Friday, July 22, 2011

ലോക്പാല്‍ : കോണ്‍ഗ്രസ് ശ്രമം പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ - പിണറായി

അഴിമതിക്കേസുകളില്‍ സംശയവൃത്തത്തിലായ പ്രധാനമന്ത്രിയെയും ഓഫീസിനെയും രക്ഷിക്കാനാണ് കോണ്‍ഗ്രസ് ലോക്പാല്‍ ബില്ലില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനും വിലക്കയറ്റത്തിനുമെതിരായ രാജ്യവ്യാപാക പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സംഘടിപ്പിച്ച തിരുവനന്തപുരം ജനറല്‍ പോസ്റ്റ്ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം അഴിമതിയുടെ കൂത്തരങ്ങായി മാറി. 1989ല്‍ വി പി സിങ് പ്രധാനമന്ത്രിയായിരിക്കെ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. ഒടുവില്‍ പ്രണബ് മുഖര്‍ജി അധ്യക്ഷനായ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ച കരടിലും പ്രധാനമന്ത്രി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ , പിന്നീട് ബില്ലിന്റെ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയെ പരിധിയില്‍ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്‍ എത്രയുംവേഗം അംഗീകരിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ലോക്പാല്‍ എല്ലാറ്റിനും മുകളിലുള്ള സംവിധാനമാകണമെന്ന ചിലരുടെ നിലപാടിനോട് യോജിപ്പില്ല. ജുഡീഷ്യറിയിലെ കുഴപ്പം പരിശോധിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം. തെരഞ്ഞെടുപ്പുപ്രക്രിയ സമൂലമായി പരിഷ്കരിക്കാന്‍ നടപടിയുണ്ടാകണം.

1.76 ലക്ഷം കോടിരൂപയുടെ 2ജി സ്പെക്ട്രം അഴിമതിയില്‍ മുന്‍ മന്ത്രിയും പാര്‍ലമെന്റ് അംഗവും ജയിലിലായെങ്കിലും ഇതിന്റെ സൗകര്യം കിട്ടിയ വന്‍ കോര്‍പറേറ്റുകള്‍ ഇന്നും അവ അനുഭവിക്കുകയാണ്. ഇവരെ പിടികൂടാനോ സൗകര്യങ്ങള്‍ തിരിച്ചുപിടിക്കാനോ നടപടിയില്ല. സ്പെക്ട്രം അനുവദിക്കുന്നതില്‍ മന്ത്രി തെറ്റായ മാര്‍ഗം സ്വീകരിക്കുന്നെന്നു മനസ്സിലായിട്ടും പ്രധാനമന്ത്രിയോ ഓഫീസോ തടഞ്ഞില്ല. സുപ്രീംകോടതി ചൂണ്ടിക്കാട്ടിയപോലെ പ്രധാനമന്ത്രി ബോധപൂര്‍വമായ മൗനംപാലിക്കുകയായിരുന്നു. ഐടിമന്ത്രിയായിരിക്കെ ദയാനിധി മാരന്‍ വിദേശകമ്പനിയെ വഴിവിട്ട് സഹായിച്ച് 800 കോടി രൂപയുടെ അഴിമതി നടത്തി.

ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍ ചവാനെ ബലിയാടാക്കി രക്ഷപ്പെടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മഹാരാഷ്ട്രയിലെ നാല് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ട്. ഇവരില്‍ മൂന്നുപേരും കേന്ദ്രമന്ത്രിമാരാണ്. അവര്‍ക്കെതിരെയും നടപടിയില്ല. കോമണ്‍വെല്‍ത്ത് അഴിമതിയിലും കോണ്‍ഗ്രസ് ഇതേ നിലപാടിലാണ്. സുരേഷ് കല്‍മാഡിയെ ബലിയാടാക്കി ഡല്‍ഹി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കായികമന്ത്രാലയത്തെയും രക്ഷിക്കാനാണ് ശ്രമം. രാജ്യത്ത് 20 ലക്ഷം കോടിയുടെ കള്ളപ്പണം ഉണ്ടെന്നാണ് കണക്ക്. ജര്‍മനിയിലെ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 26 പേരുടെ പേര് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കിയില്ല. ഇവരുടെ പേര് പുറത്താകുന്നത് കോണ്‍ഗ്രസിന് ദോഷംചെയ്യുമെന്നതിനാലാണത്. കള്ളപ്പണം കണ്ടെത്താനുള്ള കേന്ദ്രസംവിധാനത്തില്‍ സുപ്രീംകോടതി നിര്‍ദേശിക്കുന്ന മൂന്നുപേരെക്കൂടി ഉള്‍പ്പെടുത്താമെന്നു സമ്മതിച്ച കേന്ദ്ര അറ്റോര്‍ണി ജനറല്‍ ഇന്ന് ആ പദവിയിലില്ലെന്നും പിണറായി പറഞ്ഞു.

deshabhimani 220711

1 comment:

  1. അഴിമതിക്കേസുകളില്‍ സംശയവൃത്തത്തിലായ പ്രധാനമന്ത്രിയെയും ഓഫീസിനെയും രക്ഷിക്കാനാണ് കോണ്‍ഗ്രസ് ലോക്പാല്‍ ബില്ലില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിക്കും കള്ളപ്പണത്തിനും വിലക്കയറ്റത്തിനുമെതിരായ രാജ്യവ്യാപാക പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സംഘടിപ്പിച്ച തിരുവനന്തപുരം ജനറല്‍ പോസ്റ്റ്ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete