Monday, July 4, 2011

സംസ്ഥാനത്ത് മനുഷ്യരില്‍ മരുന്ന് പരീക്ഷണം വ്യാപകമാകുന്നു

തൃശൂര്‍: മരുന്നു കമ്പനികളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുന്നത് കേരളത്തില്‍ വ്യാപകമാകുന്നതായി കണ്ടെത്തല്‍. മരുന്നുകളുടെ  പരീക്ഷണങ്ങള്‍ സംബന്ധിച്ച് അന്തിമ ഉപദേശകരായ  ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മെഡിസിന്‍ റിസര്‍ച്ച്, മരുന്നുകളുടെ വിപണനത്തിനും ഉപയോഗത്തിനും അനുമതി നല്‍കുന്ന നാഷണല്‍ ഡ്രഗ്‌സ്  കംപ്‌ട്രോളര്‍  ജനറല്‍ എന്നിവരുടെയൊന്നും അനുമതി ഇല്ലാതെയാണ് മരുന്നുപരീക്ഷണം നടക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളിലും ഇത്തരം പരീക്ഷണങ്ങള്‍  നടക്കുന്നതായാണ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ജനനീതി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.  തൃശൂര്‍ ജില്ലയില്‍ മാത്രം 100ലധികം വൃക്കരോഗികളില്‍ മരുന്നു പരീക്ഷണങ്ങള്‍ നടന്നതായി കണ്ടെത്തിയതായി  ഡയറക്ടര്‍ അഡ്വ. ജോര്‍ജ് പുലിക്കുത്തിയില്‍ പറഞ്ഞു. അര്‍ബുദം, പ്രമേഹം, എയ്ഡ്‌സ്, വൃക്കരോഗം, വന്ധ്യത എന്നീവയ്ക്കുള്ള മരുന്നുകള്‍ക്കാണ് പ്രധാനമായും  പരീക്ഷണങ്ങള്‍ നടക്കുന്നത്. തൃശൂര്‍ ജില്ലയില്‍ നടന്ന ഇത്തരം പരീക്ഷണത്തിന് വിധേയരായ  വൃക്കരോഗികളില്‍ മൂന്നു പേര്‍ മരിച്ചതായും രണ്ടു പേര്‍ രോഗാവസ്ഥ ഗുരുതരമായി ജീവഛവമായി കഴിയുന്നതായും  അഡ്വ. പുലിക്കുത്തിയില്‍ പറയുന്നു. കേരളത്തില്‍ നിന്ന് ഉന്നതപഠനങ്ങള്‍ക്ക്  അന്യസംസ്ഥാനങ്ങളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ പണസമ്പാദനത്തിനായി മരുന്നു പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നതായി നേരത്തെതന്നെ  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സ്വകാര്യ ആശുപത്രികള്‍, പ്രസവാശുപത്രികള്‍, ഉന്നത ബിരുദ കോഴ്‌സുകളുള്ള സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, ഡോക്ടര്‍മാരുടെ ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, മാനസിക രോഗാശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം മരുന്നുപരീക്ഷണങ്ങള്‍ നടക്കുന്നതെന്നാണ് വിവരം. രോഗികളെ രോഗാവസ്ഥയില്‍ തന്നെ കാലങ്ങളോളം നിലനിര്‍ത്തിക്കൊണ്ടാണ് പരീക്ഷണം അരങ്ങേറുന്നതെന്ന് ചില സന്നദ്ധ സംഘടനകള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

രാജ്യത്തെ പല പ്രുമഖ മരുന്നു കമ്പനികളും ഡോക്ടര്‍മാരെ സ്വാധീനിച്ചും വലിയ പാരിതോഷികങ്ങള്‍ നല്‍കിയുമാണ് തങ്ങളടെ  മരുന്നുകള്‍ രോഗികളില്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത്. മരുന്നുകളെക്കുറിച്ച് സാധാരണ മനുഷ്യന്റെ  അജ്ഞതയും ഡോക്ടര്‍മാരോട് മറുത്തു പറയാനുള്ള ധൈര്യമില്ലായ്മയുമാണ് രോഗികളെ പരീക്ഷണവസ്തുവാക്കാനുള്ള അനുകൂലസാഹചര്യമൊരുക്കുന്നത്.  മരുന്നു കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് അനുമതി  ലഭിക്കുന്നതിനു മുമ്പ് അവയുടെ ഗുണനിലവാരവും ക്രിയാശേഷിയും കണ്ടെത്തുന്നതിനാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. മരുന്നിന്റെ കാര്യശേഷി ഫലപ്രദമാണെന്നു കണ്ടാലേ അനുമതിക്കായി അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. അതുവരെ രാസവസ്തുവെന്ന ഗണത്തില്‍ മാത്രമേ ഉല്‍പ്പന്നങ്ങളെ പെടുത്താന്‍ കഴിയുകയുള്ളൂ.

janayugom 040711

2 comments:

  1. മരുന്നു കമ്പനികളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുന്നത് കേരളത്തില്‍ വ്യാപകമാകുന്നതായി കണ്ടെത്തല്‍. മരുന്നുകളുടെ പരീക്ഷണങ്ങള്‍ സംബന്ധിച്ച് അന്തിമ ഉപദേശകരായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മെഡിസിന്‍ റിസര്‍ച്ച്, മരുന്നുകളുടെ വിപണനത്തിനും ഉപയോഗത്തിനും അനുമതി നല്‍കുന്ന നാഷണല്‍ ഡ്രഗ്‌സ് കംപ്‌ട്രോളര്‍ ജനറല്‍ എന്നിവരുടെയൊന്നും അനുമതി ഇല്ലാതെയാണ് മരുന്നുപരീക്ഷണം നടക്കുന്നത്.

    ReplyDelete
  2. ee marunnu company kare kondu thottu. avarkku engane enkilum cash undakkiyal mathi. paavapetta janagal chatha avarkku entha. adi kollan chendayum panam vangan marrarum enna avastha anu epol nammude nattil

    ReplyDelete