Tuesday, July 5, 2011

നിയമസഭയിലെ തര്‍ക്കം മാധ്യമപ്രചാരണം തെറ്റ്: ബാബു എം പാലിശേരി

തൃശൂര്‍ : ജൂണ്‍ 27, 28, 29 തീയതികളില്‍ കേരളത്തില്‍ നടന്ന ക്രൂരമായ വിദ്യാര്‍ഥി വേട്ടയ്ക്കെതിരെ നിയമസഭയില്‍ നടന്ന പ്രതിഷേധത്തെ ചില മാധ്യമങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ടു ചെയ്തതെന്ന് ബാബു എം പാലിശേരി എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. ഇതില്‍ കയറിപ്പിടിച്ചാണ് നിയമസഭയില്‍ താന്‍ മുഖ്യമന്ത്രിയെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകങ്ങള്‍ പ്രതിഷേധപ്രകടനം നടത്തുന്നത്.

29ന് നടന്ന കൊടിയ പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ മാവേലിക്കര എംഎല്‍എയും എസ്എഫ്ഐ നേതാവുമായ രാജേഷ് 30ന് സഭയിലുണ്ടായിരുന്നു. അടിയന്തര പ്രമേയാവതരണസമയത്ത് കോടിയേരി ബാലകൃഷ്ണന്‍ രാജേഷിന്റെ പരിക്കുകളെപ്പറ്റി പറഞ്ഞു. എന്നാല്‍ രാജേഷിനെ പൊലീസ് മര്‍ദിച്ചില്ലെന്നും സംരക്ഷിക്കുകയായിരുന്നുവെന്നും ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. ഇത് ഭരണകക്ഷി അംഗങ്ങള്‍ക്കുപോലും അസ്വസ്ഥതയുളവാക്കി. 30ന് രാത്രി സ്വകാര്യ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ എംഎല്‍എയും രാജേഷിന് പരിക്കേറ്റതായി സമ്മതിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അസത്യ പ്രതികരണം നിരവധി തവണയുണ്ടായപ്പോള്‍ രാജേഷിനെ മുന്‍നിരയില്‍ കൊണ്ടുവന്ന് പരിക്കുകള്‍ അദ്ദേഹത്തെ കാണിക്കുക മാത്രമാണ് താനുള്‍പ്പെടെയുള്ളവര്‍ ചെയ്തത്. ഇതിനെയാണ് മുഖ്യമന്ത്രിയെ ആക്രമിച്ചുവെന്ന് വ്യാഖ്യാനിച്ചത്. തുടര്‍ന്ന് സഭ ബഹളത്തില്‍ മുങ്ങുകയും നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഉന്തും തള്ളും ഇല്ലായെന്ന് മാത്രമല്ല, പരസ്പരം സ്പര്‍ശിക്കുകപോലും ചെയ്തിട്ടില്ലെന്നിരിക്കെ കൈയാങ്കളി നടന്നു എന്നാണ് വാര്‍ത്ത വന്നത്. സംയമനത്തിന്റെ എല്ലാ അതിരുകളും പാലിച്ചുകൊണ്ടുതന്നെ സത്യങ്ങള്‍ വിളിച്ചുപറയാനും ജനരോഷം ശക്തമായി പ്രകടിപ്പിക്കാനുമാണ് ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. കേരളത്തിന്റെ സംസ്കാരവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നത് ഇടതുപക്ഷം തന്നെയാണെന്നും ബാബു എം പാലിശേരി പറഞ്ഞു.

deshabhimani 050711

1 comment:

  1. ജൂണ്‍ 27, 28, 29 തീയതികളില്‍ കേരളത്തില്‍ നടന്ന ക്രൂരമായ വിദ്യാര്‍ഥി വേട്ടയ്ക്കെതിരെ നിയമസഭയില്‍ നടന്ന പ്രതിഷേധത്തെ ചില മാധ്യമങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ടു ചെയ്തതെന്ന് ബാബു എം പാലിശേരി എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete