Wednesday, July 6, 2011

ഇന്റര്‍ചര്‍ച്ചില്‍ 50:50 ഫീസ് ഘടന നടപ്പാക്കണം

കോഴിക്കോട്: സ്വാശ്രയ കോളേജുകളില്‍ 50:50 ഫീസ് ഘടന നടപ്പാക്കാന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റ് തയ്യാറാകണമെന്ന് എംഇഎസ് സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സാമൂഹ്യനീതി ഉറപ്പാക്കാനും എല്ലാ മാനേജ്മെന്റുകള്‍ക്കും ഒരേതരത്തിലുള്ള കരാറുണ്ടാക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനം തുടരാന്‍ ഇതാവശ്യമാണ്. നൂറുശതമാനം സീറ്റിലും പ്രവേശനമെന്ന സമീപനം ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തിരുത്തണം. ഇക്കാര്യത്തില്‍ എംഇഎസ് മാനേജ്മെന്റ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. മാനേജ്മെന്റുകള്‍ നൂറുശതമാനം സീറ്റിലും മുമ്പ് പ്രവേശനം നടത്തിയിരുന്നുവെങ്കില്‍ തങ്ങള്‍ക്കൊക്കെ വൈദ്യപഠനം സ്വപ്നമാവുമായിരുന്നു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കി എംഇഎസ് മാനേജ്മെന്റ് പ്രത്യേക സഹായമൊരുക്കുന്നുണ്ട്. മാനേജ്മെന്റുകളുടെ തെറ്റായ നയത്തിനെതിരെ ഇതര സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് പ്രചാരണ- പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് അഫ്സല്‍ ലബ്ബ, വൈസ് ചെയര്‍പേഴ്സണ്‍ ഫാത്തിമാ വര്‍ധ, ജോസഫ് ജോയ്, മുഹമ്മദ് അഷ്റഫ്, എം സി ജ്യോതിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇനിയും സിബിഎസ്ഇ സ്കൂള്‍ അനുവദിക്കേണ്ടിവരും: മന്ത്രി

അണ്‍എയ്ഡഡ് സിബിഎസ്ഇ സ്കൂളുകള്‍ കേരളത്തില്‍ വ്യാപകമായി അനുവദിക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കാത്തതു മൂലമാണ് ഇത്തരത്തിലുള്ള സ്കൂളുകള്‍ക്ക് അനുമതി നല്‍കേണ്ട സ്ഥിതിവന്നതെന്ന് അധ്യാപക സംഘടനാ പ്രതിനിധികളുമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി. ദേശീയ- അന്തര്‍ദേശീയ നിലവാരത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും സിലബസുകളുടെ ബാഹുല്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സിലബസ് ഏകീകരിക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കാന്‍ ശ്രമിക്കും. ക്രിസ്മസ്- ഓണപ്പരീക്ഷകള്‍ തിരിച്ചുകൊണ്ടുവരും. മലബാര്‍ മേഖലയിലെ 178 സ്കൂളുകളില്‍ താല്‍ക്കാലികമായി അനുവദിച്ച മൂവായിരത്തോളം അധ്യാപകതസ്തിക അംഗീകരിക്കാന്‍ നടപടി സ്വീകരിക്കും. പത്താംക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തില്‍ മതനിന്ദയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമിച്ച ചരിത്രകാരന്മാരുടെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. പാഠപുസ്തകത്തില്‍നിന്ന് ഈ ഭാഗം മാറ്റാനുള്ള നടപടി സ്വീകരിക്കും. പുസ്തകം പരിശോധിച്ച ബാബുപോള്‍ ചരിത്രകാരനോ എന്ന ചോദ്യത്തിന് മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി. ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്മെന്റ്, എസ്എസ്എ, പരീക്ഷാഭവന്‍ തുടങ്ങി വിദ്യാഭ്യാസവകുപ്പിലെ വിവിധ വിഭാഗങ്ങള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി നാലരക്കോടി ചെലവിട്ട് വിദ്യാഭവന്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എം ശിവശങ്കര്‍ , ഡിപിഐ പി എം മുഹമ്മദ് ഹനീഷ്, ആര്‍ടിഇ കമീഷന്‍ ലിഡ ജേക്കബ്, ഐടി അറ്റ് സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, അധ്യാപക സംഘടനകളെ പ്രതിനിധാനംചെയ്ത് എം ഷാജഹാന്‍ , കെ എന്‍ സുകുമാരന്‍ (കെഎസ്ടിഎ), എന്‍ ശ്രീകുമാര്‍ , ശരത് ചന്ദ്രന്‍ (എകെഎസ്ടിയു), ജെ ശശി, സലാവുദീന്‍ (ജിഎസ്ടിയു), എ കെ സൈനുദീന്‍ , പി കെ മൂസ (കെഎസ്ടിയു), പി ഹരിഗോവിന്ദന്‍ , എ കെ അബ്ദുല്‍ സമദ് (കെപിഎസ്ടിയു) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 
deshabhimani 060711

1 comment:

  1. സ്വാശ്രയ കോളേജുകളില്‍ 50:50 ഫീസ് ഘടന നടപ്പാക്കാന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റ് തയ്യാറാകണമെന്ന് എംഇഎസ് സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സാമൂഹ്യനീതി ഉറപ്പാക്കാനും എല്ലാ മാനേജ്മെന്റുകള്‍ക്കും ഒരേതരത്തിലുള്ള കരാറുണ്ടാക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

    ReplyDelete