Wednesday, July 13, 2011

ജയ്താപുര്‍ : ദേശീയതലത്തില്‍ പോരാട്ടം സംഘടിപ്പിക്കും-കാരാട്ട്

ജയ്താപുരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന ഗ്രാമീണര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയോടൊപ്പം ജയ്താപുരിലെ പദ്ധതി പ്രദേശവും ഗ്രാമവാസികളെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട തബ്രേസ് സയേക്കറുടെ വീട് സന്ദര്‍ശിച്ച നേതാക്കള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കാരാട്ട് ഇത് ദേശീയതലത്തില്‍ ഉയര്‍ത്തി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു. ഗ്രാമവാസികള്‍ തങ്ങളുടെ വൈഷമ്യങ്ങള്‍ നേതാക്കളോട് പങ്കുവച്ചു. ആണവനിലയം വന്നാലുണ്ടാകുന്ന ഭീഷണികള്‍ സംബന്ധിച്ച ആശങ്കയും ഉന്നയിച്ചു.

ആണവനിലയം അഞ്ച് ഗ്രാമങ്ങളിലെ തൊഴിലാളികളുടെ മത്സ്യബന്ധനത്തെ തടസ്സപ്പെടുത്തുമെന്ന് മത്സ്യത്തൊഴിലാളി സംഘടനയുടെ നേതാവായ അംജാദ് ബോര്‍ക്കര്‍പറഞ്ഞു. പൊലീസ് വെടിവയ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി രാജ ആവശ്യപ്പെട്ടു. തബ്രേസിന്റെ കുടുംബത്തിനു സാമ്പത്തികസഹായം നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു. അതിനിടെ, വൈകീട്ട് രത്നഗിരിയില്‍ കാരാട്ട് പങ്കെടുത്ത പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ആണവനിലയത്തെ അനുകൂലിക്കുന്ന ചിലര്‍ ശ്രമിച്ചത് നേരിയതോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിട്ടു.

deshabhimani 130711

1 comment:

  1. ജയ്താപുരില്‍ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന ഗ്രാമീണര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയോടൊപ്പം ജയ്താപുരിലെ പദ്ധതി പ്രദേശവും ഗ്രാമവാസികളെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete