Thursday, July 21, 2011

പി സി ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യം

കോട്ടയം: മന്ത്രി പി ജെ ജോസഫിനെതിരെ ഉയര്‍ന്ന എസ്എം എസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം വ്യാഴാഴ്ച്ച കോട്ടയത്ത് ചേരും. എതിര്‍ പാര്‍ടിയിലുള്ളവര്‍പോലും ചെയ്യാന്‍ മടിക്കാത്ത നിലയില്‍ ജോസഫിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് കരുനീക്കം നടത്തുന്നതായാണ് ആരോപണം. എസ്എസംഎസ് വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോര്‍ജിനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫ് എംഎല്‍എയും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാണി ഇക്കാര്യത്തില്‍ മനസ്സ്തുറന്നിട്ടില്ല.

ബജറ്റ് അവതരണത്തോടെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലായ പശ്ചാത്തലത്തില്‍ ഇത്തരം വിവാദങ്ങളെക്കുറിച്ച് പാര്‍ടിക്കുള്ളില്‍ ചര്‍ച്ചചെയ്യുന്നത് ഗുണമല്ലെന്നാണ് മാണി നല്‍കുന്ന സൂചന. ജോസഫും അനുയായികളും യോഗത്തില്‍ എത്രമാത്രം കര്‍ക്കശനിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മാണിയുടെ അന്തിമനിലപാട്. അന്വേഷണവും നടപടിയും വ്യാഴാഴ്ച്ചത്തെ യോഗത്തില്‍ തന്നെ ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

തെരഞ്ഞെടുപ്പിനുമുമ്പ് പി ജെ ജോസഫ് യുവതിക്ക് മൊബൈലില്‍ അശ്ലീല എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയെന്ന് കാണിച്ച് മുട്ടത്തെ തൊടുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ വന്ന കേസാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് തുടക്കം. യുവതി പരാതിയുമായി പോയതിനു പിന്നില്‍ പി സി ജോര്‍ജും അശ്ലീലവാരികയുടെ പത്രാധിപരുമാണെന്ന് ജോസഫ് അനുകൂലികള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കോടതിയില്‍ വന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാന്‍ സര്‍ക്കാരിന് ഇത്തരവാദിത്വമുണ്ടെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാട്. പാര്‍ടിതലത്തില്‍ അന്വേഷണം വേണമെന്ന് ജനറല്‍ സെക്രട്ടറികൂടിയായ മോന്‍സ് ജോസഫ് എംഎല്‍എയും ആവശ്യപ്പെട്ടു. പി ജെ ജോസഫിനെതിരെ മൊഴിനല്‍കിയ യുവതി റാന്നി സ്വദേശിയായ ജയ്മോന്‍ ലാലുവിനെതിരെയും പരാതിനല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു ഈ പരാതി. ഈ കേസില്‍ അറസ്റ്റിലായ ജയ്മോന്‍ മജിസ്ട്രേറ്റിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അന്വേഷണ ആവശ്യത്തിന് ബലമേകുന്നത്. "പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം നടത്താന്‍ പി സി ജോര്‍ജും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വാരികയുടെ പത്രാധിപരും പ്രേരിപ്പി"ച്ചതായാണ് ജയ്മോന്റെ മൊഴി.
(എസ് മനോജ്)

deshabhimani 210711

1 comment:

  1. മന്ത്രി പി ജെ ജോസഫിനെതിരെ ഉയര്‍ന്ന എസ്എം എസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം വ്യാഴാഴ്ച്ച കോട്ടയത്ത് ചേരും. എതിര്‍ പാര്‍ടിയിലുള്ളവര്‍പോലും ചെയ്യാന്‍ മടിക്കാത്ത നിലയില്‍ ജോസഫിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് കരുനീക്കം നടത്തുന്നതായാണ് ആരോപണം. എസ്എസംഎസ് വിവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോര്‍ജിനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫ് എംഎല്‍എയും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാണി ഇക്കാര്യത്തില്‍ മനസ്സ്തുറന്നിട്ടില്ല.

    ReplyDelete