Thursday, July 14, 2011

മുംബൈയില്‍ സ്ഫോടനം; രാജ്യം നടുങ്ങി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈ വീണ്ടും ഭീകരാക്രമണത്തില്‍ വിറച്ചു. ബുധനാഴ്ച സന്ധ്യക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലുണ്ടായ സ്ഫോടനപരമ്പരയില്‍ 21 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. മര്‍മപ്രധാന കേന്ദ്രങ്ങളായ ദാദര്‍ , സാവേരി ബസാര്‍ , ഓപ്പറ ഹൗസ് എന്നിവിടങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍ . ജോലി കഴിഞ്ഞ് ലക്ഷക്കണക്കിനാളുകള്‍ വീട്ടിലേക്ക് മടങ്ങുന്ന സമയമാണ് സ്ഫോടനത്തിന് ഭീകരര്‍ തെരഞ്ഞെടുത്തത്. 2008ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ചോരയുണങ്ങുംമുമ്പ് മുംബൈയിലുണ്ടായ സ്ഫോടനപരമ്പര രാജ്യത്തെയാകെ നടുക്കി. മഹാനഗരത്തില്‍ ഭീകരര്‍ ആസൂത്രണം ചെയ്ത ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ രഹസ്യാന്വേഷണവിഭാഗം ഒരിക്കല്‍കൂടി പരാജയപ്പെട്ടു.

ആദ്യസ്ഫോടനം 6.45ന് ദക്ഷിണ മുംബൈയില്‍ സ്വര്‍ണവ്യാപാരകേന്ദ്രമായ സാവേരി ബസാറിലെ ഷക്കീല്‍ മേമന്‍ സ്ട്രീറ്റിലായിരുന്നു. മുംബാദേവി ക്ഷേത്രത്തിനു സമീപം ബെസ്റ്റ് ബസ് സ്റ്റോപ്പിലെ വൈദ്യുതിമീറ്റര്‍ ബോക്സില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. രണ്ട് മിനിറ്റിനുശേഷം, ചര്‍ണി റോഡിലെ ഓപ്പറ ഹൗസില്‍ സ്ഫോടനം ഉണ്ടായി. മോട്ടോര്‍ബൈക്കില്‍ വച്ച ബോംബാണ് പൊട്ടിയത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ദാദറിലായിരുന്നു അടുത്ത സ്ഫോടനം. സബര്‍ബന്‍ റെയില്‍വേയുടെ ആസ്ഥാനം കൂടിയായ ദാദറില്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് സ്ഫോടനമുണ്ടായത്. ഇവിടെ കാറിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. എല്ലായിടത്തും മുന്‍കൂട്ടി സ്ഥാപിച്ചിരുന്ന ഉഗ്രശേഷിയുള്ള ഐഇഡി(ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കളാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു. ആസൂത്രിതമായ ഭീകരാക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്‍ഐഎ സംഘവും നൂറ് എന്‍എസ്ജി കമാന്‍ഡോകളും ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തി. സൈന്യത്തെയും നഗരത്തില്‍ വിന്യസിച്ചു. മുംബൈ പൊലീസിനൊപ്പം തീവ്രവാദവിരുദ്ധ സേനയും സ്ഫോടനം നടന്ന പ്രദേശം പരിശോധിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. പൊട്ടാത്ത ബോംബുകളുണ്ടെങ്കില്‍ അവ നീക്കംചെയ്യുന്നതിന് നഗരത്തിലാകെ വ്യാപകമായ പരിശോധന നടക്കുകയാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാനുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫോണില്‍ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രി പി ചിദംബരം ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തി. മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സുരക്ഷാക്രമീകരണം ശക്തമാക്കി. വിമാനത്താവളം, പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ , റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പൊലീസ് പരിശോധനയും കര്‍ശനമാക്കി. വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. രാജ്യാന്തര ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുള്ള ഇന്ത്യന്‍ മുജാഹിദീനാണ് സ്ഫോടനത്തിന് പിന്നിലെന്ന് മുംബൈ പൊലീസ് പറഞ്ഞു. ഇന്ത്യന്‍ മുജാഹിദീന്റെ രണ്ട് പ്രവര്‍ത്തകരെ ചൊവ്വാഴ്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

ആസൂത്രിത ഭീകരാക്രമണം: ചിദംബരം

ന്യൂഡല്‍ഹി: മുംബൈയിലെ സ്ഫോടനപരമ്പരയ്ക്കു പിന്നില്‍ ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മൂന്ന് സ്ഥലങ്ങളില്‍ ഏതാണ്ട് ഒരേ സമയത്താണ് സ്ഫോടനമെന്നും അതിനാല്‍ ഭീകരരുടെ ആസൂത്രണം വ്യക്തമാണെന്നും ആഭ്യന്തരമന്ത്രി പി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരണസംഖ്യ ഉയരാനിടയുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ മുംബൈയിലുണ്ട്. അവരോട് മുംബൈ പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍എസ്ജി സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

deshabhimani 140711

2 comments:

  1. രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈ വീണ്ടും ഭീകരാക്രമണത്തില്‍ വിറച്ചു. ബുധനാഴ്ച സന്ധ്യക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലുണ്ടായ സ്ഫോടനപരമ്പരയില്‍ 21 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. മര്‍മപ്രധാന കേന്ദ്രങ്ങളായ ദാദര്‍ , സാവേരി ബസാര്‍ , ഓപ്പറ ഹൗസ് എന്നിവിടങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍ . ജോലി കഴിഞ്ഞ് ലക്ഷക്കണക്കിനാളുകള്‍ വീട്ടിലേക്ക് മടങ്ങുന്ന സമയമാണ് സ്ഫോടനത്തിന് ഭീകരര്‍ തെരഞ്ഞെടുത്തത്. 2008ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ചോരയുണങ്ങുംമുമ്പ് മുംബൈയിലുണ്ടായ സ്ഫോടനപരമ്പര രാജ്യത്തെയാകെ നടുക്കി. മഹാനഗരത്തില്‍ ഭീകരര്‍ ആസൂത്രണം ചെയ്ത ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ രഹസ്യാന്വേഷണവിഭാഗം ഒരിക്കല്‍കൂടി പരാജയപ്പെട്ടു.

    ReplyDelete
  2. ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുന്ന തെമ്മടിക്കൂട്ടങ്ങളായി മാറിയിരിക്കുന്നു ഈ മതഭ്രാന്തന്മാര്‍.......
    ഭീകരരെ എല്ലാവരും വെറുക്കുമ്പോള്‍ അവരെ ന്യായീകരിക്കാനായി ഓരോ മത മേലാളന്മാര്‍ വരും......
    ഇവരെയെല്ലാം ചവിട്ടി പുറത്താക്കുകയാണ് ഇന്നത്തെ ആവശ്യം.......

    ReplyDelete