Wednesday, July 6, 2011

ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആയുധം നല്‍കുന്നത് സുപ്രീംകോടതി വിലക്കി

മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ആദിവാസികളെ ആയുധമണിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ഛത്തീസ്ഗഢ് സര്‍ക്കാരിന്റെയും നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി. സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ (എസ്പിഒ) എന്ന പേരില്‍ ആയുധം നല്‍കി ആദിവാസികളെ നിയമിക്കുന്നത് കോടതി വിലക്കി. കഴിഞ്ഞ മാര്‍ച്ചില്‍ ഛത്തീസ്ഗഢ് സന്ദര്‍ശിക്കുന്നതിനിടെ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെതിരെയുണ്ടായ ആക്രമണം അന്വേഷിക്കാനും കോടതി സിബിഐയോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് എസ്പിഓമാരായി ആദിവാസികളെ നിയമിക്കുന്നത് വിലക്കിയത്. ആദിവാസികളുടെ വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെയും അവര്‍ക്ക് പരിശീലനം നല്‍കാതെയും ആയുധമണിയിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

മാവോയിസ്റ്റുകളെ നേരിടാന്‍ സല്‍വജുഡും സേന, കോയ കമാന്‍ഡോകള്‍ എന്നിവ രൂപീകരിച്ചതും ഭരണഘടനാലംഘനമാണ്. എസ്പിഓമാരെ ഉള്‍പ്പെടുത്തി സല്‍വജുഡും രൂപീകരിച്ച് മാവോയിസ്റ്റുകളെ നേരിടാനുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, നന്ദിനി ശങ്കര്‍ , മുന്‍ ഉദ്യോഗസ്ഥന്‍ ഇ എ എസ് ശര്‍മ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഛത്തീസ്ഗഢില്‍ സല്‍വജുഡും സംഘാംഗങ്ങള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് സ്വാമി അഗ്നിവേശും കോടതിയെ സമീപിച്ചു. ആദിവാസി യുവാക്കളെ എസ്പിഓമാരായി നിയമിക്കുന്നതിനെ ന്യായീകരിക്കുകയാണ് ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നടത്തിയത്. പൊലീസ് ഡ്യൂട്ടി നിര്‍വഹിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് എസ്പിഓമാര്‍ നടത്തിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എസ്പിഓമാരുടെ പ്രവര്‍ത്തനം ഒഴിവാക്കാനാവാത്തതായി മാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ , സായുധരായ ആദിവാസികള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞാല്‍ അത് വലിയ അപകടം വിളിച്ചുവരുത്തുമെന്ന് കോടതി നിരീക്ഷിച്ചു.

deshabhimani 060711

1 comment:

  1. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ആദിവാസികളെ ആയുധമണിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ഛത്തീസ്ഗഢ് സര്‍ക്കാരിന്റെയും നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി.

    ReplyDelete