Friday, July 15, 2011

ആര്‍എസ്എസ് മുഖംമൂടിസംഘം വനിതാ ഡോക്ടറുടെ വീടാക്രമിച്ചു

പേരാമ്പ്രയിലെ അക്രമത്തിലെ പ്രതികള്‍ കൊയിലാണ്ടി അക്രമത്തിലും ഉള്‍പ്പെട്ടവര്‍

കൊയിലാണ്ടി: ബുധനാഴ്ച പേരാമ്പ്രയില്‍ ആര്‍എസ്എസ് വിമതന്‍ ചാലുപറമ്പില്‍ മധുവിനെ ആക്രമിച്ച സംഘം മാസങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയില്‍ സിപിഐ എം നേതാക്കളെ വധിക്കാന്‍ ശ്രമിച്ചവരാണെന്ന് സൂചന. ആര്‍എസ്എസിന്റെ കൊയിലാണ്ടി താലൂക്ക് കാര്യവാഹകായ കാപ്പാട് സ്വദേശി ബുധനാഴ്ച പുലര്‍ച്ചെയാണ് മുനമ്പം സ്വദേശിയായ ക്രൂയിസര്‍ വണ്ടിയുടെ ഡ്രൈവറെ പേരാമ്പ്രയ്ക്ക് ഓര്‍ഡര്‍ ഏല്പിക്കുന്നത്. ഈ വണ്ടിയില്‍ സഞ്ചരിച്ചവര്‍ പകല്‍ 11 ഓടെ പേരാമ്പ്ര എളമാരന്‍കുളങ്ങര ക്ഷേത്രത്തിന് സമീപംവച്ച് മധുവിനെ ആക്രമിച്ച് തിരിച്ചുവരികയായിരുന്നു. ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയ ഡ്രൈവര്‍ ആരുടേയോ നിര്‍ദേശപ്രകാരം വീട്ടില്‍നിന്നും പോയി. ഈ വണ്ടിയാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ പൊലീസ് വണ്ടിയുടെ ഉടമയെക്കൂട്ടി വീട്ടിലെത്തുമ്പോഴേക്കും ഡ്രൈവര്‍ മൊബൈല്‍ഫോണും ഓഫ് ചെയ്ത് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് കാണാതായ ഡ്രൈവറെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയില്‍ ആര്‍എസ്എസിന്റെ താലൂക്ക് കാര്യവാഹക് "ഒന്നും പേടിക്കേണ്ടതില്ല, ഡ്രൈവര്‍ ഞങ്ങളുടെ കൂടെയുണ്ടെന്ന്" വീട്ടിലറിയിച്ചു. നേരില്‍ കാണണമെന്ന് കുടുംബം വാശിപിടിച്ചപ്പോള്‍ കാര്യവാഹകിന്റെ ബൈക്കിനെ പിന്തുടരാന്‍ പറഞ്ഞു. പൊയില്‍ക്കാവ് യുപി സ്കൂള്‍ ഗ്രൗണ്ടില്‍ ഓട്ടോയിലെത്തിച്ച ഡ്രൈവറെ കണ്ട കുടുംബാംഗങ്ങള്‍ പൊലീസിന് പിടികൊടുക്കാന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തയ്യാറായില്ല. വ്യാഴാഴ്ച ഇയാളുടെ ഭാര്യയും കുടുംബാംഗങ്ങളും കാണാനില്ലായെന്ന പരാതിയുമായി കൊയിലാണ്ടി പൊലീസ്സ്റ്റേഷനില്‍ ചെന്നിട്ടുണ്ട്. ആര്‍എസ്എസിന്റെ പ്രത്യേക സുരക്ഷാകേന്ദ്രത്തില്‍ ഇയാളെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

കൊയിലാണ്ടി വിയ്യൂര്‍ സിപിഐ എം അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ തെക്കേടത്ത് ധര്‍മനെ ഒക്ടോബര്‍ 27ന് കുറുവങ്ങാട് എളാട്ടേരി റോഡില്‍വച്ച് മാരകമായി ആക്രമിച്ചിരുന്നു. വെള്ള എയ്സ് കാറില്‍ വന്നാണ് ആക്രമണം നടത്തിയത്. ഈ കാര്‍ കാട്ടിലപ്പീടികക്കടുത്ത് ആര്‍എസ്എസുകാര്‍ നടത്തുന്ന സ്കൂളിന്റേതാണെന്ന് അന്നേ സംശയമുണ്ടായിരുന്നു. ബുധനാഴ്ചത്തെ പേരാമ്പ്രയില്‍ കാപ്പാട് നിന്നെത്തിയ ക്രൂയ്സറിന്റെ ഡ്രൈവര്‍ നേരത്തെ സ്കൂളിന്റെ എയ്സ് കാറിന്റെ ഡ്രൈവറായിരുന്നു.

