Thursday, July 21, 2011

ഹിലരി എത്തിയത് ആണവ കമ്പനികളുടെ ദല്ലാളായി

ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്റെ സന്ദര്‍ശനലക്ഷ്യം അമേരിക്കന്‍ ആണവലോബിയുടെ കച്ചവടതാല്‍പ്പര്യ സംരക്ഷണംമാത്രം. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന അമേരിക്കന്‍ കമ്പനികളെ കരകയറ്റുന്നതിന് ഇന്ത്യന്‍കമ്പോളം അവര്‍ക്കു മുമ്പില്‍ തുറന്നിടാന്‍ പ്രേരിപ്പിക്കുകയാണ് അമേരിക്കന്‍ താല്‍പ്പര്യമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ആണവകരാര്‍ ഒപ്പിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും 150 ബില്യണ്‍ ഡോളറിന്റെ ആണവ ഇടപാടിലേക്ക് കടന്നുവരാന്‍ അമേരിക്കന്‍ റിയാക്ടര്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക്കല്‍സിനും വെസ്റ്റിങ് ഹൗസിനും ഇനിയും കഴിഞ്ഞിട്ടില്ല. അതിന് പ്രധാനകാരണം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവദുരന്ത ബാധ്യതാ നിയമമാണ്. ഈ നിയമത്തിലെ 17(ബി) വകുപ്പനുസരിച്ച് ആണവദുരന്തമുണ്ടായാല്‍ ആണവനിലയ നടത്തിപ്പുകാര്‍ക്ക് റിയാക്ടര്‍ നല്‍കിയ കമ്പനികളില്‍നിന്ന് ആണവോര്‍ജ കോര്‍പറേഷന് നഷ്ടം ഈടാക്കാം. അമേരിക്കന്‍കമ്പനികള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന ഈ വ്യവസ്ഥ ഇന്ത്യന്‍ നിയമത്തില്‍നിന്ന് മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കുന്ന ആണവബാധ്യതാ നിയമത്തിലെ 46-ാം വകുപ്പിലും മാറ്റം വരുത്തണമെന്നാണ് ഹിലരിയുടെ മറ്റൊരു ആവശ്യം. ഭോപാല്‍ദുരന്തബാധിതര്‍ അമേരിക്കന്‍ കോടതിയില്‍ കേസ് നല്‍കിയതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ രണ്ടു വകുപ്പിലും ഭേദഗതി വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഉപനഷ്ടപരിഹാരചട്ടത്തോട് യോജിച്ചതാണോ ആണവബാധ്യതാ നിയമം എന്ന് പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അനുവദിക്കണമെന്ന ഹിലരിയുടെ ആവശ്യം. അമേരിക്കന്‍ കമ്പനികളെ രക്ഷിക്കുന്നതിന് അവര്‍തന്നെ മുന്നോട്ട് വയ്ക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് ഉപനഷ്ടപരിഹാരചട്ടം. ഈ ചട്ടത്തില്‍ അംഗമാകുന്ന രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു അന്താരാഷ്ട്ര നിധിയുണ്ടാക്കും. ആണവദുരന്തമുണ്ടായാല്‍ ഈ നിധിയില്‍നിന്ന് നഷ്ടപരിഹാരം നല്‍കുമെന്നാണ് വ്യവസ്ഥ. അതായത്, അപകടത്തിന് ഉത്തരവാദിയായ അമേരിക്കന്‍ കമ്പനികള്‍ നേരിട്ട് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നര്‍ഥം.

ആഭ്യന്തരസുരക്ഷാമേഖലയിലും ഭീകരവിരുദ്ധനീക്കത്തിലും അമേരിക്ക വാഗ്ദാനംചെയ്യുന്ന സഹകരണത്തിന്റെ പിന്നിലും കച്ചവടതാല്‍പ്പര്യമാണ്. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് നല്‍കാന്‍ തയ്യാറെണന്നാണ് സംയുക്ത പ്രസ്താവന പറയുന്നത്. ഈ ഉപകരണങ്ങളും മറ്റും നിര്‍മിക്കുന്ന റപിഷെന്‍ ടെക്നോളജി, ടെക്സ്ട്രെണ്‍ , ലോക്ഹീഡ് മാര്‍ടിന്‍ , നോര്‍ത്ത്കോര്‍പ്, മോട്ടറോള തുടങ്ങിയ കമ്പനികളാണ് ഈ വാഗ്ദാനത്തിനു പിന്നില്‍ . അവര്‍ നിര്‍മിക്കുന്ന ഉപകരണങ്ങളാണ് ഇന്ത്യക്ക് കൈമാറാന്‍ പോകുന്നത്. നിക്ഷേപരംഗത്ത് ഉദാരവല്‍ക്കരണമെന്ന ഹിലരിയുടെ ആവശ്യവും അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് യഥേഷ്ടം പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ്.
 (വി ബി പരമേശ്വരന്‍)

