Thursday, July 21, 2011

പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം: ജില്ലാ ജഡ്ജിയുടെ പട്ടിക അട്ടിമറിക്കാന്‍ റവന്യുമന്ത്രിയും

കോട്ടയം: ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ജില്ലാ ജഡ്ജി തയ്യാറാക്കിയ ലിസ്റ്റില്‍ അനര്‍ഹരെ തിരുകിക്കയറ്റാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യു മന്ത്രിയുടെ നിര്‍ദേശം. ഇതോടൊപ്പം നിയമനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരും ശക്തമായി. ഇന്ന് അന്തിമ ലിസ്റ്റ് സമര്‍പ്പിക്കാനിരിക്കെയാണ് ഗ്രൂപ്പ് വഴക്ക് ശക്തമായിരിക്കുന്നത്.

പ്രോസിക്യൂട്ടര്‍ നിയമനത്തിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ജില്ലാ ജഡ്ജി കെ പി പ്രസന്നകുമാരി പട്ടിക തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നു. നിലവില്‍ എട്ട് ഒഴിവുകളാണ് ജില്ലയിലുള്ളത്. ഇതനുസരിച്ച് അപേക്ഷ ക്ഷണിച്ചപ്പോള്‍ 134 അപേക്ഷകരാണ് ഉണ്ടായിരുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ 32 പേരുടെ ഷോര്‍ട്‌ലിസ്റ്റ് തയ്യാറാക്കി ജഡ്ജി ജില്ലാ കലക്ടര്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൈമാറിയിരുന്നു. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പൊലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണ്.
ഇതിനിടയിലാണ് കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഒത്താശയോടെ ലിസ്റ്റില്‍ കടന്നുകയറാന്‍ ചിലര്‍ ശ്രമം നടത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ച കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനും കോട്ടയം മണ്ഡലത്തിലെ ഒരു പഞ്ചായത്തിലെ മുന്‍ പ്രസിഡന്റുകൂടിയായ അഭിഭാഷകനും  ജില്ലാ ജഡ്ജിയുടെ ലിസ്റ്റില്‍ കടന്നുകൂടാനായിരുന്നില്ല. ഒപ്പം പിന്നോക്ക വിഭാഗത്തില്‍ പെട്ട ഒരാളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനും ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലിസ്റ്റില്‍ കടന്നുകൂടാന്‍ സാധിക്കാതെ വന്നപ്പോള്‍ ജില്ലാ ജഡ്ജി സമര്‍പ്പിച്ച ലിസ്റ്റ് അട്ടിമറിക്കാനാണ് പുതിയ ശ്രമം. ഇവരും ആദ്യലിസ്റ്റില്‍ ഉള്‍പെടാത്ത ചിലരും ചേര്‍ന്ന് റവന്യൂമന്ത്രിയുടെ അടുത്ത് പരാതിയുമായി എത്തി. ഒപ്പം മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും കൂടി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി ഇവരെ കൂടി ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി കലക്ടറോട് നിര്‍ദേശിക്കുകയായിരുന്നു. കലക്ടറെ നേരില്‍ ഫോണില്‍ വിളിച്ചാണ് പുതിയ ലിസ്റ്റ് ഇന്ന് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് കലക്ടര്‍ തയ്യാറാക്കിയ പുതിയ ലിസ്റ്റ് ഇന്ന് സമര്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇതിനിടയില്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കലക്ടറുടെ ലിസ്റ്റ് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അടുത്ത് നേരിട്ട് പരാതിയുമായി എത്തി. ലിസ്റ്റ് അട്ടിമറിക്കരുതെന്ന ആവശ്യവുമായി ഇവര്‍ നിയമനടപടികള്‍ സ്വീകരിക്കാനും ഒരുങ്ങുന്നുണ്ട്. ഇരുകൂട്ടരും പരസ്പരം ആരോപണവും പ്രത്യാരോപണവുമായി രംഗത്തെത്തിയപ്പോള്‍ ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം പ്രതിസന്ധിയിലാവുന്ന അവസ്ഥയിലാണ്. എന്നാല്‍ ലിസ്റ്റില്‍ യു ഡി എഫ് ഘടകകക്ഷികള്‍ക്ക് കൃത്യമായി വീതംവയ്പ് നടത്തിയിരുന്നു. ഗ്രൂപ്പ് കളി ശക്തമായാല്‍ കാര്യമായ അന്വേഷണം നടത്താതെ യോഗ്യതയില്ലാത്തവരെ പോലും നിയമനം നടത്തേണ്ട സമ്മര്‍ദത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
 (സരിത കൃഷ്ണന്‍)

janayugom 210711

1 comment:

  1. ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ജില്ലാ ജഡ്ജി തയ്യാറാക്കിയ ലിസ്റ്റില്‍ അനര്‍ഹരെ തിരുകിക്കയറ്റാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യു മന്ത്രിയുടെ നിര്‍ദേശം. ഇതോടൊപ്പം നിയമനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരും ശക്തമായി. ഇന്ന് അന്തിമ ലിസ്റ്റ് സമര്‍പ്പിക്കാനിരിക്കെയാണ് ഗ്രൂപ്പ് വഴക്ക് ശക്തമായിരിക്കുന്നത്.

    ReplyDelete