 20, 2011

ട്രഷറി മിച്ചം 3881 കോടി

എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ ട്രഷറിയില്‍ 3881.94 കോടി രൂപ മിച്ചമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന, സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ ആസ്പദമാക്കി സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിക്കുന്ന ധവളപത്രത്തില്‍ പലയിടത്തും എല്‍ ഡി എഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള പാഴ്ശ്രമമാണ് മാണി നടത്തിയത്. ശമ്പള പരിഷ്‌കരണത്തിലൂടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള വിപണി ഇടപെടലിലൂടെയും അധിക ബാധ്യത മുന്‍ സര്‍ക്കാര്‍ വരുത്തിവച്ചതായി ധവളപത്രം കുറ്റപ്പെടുത്തുന്നു. മെച്ചമല്ലാത്ത സാമ്പത്തിക സ്ഥിതി തരണം ചെയ്യാന്‍ 'മുണ്ടു മുറുക്കിയുടുക്കേണ്ടതുണ്ടെ'ന്നും മാണിയുടെ ധവളപത്രം മുന്നറിയിപ്പു നല്‍കുന്നു.

ട്രഷറിയില്‍ വന്‍ തുക മിച്ചമുണ്ടെങ്കിലും ഇത് ഉപയോഗിക്കാനാവാത്ത ഫണ്ടാണെന്ന് ധവളപത്രം പറയുന്നു. സ്ഥിരനിക്ഷേപമാണ് ട്രഷറി മിച്ചത്തില്‍ നല്ലൊരു പങ്കും. ഉയര്‍ന്ന പലിശ നല്‍കുന്നതിലൂടെ ഇത് അധിക ബാധ്യത ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കടമെടുത്ത തുക ഉള്‍പ്പെടെ ട്രഷറി മിച്ചത്തിലുണ്ട്. ഇതിനും പലിശ നല്‍കേണ്ടതുണ്ടെന്ന് ധവളപത്രം പറയുന്നു.
യു ഡി എഫ് ഭരണകാലത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തില്‍ (ജി എസ് ഡി പി) കുറവുണ്ടായെന്ന് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഇതിനോട് പൊരുത്തപ്പെടാത്ത വസ്തുതകളാണ് ധവളപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്. 2001-02 കാലത്ത് 7.25 ശതമാനമായിരുന്നു ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ വളര്‍ച്ച. 2009-10ല്‍ ഇത് 14.57 ശതമാനത്തിലെത്തിയിട്ടുണ്ട്. 2004-05കാലത്ത് വളര്‍ച്ചാനിരക്ക് 23.34 ശതമാനത്തിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ച കുറഞ്ഞതായി മാണി കുറ്റപ്പെടുത്തുന്നത്. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞ 2005-06ല്‍ തന്നെ നിരക്ക് 14.74ലേക്ക് താണിരുന്നതായി ധവളപത്രത്തില്‍ തന്നെ പറയുന്നുണ്ട്. കുറഞ്ഞ വളര്‍ച്ചാനിരക്ക് പൊതു, സ്വകാര്യ സംരംഭങ്ങളില്‍ നിക്ഷേപത്തില്‍ ഇടിവുണ്ടാക്കിയതായി ധവളപത്രം പറയുന്നു.

യു ഡി എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞ 2005-06ല്‍ റവന്യു വരുമാനത്തിന്റെ 80.41 ശതമാനമായിരുന്നു നികുതി വരുമാനം. 2009-10ല്‍ ഇത് 84.35 ശതമാനമായി. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ വില്‍പ്പന നികുതി 68.56 ശതമാനവും മൂല്യവര്‍ധിത നികുതി (വാറ്റ്) 72.46 ശതമാനവുമാണ്. യു ഡി എഫ് ഭരണകാലത്ത് വാറ്റിലൂടെയുള്ള വരുമാനം 2004-05ല്‍ 74.76 ശതമാനവും 2003-04ല്‍ 74.05 ശതമാനവുമായിരുന്നു. 2005-06ല്‍ സംസ്ഥാനത്തിന്റെ ആകെ ചെലവ് ജി എസ് ഡി പിയുടെ 14.13 ശതമാനവും റവന്യു കമ്മി 2.29 ശതമാനവുമായിരുന്നു. 2009-10ല്‍ ഇത് യഥാക്രമം 14.41 ശതമാനവും 2.18 ശതമാനവുമായി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 1.72, 2.16, 1.85 ശതമാനം എന്നിങ്ങനെയായിരുന്നു റവന്യു കമ്മി നിരക്ക്. ധനകമ്മി യു ഡി എഫ് സ്ഥാനമൊഴിയുമ്പോള്‍ 3.06 ശതമാനമായിരുന്നു. എല്‍ ഡി എഫ് അധികാരമേറ്റ വര്‍ഷം ഇത് 2.49 ശതമാനത്തിലേയ്ക്കു കുറച്ചു. തൊട്ടടുത്ത വര്‍ഷം 3.48 ശതമാനത്തിലെത്തിയ ധനകമ്മി 2008-09ല്‍ 3.16ലേയ്ക്കു ചുരുങ്ങി. 2009-10ല്‍ 3.42 ശതമാനമാണ് ധന കമ്മി.