ഇന്ത്യയെ ചൈനയ്ക്കെതിരെ കുത്തിയിളക്കി ഹിലരി

ചെന്നൈ: തങ്ങള്‍ക്ക് പ്രധാന വെല്ലുവിളിയായ ചൈനയ്ക്കെതിരെ ഇന്ത്യയെ കുത്തിയിളക്കാന്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്റെ ശ്രമം. ഇന്ത്യ ദക്ഷിണേഷ്യയില്‍ ഒതുങ്ങി നില്‍ക്കാതെ കിഴക്കോട്ട് തിരിഞ്ഞ് ചൈനയുടെ സ്വാധീന മേഖലയായ തെക്കുകിഴക്കേഷ്യയിലേക്കും ചൈനയുടെ പടിഞ്ഞാറേ ഭാഗത്തുള്ള മധ്യേഷ്യയിലേക്കും ഇന്ത്യ സ്വാധീനം വ്യാപിപ്പിക്കണം എന്നാണ് സുഹൃദ്ഭാവത്തില്‍ ഹിലരിയുടെ ഉപദേശം. ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അവസരം പ്രയോജനപ്പെടുത്തി മേഖലയെ നയിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും ഹിലരി പറഞ്ഞു. ഇതിന് അമേരിക്കയുടെ എല്ലാവിധ പിന്തുണയും അവര്‍ ഉറപ്പു നല്‍കി. എല്ലാരംഗത്തും അമേരിക്കയ്ക്ക് പ്രധാന ഭീഷണിയായ ചൈന ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഹിലരിയുടെ ആഹ്വാനം.ചെന്നൈ അണ്ണാ ശതാബ്ദി ലൈബ്രറിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയും അമേരിക്കയും വ്യത്യസ്ത പശ്ചാത്തലമുള്ള രാജ്യങ്ങളാണ്. ഇവ തമ്മില്‍ അഭിപ്രായഭിന്നതകളും ഉണ്ടാകും. എന്നാല്‍ ,മുന്നിട്ടുനില്‍ക്കുന്നത് പരസ്പര ബന്ധമാണ്. ഇന്ത്യയുടെ വളര്‍ച്ചയെ ആഹ്ലാദത്തോടെയാണ് അമേരിക്ക കാണുന്നതെന്ന് ഹിലരി അവകാശപ്പെട്ടു. ഇന്ത്യന്‍ കമ്പോളങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നിടുന്നത് ഇന്ത്യയെയും ദക്ഷിണേഷ്യയെയും സമൃദ്ധിയിലേക്ക് നയിക്കും. ഭീകരപ്രവര്‍ത്തനം നേരിടുകയെന്നത് ഇന്ത്യയുടെയും അമേരിക്കയുടെയുടെയും പൊതുചുമതലയാണ്. കടല്‍ക്കൊള്ള നേരിടാന്‍ ഇരുരാജ്യവും ഒന്നിക്കണം. ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. സങ്കീര്‍ണമായ ആഗോള പ്രശ്നങ്ങളില്‍ ഇരുരാജ്യവും സജീവമായി ഇടപെടണം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഉഭയകക്ഷി ബന്ധമായി ഇന്ത്യ-അമേരിക്ക ബന്ധത്തെ നേരത്തെ പ്രസിഡന്റ് ബറാക് ഒബാമ നിര്‍വചിച്ചതും ഹിലരി ഓര്‍മിപ്പിച്ചു. ശ്രീലങ്കയിലെ എല്ലാ ജനങ്ങള്‍ക്കും തുല്യമായ അവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ഹിലരി കൂടിക്കാഴ്ച നടത്തി.

അമേരിക്കന്‍ ആവശ്യം തള്ളണം: സിപിഐ എം

ന്യൂഡല്‍ഹി: ആണവ ബാധ്യതാ ബില്‍ അന്താരാഷ്ട്ര ഉപനഷ്ടപരിഹാരചട്ടത്തിന് യോജിക്കുന്നതാകണം എന്ന അമേരിക്കയുടെ ആവശ്യം തള്ളിക്കളയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവ ബാധ്യതാബില്‍ പരിശോധിക്കാനുള്ള അവകാശം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (ഐഎഇഎ) ഇല്ലെന്നും അതിനാല്‍ ഇത് ഉപനഷ്ടപരിഹാരചട്ടത്തിന് യോജിക്കുന്നതാണെന്ന് ഉറപ്പുവരുത്തണമെന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടരി ഹിലരി ക്ലിന്റണിന്റെ ആവശ്യം അംഗീകരിക്കരുതെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആണവദുരന്ത ബാധ്യതാ ബില്‍ ദുര്‍ബലമാക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദത്തിന്റെ ഭാഗമാണ് ഈ ആവശ്യമെന്നും പിബി പറഞ്ഞു.

സിവില്‍ ആണവ ബാധ്യതാ നിയമം പാസാക്കി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമത്തിന്റെ ചട്ടങ്ങളും രൂപീകരിച്ചിട്ടില്ല. ഈ കാലതാമസം എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. അമേരിക്കന്‍ കമ്പനികളുടെ കച്ചവട താല്‍പ്പര്യം സംരക്ഷിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഈ ചാഞ്ചാട്ടത്തിന് കാരണം. ദുരന്തമുണ്ടായാല്‍ ബാധ്യത ഏറ്റെടുക്കാന്‍ ആണവക്കമ്പനികളെക്കൂടി നിര്‍ബന്ധിക്കുന്നതാണ് ഇന്ത്യന്‍ ആണവബാധ്യതാബില്‍ . ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കണം. അന്താരാഷ്ട്ര ചട്ടത്തേക്കാളും പ്രാമുഖ്യം ദേശീയ നിയമത്തിനായിരിക്കണം. ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഫുകുഷിമ ദുരന്തത്തിന് ശേഷം ആ നിലയത്തിന്റെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയല്ല, മറിച്ച് സര്‍ക്കാരാണ് നിലയം വൃത്തിയാക്കാനും പുനരധിവാസ പ്രവര്‍ത്തനത്തിനും കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചതെന്നും പിബി പ്രസ്താവന പറയുന്നു.

deshabhimani 210711

1 comment:

  1. അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റന്റെ സന്ദര്‍ശനലക്ഷ്യം അമേരിക്കന്‍ ആണവലോബിയുടെ കച്ചവടതാല്‍പ്പര്യ സംരക്ഷണംമാത്രം. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന അമേരിക്കന്‍ കമ്പനികളെ കരകയറ്റുന്നതിന് ഇന്ത്യന്‍കമ്പോളം അവര്‍ക്കു മുമ്പില്‍ തുറന്നിടാന്‍ പ്രേരിപ്പിക്കുകയാണ് അമേരിക്കന്‍ താല്‍പ്പര്യമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ആണവകരാര്‍ ഒപ്പിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും 150 ബില്യണ്‍ ഡോളറിന്റെ ആണവ ഇടപാടിലേക്ക് കടന്നുവരാന്‍ അമേരിക്കന്‍ റിയാക്ടര്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക്കല്‍സിനും വെസ്റ്റിങ് ഹൗസിനും ഇനിയും കഴിഞ്ഞിട്ടില്ല. അതിന് പ്രധാനകാരണം ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവദുരന്ത ബാധ്യതാ നിയമമാണ്. ഈ നിയമത്തിലെ 17(ബി) വകുപ്പനുസരിച്ച് ആണവദുരന്തമുണ്ടായാല്‍ ആണവനിലയ നടത്തിപ്പുകാര്‍ക്ക് റിയാക്ടര്‍ നല്‍കിയ കമ്പനികളില്‍നിന്ന് ആണവോര്‍ജ കോര്‍പറേഷന് നഷ്ടം ഈടാക്കാം. അമേരിക്കന്‍കമ്പനികള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന ഈ വ്യവസ്ഥ ഇന്ത്യന്‍ നിയമത്തില്‍നിന്ന് മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.

    ReplyDelete