Thursday, July 21, 2011

പ്ലസ് ടു ബാച്ച്: കോടികളുടെ കച്ചവടം പൊടിപൊടിക്കുന്നു

പാലക്കാട്: എട്ട് ജില്ലകളില്‍ അധിക പ്ലസ്ടു ബാച്ച് അനുവദിക്കാനുളള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തിനു പിന്നില്‍ കോടികളുടെ കച്ചവടം. ഒരു വിദ്യാലയത്തില്‍ നിന്ന് 15 മുതല്‍ 25 ലക്ഷം വരെ വാങ്ങി പ്ലസ് ടു ബാച്ച് അനുവദിക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിനു മുന്‍ മുസ്‌ലിംലീഗ് മന്ത്രിയുടെ ബന്ധുവാണ് ചുക്കാന്‍ പിടിക്കുന്നത്. മലപ്പുറം ജില്ലക്കാരനായ ഇദ്ദേഹം ബംഗളൂരുവിലെ ബിസിനസ് പോലും മറ്റുളളവരെ ഏല്‍പ്പിച്ച് നാട്ടില്‍ തമ്പടിച്ചത് ഇതിനാണെന്നാണ് സൂചന. എല്‍ ഡി എഫ് ഭരിച്ചിരുന്ന അഞ്ചുവര്‍ഷം ബംഗളൂരുവിലായിരുന്ന ഇദ്ദേഹം അതിനുമുമ്പുളള യു ഡി എഫ് ഭരണകാലത്തും കേരളത്തില്‍ ക്യാമ്പ് ചെയ്തിരുന്നു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, ഇടുക്കി ജില്ലകളിലായാണ് 400 പ്ലസ്ടു ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. ഇതില്‍ നാലിലൊന്ന് മലപ്പുറം ജില്ലയിലാണ്. നാമമാത്രമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്നതൊഴിച്ചാല്‍ സ്വകാര്യമാനേജ്‌മെന്റുകളാണ് അധികബാച്ച് അനുവദിക്കുന്ന പട്ടികയിലുളളത്. ഒരു ബാച്ച് അനുവദിക്കാന്‍ ശരാശരി 20 ലക്ഷമെന്നാണ് ഇടനിലക്കാരുടെ തീരുമാനം. മാനേജ്‌മെന്റുകളുടെ കയ്യില്‍ നിന്ന് പണം വാങ്ങി തിരുവനന്തപുരത്തു തമ്പടിച്ച് അനുമതി വാങ്ങിക്കൊടുക്കാന്‍ ഒരു ലോബി തന്നെ രംഗത്തുണ്ട്. മുന്‍ വിദ്യാഭ്യാസമന്ത്രിയുടെ ബന്ധുവിനെ കൂടാതെ മന്ത്രിയായിരുന്ന കാലത്ത് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവരാണ് മറ്റു പ്രധാനികള്‍.

കണ്ണൂര്‍ ജില്ലയിലെ ഒരു സൊസൈറ്റിയുടെ കീഴിലുളള സ്‌കൂള്‍ മാനേജ്‌മെന്റ് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിനായി 20 ലക്ഷം രൂപ മുന്‍ വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന് കൈമാറിയതാണറിയുന്നത്. ഈ വ്യക്തിയാണ് കണ്ണൂര്‍ ജില്ലയിലെ മാനേജ്‌മെന്റുകള്‍ക്കു വേണ്ടി ഏജന്റായി പ്രവര്‍ത്തിക്കുന്നത്. ആദ്യ ലിസ്റ്റില്‍ പേരില്ലാത്ത കണ്ണൂരിലെ തന്നെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂളിനെ പട്ടികയില്‍പ്പെടുത്താന്‍ ഇയാളും കോണ്‍ഗ്രസ് നേതാവും ധാരണയായതായും അറിയുന്നു. ഈ  കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂളില്‍ പ്ലസ്ടു ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് അതേ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂള്‍ കെട്ടിടത്തിലാണ്. ഒമ്പതുവര്‍ഷമായി ഈ നിലയിലാണ് ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനിടയിലാണ് പുതിയ ബാച്ചിനുള്ള ശ്രമം.