2005-06ല്‍ റവന്യു ചെലവിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായിരുന്നു. റവന്യു ചെലവിന്റെ 52.96 ശതമാനം വികസന ചെലവും 47.04 ശതമാനം വികസനേതര ചെലവും. 2009-10ല്‍ വളര്‍ച്ചാ നിരക്ക് 10.31 ശതമാനവും വികസന ചെലവ് റവന്യു ചെലവിന്റെ 53.43 ശതമാനവും വികസനേതര ചെലവ് 46.54 ശതമാനവുമായി. വികസനേതര ചെലവ് 2006-07ല്‍ 55.42 ശതമാനവും തൊട്ടടുത്ത വര്‍ഷം 50.46 ശതമാനവുമായതായി ധവളപത്രം പറയുന്നു.

ശമ്പളം, പെന്‍ഷന്‍, പലിശ ഇനങ്ങളില്‍ 2005-06ല്‍ 12268.21 കോടിയാണ് ചെലവഴിച്ചിരുന്നത്. ആകെ റവന്യു ചെലവിന്റെ 73.07 ശതമാനമാണിത്. 2009-10ല്‍ ഇത് 19798.18 കോടിയായി; റവന്യു ചെലവിന്റെ 63.59 ശതമാനം.

2001-02ല്‍ 26950 കോടിയായിരുന്ന കടം 2009-10ല്‍ 70969 കോടിയായി ഉയര്‍ന്നു. 2001-02ല്‍ പൊതു കട തിരിച്ചടവ് 750.76 കോടയായിരുന്നു. 2009-10 ആയപ്പോഴേയ്ക്കും ഇത് 2405.68 കോടിയായി. അതേസമയം യു ഡി എഫ് ഭരണത്തിലിരുന്ന കാലയളവിലാണ് പൊതുകടത്തിന്റെ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായതെന്നും ധവളപത്രം പറയുന്നുണ്ട്. 2003-04ല്‍ വര്‍ധനയുടെ നിരക്ക് 20.58 ശതമാനത്തിലെത്തി. 2009-10ല്‍ 12.17 ശതമാനമാണ് വര്‍ധനയുടെ നിരക്ക്. 2004ല്‍ ആളോഹരി കടം 11478 രൂപയായിരുന്നു. 2008ല്‍ ഇത് 16074 രൂപയായി. 10018രൂപയാണ് ദേശീയ ശരാശരി.

കടക്കെണി വാദം അസംബന്ധമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കെ എം മാണിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് അദ്ദേഹം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ധവളപത്രമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെ ബദല്‍ ധവളപത്രം ഇന്ന് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്നും സാമ്പത്തിക ഭദ്രത സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടെന്ന് ധവളപത്രം തന്നെ സമ്മതിക്കുന്നുണ്ട്. സംസ്ഥാനം കടക്കെണിയിലാണെന്ന് പറയുന്നത് അസംബന്ധമാണ്. സംസ്ഥാനത്തിന്റെ കടം പ്രശ്‌നമാക്കേണ്ട സ്ഥിതിയിലുള്ളതാണെന്ന് ധവളപത്രം പോലും പറയുന്നില്ല. 5000 കോടിയുടെ ചെലവിന് പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ അത് ഈ വര്‍ഷത്തെ ബാധ്യതയായി കണക്കാക്കാന്‍ സാധിക്കില്ല. ഭാവിയില്‍ കൊടുക്കാനുള്ള പണം പെരുപ്പിച്ച് കാണിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത്. സാമ്പത്തിക ഭദ്രതയുടെ സാക്ഷ്യപത്രമാണ് ധവളപത്രം കാണിക്കുന്നത്. യു ഡി എഫിന്റെ കാലത്തെപ്പോലെ പദ്ധതി ചെലവുകള്‍ വെട്ടിക്കുറച്ച് കൊണ്ടല്ല ഈ സാമ്പത്തിക ഭദ്രത എല്‍ ഡി എഫ് നേടിയെടുത്തത്. യു ഡി എഫിന്റെ കാലത്തേതില്‍ നിന്നും ചെലവുകള്‍ കൂടിയെങ്കിലും കമ്മി വര്‍ധിച്ചിട്ടില്ല. റവന്യു വരുമാനം വര്‍ധിപ്പിച്ചതും നികുതി ചോര്‍ച്ച ഒഴിവാക്കാന്‍ കഴിഞ്ഞതുമാണ് ഇതിന് കാരണം.

