Friday, July 22, 2011

സ്വാശ്രയ എന്‍ജി. മെറിറ്റില്‍ കാല്‍ലക്ഷം ഫീസ് കൂട്ടി

സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ മെറിറ്റ് സീറ്റില്‍ കാല്‍ലക്ഷം രൂപ ഫീസ് കൂട്ടിനല്‍കി മാനേജ്മെന്റുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു. മാനേജ്മെന്റുകള്‍ക്ക് 30 കോടി രൂപയുടെ അധിക കൊള്ളയ്ക്ക് അവസരമുണ്ടാക്കുന്ന കരാറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസും മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ യൂനുസ്കുഞ്ഞ്, സെക്രട്ടറി ടി എ വിജയന്‍ എന്നിവരുമാണ് ഒപ്പിട്ടത്. അസോസിയേഷനു കീഴിലുള്ള 75 കോളേജിലെ പ്രവേശനം ഇതനുസരിച്ച് നടക്കും. കാത്തലിക് മാനേജ്മെന്റ് ഫെഡറേഷനു കീഴിലുള്ള 11 കോളേജ് സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ടില്ല.

കരാര്‍പ്രകാരം സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് പ്രവേശനം നല്‍കും. മെറിറ്റ് സീറ്റില്‍ 15 ശതമാനം കമ്യൂണിറ്റി ക്വോട്ടയില്‍നിന്നാകും. സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികളില്‍നിന്നും കഴിഞ്ഞവര്‍ഷത്തെ ഫീസായി 35,000 രൂപയ്ക്കു പുറമെ 25,000 രൂപ സ്പെഷ്യല്‍ ഫീസ് എന്ന പേരില്‍ ഈടാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പകുതിപേര്‍ക്ക് പിന്നീട് മാനേജ്മെന്റുകള്‍ 25,000 രൂപ സ്കോളര്‍ഷിപ്പായി നല്‍കുമെന്ന് കരാറില്‍ പറയുന്നുണ്ടെങ്കിലും കാശ് തിരിച്ചുകിട്ടാനിടയില്ല. നിശ്ചിത സീറ്റിനു പുറമെ ഓരോ ബാച്ചിലും മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യപ്രവേശനം നല്‍കാന്‍ എഐസിടിഇ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

കരാര്‍ ഒപ്പുവച്ച 75 കോളേജിലായി ഏകദേശം 12,000 സീറ്റുണ്ട്. ഈ 12,000 കുട്ടികളില്‍നിന്ന് 25,000 രൂപ അധികം ഈടാക്കുന്നതോടെ മാനേജ്മെന്റുകള്‍ക്ക് 30 കോടി രൂപയാണ് അധികമായി ലഭിക്കുന്നത്. ഇനി പകുതി പേര്‍ക്ക് കാശ് തിരിച്ചുനല്‍കിയാല്‍പ്പോലും 15 കോടിയുടെ കൊള്ളയാണ് നടക്കാന്‍ പോകുന്നത്. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കി എന്‍ജിനിയറിങ് മാനേജ്മെന്റുമായി കരാര്‍ ഒപ്പിട്ട സര്‍ക്കാര്‍ മെഡിക്കല്‍ മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിടുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഗവ. മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടി തുടങ്ങിയിട്ടും സ്വാശ്രയകോളേജുകളില്‍ അനിശ്ചിത്വം തുടരുകയാണ്. കുറഞ്ഞ ഫീസില്‍ പ്രവേശനത്തിന് തയ്യാറായ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തിങ്കളാഴ്ച കരാറില്‍ ഒപ്പിടാന്‍ എത്തിയെങ്കിലും മന്ത്രിമാര്‍ ഒന്നും പറയാതെ അവരെ തിരിച്ചയച്ചു. സര്‍ക്കാരുമായി ധാരണയുണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനില്‍ അംഗമായ കാരക്കോണം കോളേജ് ഇതില്‍നിന്നു പിന്മാറി. എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഫീസ് കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മെഡിക്കല്‍ മാനേജ്മെന്റുകളും ആ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കരാര്‍ ഒപ്പിടാതെ ഇതിനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള മെഡിക്കല്‍ കോളേജുകളുമായുള്ള ചര്‍ച്ചയും വഴിമുട്ടി നില്‍ക്കുകയാണ്.

deshabhimani 220711

1 comment:

  1. സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ മെറിറ്റ് സീറ്റില്‍ കാല്‍ലക്ഷം രൂപ ഫീസ് കൂട്ടിനല്‍കി മാനേജ്മെന്റുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു. മാനേജ്മെന്റുകള്‍ക്ക് 30 കോടി രൂപയുടെ അധിക കൊള്ളയ്ക്ക് അവസരമുണ്ടാക്കുന്ന കരാറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസും മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ യൂനുസ്കുഞ്ഞ്, സെക്രട്ടറി ടി എ വിജയന്‍ എന്നിവരുമാണ് ഒപ്പിട്ടത്. അസോസിയേഷനു കീഴിലുള്ള 75 കോളേജിലെ പ്രവേശനം ഇതനുസരിച്ച് നടക്കും. കാത്തലിക് മാനേജ്മെന്റ് ഫെഡറേഷനു കീഴിലുള്ള 11 കോളേജ് സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ടില്ല.

    ReplyDelete