Friday, July 22, 2011

യുഡിഎഫ് മന്ത്രിസഭ നിലനില്‍ക്കുന്നത് കള്ളവോട്ടിന്റെ ബലത്തില്‍ : കോടിയേരി

ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് മന്ത്രിസഭ നില്‍ക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കള്ളവോട്ടും സ്പീക്കറുടെ സഹായവും ഇല്ലെങ്കില്‍ ഇതും നടക്കില്ലായിരുന്നു. കേരള നിയമസഭയില്‍ ആദ്യമായാണ് കള്ളവോട്ട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ എല്‍ഡിഎഫ് കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

പ്രധാനമന്ത്രിയും ലോക്പാല്‍നിയമത്തിന്റെ പരിധിയില്‍ വരണം. 1991ല്‍ കേരളത്തില്‍ നായനാര്‍സര്‍ക്കാര്‍ നടപ്പാക്കിയ ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയെയും ഉള്‍പ്പെടുത്തിയിരുന്നു. അണ്ണാ ഹസാരെയ്ക്കോ രാംദേവിനോ പരിഹരിക്കാവുന്ന പ്രശ്നമല്ല അഴിമതി. ജനകീയമുന്നേറ്റത്തിലൂടെമാത്രമേ അഴിമതിവിരുദ്ധപ്രക്ഷോഭം യാഥാര്‍ഥ്യമാക്കാന്‍ കഴിയൂവെന്ന് കോടിയേരി പറഞ്ഞു. 2ജി സ്പെക്ട്രം അഴിമതി ചൂണ്ടിക്കാണിച്ചിട്ടും പ്രധാനമന്ത്രി നടപടി സ്വീകരിച്ചില്ല. സുപ്രീംകോടതി ഇടപെട്ടാണ് അന്വേഷണം ആരംഭിച്ചത്. കേന്ദ്രമന്ത്രി എ രാജയും കനിമൊഴി എംപിയും തിഹാര്‍ ജയിലിലായി. കോമണ്‍വെല്‍ത്ത് കുംഭകോണത്തില്‍ സുരേഷ് കല്‍മാഡിയും അകത്തായി. ഐപിഎല്‍ കുംഭകോണത്തില്‍പ്പെട്ട് ശശി തരൂരിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. പ്രധാനമന്ത്രിയുടെ കീഴിലുള്ള സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ സ്പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനും തിഹാര്‍ ജയിലിലേക്ക് പോകേണ്ടിവരും. അതിര്‍ത്തിയില്‍ പോരാട്ടത്തിനിടെ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിനെന്നപേരില്‍ നിര്‍മിച്ച മുംബൈയിലെ ആദര്‍ശ് ഫ്ളാറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തു. ആദര്‍ശധീരന്‍ എ കെ ആന്റണിയുടെ വകുപ്പിലാണ് ഈ കുംഭകോണം നടന്നത്. ജുഡീഷ്യറിക്കെതിരെയും വ്യാപക ആക്ഷേപമാണ് വരുന്നത്. ജഡ്ജിമാരെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയമിക്കണമെന്നും കോടിയേരി പറഞ്ഞു.

deshabhimani 220711

1 comment:

  1. ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് മന്ത്രിസഭ നില്‍ക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കള്ളവോട്ടും സ്പീക്കറുടെ സഹായവും ഇല്ലെങ്കില്‍ ഇതും നടക്കില്ലായിരുന്നു. കേരള നിയമസഭയില്‍ ആദ്യമായാണ് കള്ളവോട്ട് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ എല്‍ഡിഎഫ് കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

    ReplyDelete