Thursday, July 21, 2011

പദ്‌മനാഭക്ഷേത്രത്തിലെ നിധി: മുല്യം കണക്കാക്കാന്‍ അഞ്ചംഗ സമിതി

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയ നിധിയുടെ മൂല്യം കണക്കാക്കാന്‍ സുപ്രീംകോടതി വിദഗ്‌ധ സമിതിയെ നിയമിച്ചു. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പ്രായോഗിക നിര്‍ദേശം നല്‍കാനും സമിതിയോട്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

ദേശീയ മ്യൂസിയം ഡയറക്‌ടര്‍ ജനറലും ദേശീയ മ്യൂസിയം യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറുമായ സി വി ആനന്ദബോസ്‌ ആയിരിക്കും ഈ അഞ്ചംഗ സമിതിയുടെ അധ്യക്ഷന്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ നിയോഗിക്കുന്ന ഒരാളെയും സ്വത്തിന്റെ സുരക്ഷാകാര്യങ്ങള്‍ക്കായി റിസര്‍വ്‌ ബാങ്ക്‌ നിയോഗിക്കുന്ന ഒരാളെയും ക്ഷേത്രം എക്‌സിക്യൂട്ടീവ്‌ ഓഫീസറെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

അഞ്ചംഗ വിദഗ്‌ധ സമിതിക്ക്‌ ല്‍േനോട്ടത്തിനായി മൂന്നംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്‌. നിലവിലെ ഏഴംഗ സമിതി ചുരുക്കിയതാണ്‌ ഈ മൂന്നംഗ സമിതി. സുപ്രീംകോടതി നിരീക്ഷകനായി നിലവിലെ പരിശോധനകളില്‍ പങ്കെടുത്ത ജസ്റ്റിസ്‌ എം.എന്‍. കൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ ഈ സമിതിയും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധി, സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധി എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളാകും.

പരിശോധന വീഡിയോയില്‍ ചിത്രീകരിക്കുന്നതിന്‌ പുറമേ ചിത്രങ്ങളെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതിനായി സംസ്ഥാന പൊലീസില്‍ നിന്ന്‌ ക്ലിയറന്‍സ്‌ ലഭിച്ച വീഡിയോഗ്രാഫറുടെയും ഫോട്ടോഗ്രാഫറുടെയും സഹായം സ്വീകരിക്കണം. അമൂല്യസമ്പത്തിനെ പൗരാണിക പ്രാധാന്യമുള്ളവ, ക്ഷേത്രത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ളവ, പൗരാണിക പ്രാധാന്യമില്ലാത്തവ എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളായി തരംതിരിക്കണം.

അമൂല്യസമ്പത്ത്‌ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോയെന്ന കാര്യത്തിലടക്കമുള്ള വിഷയങ്ങളില്‍ വിദഗ്‌ധ സമിതി അഭിപ്രായം സമര്‍പ്പിക്കണമെന്നും കേസ്‌ പരിഗണിച്ച ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, എ കെ പട്‌നായിക്‌ എന്നിവരടങ്ങിയ ബെഞ്ച്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

janayugom news

1 comment:

  1. തിരുവനന്തപുരം ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ കണ്ടെത്തിയ നിധിയുടെ മൂല്യം കണക്കാക്കാന്‍ സുപ്രീംകോടതി വിദഗ്‌ധ സമിതിയെ നിയമിച്ചു. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പ്രായോഗിക നിര്‍ദേശം നല്‍കാനും സമിതിയോട്‌ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

    ReplyDelete