ധവള പത്രത്തിനെ കെ എം മാണി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ധനസ്ഥിതിയുമായി വേണം താരതമ്യപ്പെടുത്താന്‍. ബാധ്യത വെളിപ്പെടുത്തുന്ന ധനമന്ത്രി ബാലന്‍സിനെക്കുറിച്ച് മാത്രം മിണ്ടുന്നില്ല. ഹൗസിംഗ് ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് വാചാലനാകുമ്പോള്‍ ബോര്‍ഡിന്റെ കൈവശമുള്ള സ്ഥലത്ത് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. മറ്റ് പദ്ധതികള്‍ക്കായി നല്‍കേണ്ട പണം ഇത്തരത്തില്‍ വകമാറ്റുകയാണ് ചെയ്യുന്നത്. സംസ്ഥാന സഹകരണ ബാങ്കിന് 350 കോടി നല്‍കാമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ യാതൊരു ഉറപ്പും നല്‍കിയിട്ടില്ല. മാന്ദ്യ വിരുദ്ധ പാക്കേജിനായി നിരുത്തരവാദപരമായി പണം ചെലവഴിച്ചു എന്ന് ആരോപിക്കുന്ന കെ എം മാണി സ്വന്തം മണ്ഡലത്തില്‍ റോഡുകള്‍ ലഭിച്ചപ്പോള്‍ അവയിലൊന്നുപോലും വേണ്ടെന്ന് പറഞ്ഞിട്ടില്ല. മാന്ദ്യ വിരുദ്ധ പാക്കേജിനെക്കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്ന ധനമന്ത്രി സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. മാന്ദ്യ കാലത്ത് ഉണര്‍വുണ്ടാക്കുന്നതിനായി നടപ്പാക്കേണ്ട പദ്ധതി സാധാരണ ചെലവാക്കേണ്ട തുക വകമാറ്റിയല്ല ചെലവാക്കേണ്ടത്. സംസ്ഥാനം സ്വീകരിച്ച ഈ മാര്‍ഗം റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍പ്പോലും ശ്ലാഘിക്കപ്പെട്ടിട്ടുള്ളതാണ്. സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് വേണം ഇത്തരം പ്രവൃത്തികള്‍ നടത്താന്‍. സംസ്ഥാനത്തിന്റെ ആസ്തി ബാധ്യതയെക്കുറിച്ചും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. 2005-06 കാലഘട്ടത്തെ 3.9 % ല്‍  നിന്നും ഇത് ഇപ്പോള്‍ രണ്ട് ശതമാനമായി താഴ്ന്നിട്ടുണ്ട്. റോഡ് വികസനത്തിനായി റോഡ് ഫണ്ട് ബോര്‍ഡ് പണം വായ്പയെടുത്ത് നടപ്പാക്കുമെന്നത് യു ഡി എഫ് കൊണ്ടുവന്ന നയമാണ്. ഇത് സംബന്ധിച്ച് ബില്‍ അവതരിപ്പിച്ചത് ഇപ്പോഴത്തെ പഞ്ചായത്ത് മന്ത്രിയായ എം കെ മുനീറാണ്. എന്നാല്‍ ഇത് പോലും അംഗാകരിക്കാന്‍ കെ എം മാണി തയ്യാറാകുന്നില്ല. 

ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഈ ധനമന്ത്രിയുടെ കയ്യില്‍ കേരളത്തിന്റെ ഭാവി ഒരിക്കലും ഭദ്രമായിരിക്കില്ല. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി പണം അധികമായി കണ്ടെത്തുന്ന ചുമതലയാണ് ധനമന്ത്രിമാര്‍ക്ക് ഉള്ളത്. ഇതിന് ധനമന്ത്രിമാര്‍ക്ക് സാധിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

janayugom 200711

1 comment:

  1. എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ ട്രഷറിയില്‍ 3881.94 കോടി രൂപ മിച്ചമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന, സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ധനമന്ത്രി കെ എം മാണി നിയമസഭയില്‍ വച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ ആസ്പദമാക്കി സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിക്കുന്ന ധവളപത്രത്തില്‍ പലയിടത്തും എല്‍ ഡി എഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള പാഴ്ശ്രമമാണ് മാണി നടത്തിയത്. ശമ്പള പരിഷ്‌കരണത്തിലൂടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള വിപണി ഇടപെടലിലൂടെയും അധിക ബാധ്യത മുന്‍ സര്‍ക്കാര്‍ വരുത്തിവച്ചതായി ധവളപത്രം കുറ്റപ്പെടുത്തുന്നു. മെച്ചമല്ലാത്ത സാമ്പത്തിക സ്ഥിതി തരണം ചെയ്യാന്‍ 'മുണ്ടു മുറുക്കിയുടുക്കേണ്ടതുണ്ടെ'ന്നും മാണിയുടെ ധവളപത്രം മുന്നറിയിപ്പു നല്‍കുന്നു.

    ReplyDelete