Wednesday, July 13, 2011

പാവപ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കുക

ജീവിതച്ചെലവ് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ എല്ലാ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറി ജനങ്ങളെ വിധിക്ക് വിടുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനങ്ങളുടെ മേല്‍ ജീവിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന് അത് പരിഹരിക്കാനുള്ള ബാധ്യതയില്‍നിന്ന് രക്ഷപ്പെടാനാകില്ല. ദരിദ്രരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന രാജ്യത്ത് സബ്സിഡികള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. ഭക്ഷ്യ-ഇന്ധന സബ്സിഡികള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രം വന്‍കിടക്കാര്‍ക്ക് ചെയ്തുകൊടുക്കുന്ന സൗജന്യങ്ങള്‍ ആരും കാണുന്നില്ലെന്ന ഒട്ടകപ്പക്ഷിനയം സ്വീകരിക്കരുത്.

വന്‍കിട കമ്പനിക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളും ഭക്ഷ്യധാന്യങ്ങളും സ്വകാര്യ മുതലാളിമാരുടെ ഊഹക്കച്ചവടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. കേരളത്തിലാകട്ടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയായി അതിവേഗം മാറുകയുംചെയ്തു. ലോകത്തിനുതന്നെ മാതൃകയായ പാര്‍പ്പിടപദ്ധതിയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഇ എം എസ് ഭവന പദ്ധതി. മുതലാളിത്തലോകത്തിന് സ്വപ്നം കാണാന്‍പോലും കഴിയാത്ത സാമൂഹ്യനേട്ടം. ഡോ. എ അച്യുതന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കണക്കനുസരിച്ച് ഏതാണ്ട് 8 ലക്ഷം ഭവനരഹിതരാണ് കേരളത്തിലുള്ളത്. അവരില്‍ 6 ലക്ഷത്തോളം പേര്‍ക്ക് ഒന്നാമതായും പിന്നീട് തുടര്‍ച്ചയായി മുഴുവന്‍ പേര്‍ക്കും പാര്‍പ്പിടലഭ്യത ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. പട്ടികവര്‍ഗ വിഭാഗം-1.25 ലക്ഷം രൂപ, പട്ടികജാതി-ഒരു ലക്ഷം രൂപ, പൊതുവിഭാഗം-75,000 രൂപ എന്നിങ്ങനെ ദരിദ്ര ജനവിഭാഗത്തിന് വീടുവയ്ക്കാന്‍ ധനസഹായം നല്‍കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഭവന നിര്‍മാണം ആരംഭിക്കുകയുംചെയ്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നാലര ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഒന്നരലക്ഷം വീടുകളുടെ നിര്‍മാണം പകുതി വഴിയിലാണ്. എം എന്‍ ലക്ഷംവീട് നവീകരണത്തിനായി ഇരട്ട വീടുകള്‍ പൊളിക്കുകയും ഒറ്റ വീടുകളാക്കാന്‍ നിര്‍മാണം ആരംഭിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. അപ്പോഴാണ് യുഡിഎഫ് പദ്ധതികള്‍ നിര്‍ത്തലാക്കിയത്. സാഫല്യം എന്ന പേരില്‍ മറ്റൊരു പദ്ധതി തുടങ്ങുമെന്ന് പറയുന്നത് രാഷ്ട്രീയ തട്ടിപ്പാണ്. കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കവും യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായ മാതൃകാപരമായ സ്ത്രീകൂട്ടായ്മയാണ് കുടുംബശ്രീ സംവിധാനം. ജനാധിപത്യത്തിന്റെയും അധികാരവികേന്ദ്രീകരണത്തിന്റെയും ജനങ്ങളിലേക്കുള്ള പ്രവേശന കവാടമായി കുടുംബശ്രീ മാറിയിട്ടുണ്ട്. വിവിധ ക്ഷേമ പദ്ധതികളുടെ നടത്തിപ്പുമായി കുടുംബശ്രീക്ക് ബന്ധമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ പരിഗണനയാണ് കുടുംബശ്രീക്ക് നല്‍കിയത്. ബാങ്ക് ലിങ്കേജ് സാധ്യമാക്കിക്കൊണ്ട് വായ്പയുടെ നാല് ശതമാനം പലിശ സര്‍ക്കാര്‍തന്നെ അടയ്ക്കുന്നതിനുള്ള തീരുമാനമുണ്ടായി. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. ഓരോ വര്‍ഷവും ബജറ്റില്‍ കുടുംബശ്രീക്കായി തുക വകയിരുത്തി. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ ജനശ്രീയെന്ന സ്വകാര്യ സംരംഭത്തെ പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീയെ തഴയുകയാണ്. സര്‍ക്കാരിന്റെ പണം ഒരു പ്രതിബദ്ധതയുമില്ലാതെ സ്വകാര്യ സ്വാശ്രയ സംഘങ്ങളിലേക്ക് ഒഴുകിയാല്‍ ഉണ്ടാകുന്ന അവസ്ഥ പറയേണ്ടതില്ലല്ലോ.

പാചകവാതകവില വര്‍ധിപ്പിക്കുകയും സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്തു. ഒപ്പം മണ്ണെണ്ണ റേഷന്‍ പകുതിയാക്കുകയും വില ഇരട്ടിയാക്കുകയുംചെയ്തു. ജനങ്ങള്‍ക്ക് ലഭ്യമാകുന്ന തുച്ഛമായ ഭക്ഷണം പാകംചെയ്ത് കഴിക്കാനുള്ള അവസരവും യുപിഎ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് ഭക്ഷ്യധാന്യക്കച്ചവടം കുത്തകകള്‍ക്ക് തീറെഴുതാനുള്ള യുപിഎ നീക്കം അപലപനീയമാണ്. രാജ്യത്തിന്റെ മുക്കാല്‍പങ്ക് ജനതയും വേണ്ടത്ര ആഹാരമില്ലാതെ വലയുമ്പോള്‍ 38 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കയറ്റി അയച്ചു. കോടതിയുടെ ഉത്തരവ് പോലും ലംഘിച്ചാണ് ഭക്ഷ്യധാന്യം കച്ചവടംചെയ്യുന്നത്.

1960 ലാണ് ഇന്ത്യയില്‍ ഭക്ഷ്യധാന്യ പൊതുവിതരണം ആരംഭിച്ചത്. ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ സാധാരണക്കാര്‍ക്ക് എത്തിച്ച് പട്ടിണി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. 1992ല്‍ പൊതുവിതരണം വിപുലമാക്കി ആര്‍ഡിപിഎസ് പ്രകാരം ചില പലവ്യഞ്ജനങ്ങളും റേഷന്‍ കടയിലൂടെ വിതരണംചെയ്യാന്‍ തുടങ്ങി. 1997ല്‍ ഇതൊക്കെ അട്ടിമറിച്ച് ടാര്‍ജറ്റഡ് റേഷനിങ് വന്നു. റേഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയായിരുന്നു ലക്ഷ്യം. എപിഎല്‍ -ബിപിഎല്‍ തരംതിരിവ് വന്നതോടെ പാവങ്ങളുടെ കാര്യം കഷ്ടത്തിലായി. ഓരോ വര്‍ഷവും ബിപിഎല്‍ പട്ടിക പുനര്‍നിര്‍ണയിച്ച് പാവങ്ങളുടെ എണ്ണത്തില്‍ കുറവു വരുത്തുന്നു. ഇപ്പോള്‍ പ്ലാനിങ് കമീഷന്‍ തീരുമാനമനുസരിച്ച് ഗ്രാമത്തില്‍ ഒരു മാസം 15 രൂപയും നഗരത്തില്‍ 25 രൂപയും വരുമാനമുള്ള കുടുംബം ദാരിദ്ര്യരേഖയ്ക്ക് മുകളിലാകും. അതനുസരിച്ച് ഇന്ത്യയില്‍ 45 ശതമാനം ജനങ്ങള്‍മാത്രമേ ബിപിഎല്‍ ലിസ്റ്റില്‍ ഉണ്ടാവുകയുള്ളൂ. കേരളത്തില്‍ മിക്കവാറും 10 ശതമാനത്തില്‍ താഴെ മാത്രമേ വരികയുള്ളൂ. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ഒരു ദിവസം രണ്ട് ഡോളര്‍ വരുമാനമില്ലാത്തവര്‍ ദരിദ്രരാണ്. ആ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 80 ശതമാനത്തില്‍ ഏറെ പേര്‍ ബിപിഎല്‍ ആയിരിക്കും. 15 രൂപ കൊണ്ട് ഒരു ഗ്രാമീണ കുടുംബം എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല. ജോലിസ്ഥലത്തേക്കുള്ള വണ്ടിക്കൂലിക്കു പോലും തികയില്ല ഈ തുക. പക്ഷേ, കേന്ദ്രസര്‍ക്കാരിന് ഇതൊന്നും അറിയേണ്ട.

ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുവേണ്ടി സമരരംഗത്തിറങ്ങുകയല്ലാതെ സ്ത്രീകളുടെ മുന്നില്‍ മറ്റ് പോംവഴികളില്ല. ഇ എം എസ് പാര്‍പ്പിട പദ്ധതി പുനഃസ്ഥാപിക്കുക, എം എന്‍ ലക്ഷംവീട് നവീകരണ പദ്ധതി പുനരാരംഭിക്കുക, കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് നിയമസഭയുടെ മുന്നിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ മാര്‍ച്ച് വിജയിക്കേണ്ടത് അത്യാവശ്യമാണ്.

കെ കെ ശൈലജ (ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

deshabhimani 130711

1 comment:

  1. ജീവിതച്ചെലവ് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ എല്ലാ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറി ജനങ്ങളെ വിധിക്ക് വിടുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനങ്ങളുടെ മേല്‍ ജീവിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന് അത് പരിഹരിക്കാനുള്ള ബാധ്യതയില്‍നിന്ന് രക്ഷപ്പെടാനാകില്ല. ദരിദ്രരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന രാജ്യത്ത് സബ്സിഡികള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിന് ഒരു ന്യായീകരണവുമില്ല. ഭക്ഷ്യ-ഇന്ധന സബ്സിഡികള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രം വന്‍കിടക്കാര്‍ക്ക് ചെയ്തുകൊടുക്കുന്ന സൗജന്യങ്ങള്‍ ആരും കാണുന്നില്ലെന്ന ഒട്ടകപ്പക്ഷിനയം സ്വീകരിക്കരുത്.

    ReplyDelete