ഒരു ബാച്ച് അധികമായി ലഭിച്ചാല്‍ നാല് തസ്തികകള്‍ ലഭിക്കുമെന്നതാണ് മാനേജുമെന്റുകളുടെ ലാഭം. 20 മുതല്‍ 25 വരെ ലക്ഷമാണ് നിയമനത്തിന് ഇപ്പോള്‍ മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്നത്. ഇതില്‍ ഒരു തസ്തികയുടെ തുകയാണ് ഇടനിലയായി ലീഗ് ലോബി ആവശ്യപ്പെടുന്നത്. ഇതിനു പുറമേയാണ് മാനേജ്‌മെന്റ് ക്വാട്ടയിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ലാഭം. കഴിഞ്ഞവര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ മലബാര്‍ മേഖലയില്‍ അനുവദിച്ച പ്ലസ്ടു ബാച്ചുകളില്‍ തന്നെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ ദുരിതമനുഭവിക്കുന്നതിനിടെ യാതൊരു മാനദണ്ഡവുമില്ലാതെ അധികബാച്ച് അനുവദിച്ച് കോടികള്‍ കൊയ്യാന്‍ ഭരണകക്ഷി തയ്യാറെടുക്കുന്നത്.

പ്ലസ്ടു ബാച്ചിനുളള അപേക്ഷ ക്ഷണിച്ച് എ ഇ ഒ മാരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ കോഴ്‌സ് അനുവദിച്ചിരുന്നത്. എന്നാല്‍ ഏതു മാനദണ്ഡമനുസരിച്ചാണ് പുതിയ ബാച്ച് എന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നിലവിലുളള സീറ്റുകളെക്കാള്‍ അധികം അപേക്ഷകരുളള വിദ്യാലയങ്ങളുടെ പട്ടിക ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.  ഈ പട്ടിക വിദഗ്ധപരിശോധന നടത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുളളത്. ഇവയില്‍ വേണ്ടത്ര സൗകര്യമുണ്ടോ എന്ന പരിശോധന നടത്തിയിട്ടില്ല. നിലവില്‍ പല എയ്ഡഡ് വിദ്യാലയങ്ങളും താല്‍ക്കാലിക ഷെഡിലോ ഹൈസ്‌കൂളുകളുടെ ഒഴിവുളള കെട്ടിടങ്ങളിലോ ആണ് ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ നടത്തുന്നത്. കോഴ്‌സ് അനുവദിച്ച് ഒരു വര്‍ഷത്തിനകം സ്ഥിരം കെട്ടിടമുള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശമെങ്കിലും ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറില്ല. അധികബാച്ചിന് അനുമതി ലഭിച്ച പല സ്‌കൂളുകളും നിലവിലുളള ബാച്ചിന് തന്നെ കെട്ടിടം ഒരുക്കാത്തവയാണ്.
(സുരേന്ദ്രന്‍ കുത്തനൂര്‍)

ജനയുഗം 210711

1 comment:

  1. എട്ട് ജില്ലകളില്‍ അധിക പ്ലസ്ടു ബാച്ച് അനുവദിക്കാനുളള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തിനു പിന്നില്‍ കോടികളുടെ കച്ചവടം. ഒരു വിദ്യാലയത്തില്‍ നിന്ന് 15 മുതല്‍ 25 ലക്ഷം വരെ വാങ്ങി പ്ലസ് ടു ബാച്ച് അനുവദിക്കാനുളള നീക്കമാണ് നടക്കുന്നത്. ഇതിനു മുന്‍ മുസ്‌ലിംലീഗ് മന്ത്രിയുടെ ബന്ധുവാണ് ചുക്കാന്‍ പിടിക്കുന്നത്. മലപ്പുറം ജില്ലക്കാരനായ ഇദ്ദേഹം ബംഗളൂരുവിലെ ബിസിനസ് പോലും മറ്റുളളവരെ ഏല്‍പ്പിച്ച് നാട്ടില്‍ തമ്പടിച്ചത് ഇതിനാണെന്നാണ് സൂചന. എല്‍ ഡി എഫ് ഭരിച്ചിരുന്ന അഞ്ചുവര്‍ഷം ബംഗളൂരുവിലായിരുന്ന ഇദ്ദേഹം അതിനുമുമ്പുളള യു ഡി എഫ് ഭരണകാലത്തും കേരളത്തില്‍ ക്യാമ്പ് ചെയ്തിരുന്നു.

    ReplyDelete