ഡിസംബര്‍ ഒന്നിന് സിപിഐ എം പ്രവര്‍ത്തകനും ഗ്യാസ് വിതരണ തൊഴിലാളിയുമായ കൊല്ലം കുന്നക്കൊടി കെ ടി രമേശനെ കൊല്ലത്തെ ഷോറൂമില്‍വച്ചാക്രമിച്ചതിലും ദേശാഭിമാനി ഏജന്റും നിര്‍മാണ തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറിയും സിപിഐ എം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ എം പത്മനാഭനെ ഡിസംബര്‍ 11ന് പത്രവിതരണം നടത്തുന്നതിനിടയില്‍ വധിക്കാന്‍ ശ്രമിച്ച സംഘത്തിലും ദീര്‍ഘകായനായ ഒരാളുണ്ടായിരുന്നു. അത് കാപ്പാട് സ്വദേശിയായ ആര്‍എസ്എസ് നേതാവാണെന്ന സൂചനയുണ്ട്. അതുപോലെ ഇതിനടുത്ത ദിവസം തന്നെയാണ് സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്റെ വീടിന് നേരെ ബോംബാക്രമണം നടന്നത്. ഈ സംഭവങ്ങള്‍ നടന്ന ദിവസങ്ങളിലെല്ലാം വെള്ള എയ്സ് കാര്‍ കൊയിലാണ്ടി ഭാഗത്ത് പലരും കണ്ടിരുന്നു. കാപ്പാട് ഭാഗത്ത് കടലോരത്ത് മാസങ്ങള്‍ക്ക്മുമ്പ് രാത്രി സ്ഫോടനം നടന്നിരുന്നത് ആര്‍എസ്എസ് നേതാവിന്റെ വീടിനടുത്തായിരുന്നു. ഈ പ്രദേശത്ത് ആയുധ ശേഖരമുള്ളതായി പലരും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതൊക്കെയായിട്ടും അന്വേഷണം നടത്തുന്നതില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ല. വ്യാഴാഴ്ച ക്രൂയിസര്‍ വണ്ടിയുടെ ഡ്രൈവറുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കാന്‍ പോയിട്ട് സ്വീകരിച്ചില്ലെന്ന പരാതിയുമുണ്ട്. ആര്‍എസ്എസിന്റെ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നാല്‍ എല്ലാ കേസുകളും തെളിയിക്കപ്പെടാന്‍ കഴിയുമെന്നാണ് അക്രമങ്ങളില്‍ പരിക്കുപറ്റിയവര്‍ പറയുന്നത്.

ആര്‍എസ്എസ് മുഖംമൂടിസംഘം വനിതാ ഡോക്ടറുടെ വീടാക്രമിച്ചു

ആലപ്പുഴ: മുഖംമൂടിധാരികളായ ആര്‍എസ്എസ് സംഘം വനിതാ ഡോക്ടറുടെ വീടാക്രമിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഉദയമ്മയുടെ ആലപ്പുഴ തിരുവമ്പാടി ജങ്ഷന് സമീപമുള്ള വീടാണ് ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് ആക്രമണം. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം മുറികളെല്ലാം ചവിട്ടിത്തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. അക്രമികള്‍ക്ക് സംരക്ഷണവുമായി ഒരുസംഘം പുറത്ത് നിലയുറപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഡോ. ഉദയമ്മയുടെ സഹോദരന്റെ മകന്‍ വാരനാട് കളി തട്ടുങ്കല്‍ വീട്ടില്‍ നീരജി (19) നെ തേടിയെത്തിയതാണ് ആര്‍എസ്എസ് അക്രമിസംഘം. മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന നീരജും സുഹൃത്തുക്കളും സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ച് പുരോഗമന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ തണ്ണീര്‍മുക്കം വടക്ക് വില്ലേജ് കമ്മിറ്റിയംഗവും സിപിഐ എം ബ്രാഞ്ചംഗവുമായിരുന്ന നീരജിനെ വധിക്കാന്‍ ആര്‍എസ്എസ് ശ്രമമാരംഭിച്ചിട്ട് ഏറെനാളായി. വാരനാട് കവലയ്ക്ക് സമീപമുള്ള നീരജിന്റെ ബേക്കറി ഒരുമാസത്തിനിടെ രണ്ടുതവണ ആര്‍എസ്എസ് സംഘം ആക്രമിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചിരുന്നു. വാരനാട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നീരജ് വീട്ടില്‍നിന്ന് മാറി കഴിയുകയാണ്. നീരജിനെ തേടിയെത്തി കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് അക്രമികള്‍ ഡോ. ഉദയമ്മയുടെ വീടാക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

deshabhimani 150711

1 comment:

  1. മുഖംമൂടിധാരികളായ ആര്‍എസ്എസ് സംഘം വനിതാ ഡോക്ടറുടെ വീടാക്രമിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഉദയമ്മയുടെ ആലപ്പുഴ തിരുവമ്പാടി ജങ്ഷന് സമീപമുള്ള വീടാണ് ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് ആക്രമണം. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം മുറികളെല്ലാം ചവിട്ടിത്തുറന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് മടങ്ങിയത്. അക്രമികള്‍ക്ക് സംരക്ഷണവുമായി ഒരുസംഘം പുറത്ത് നിലയുറപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഡോ. ഉദയമ്മയുടെ സഹോദരന്റെ മകന്‍ വാരനാട് കളി തട്ടുങ്കല്‍ വീട്ടില്‍ നീരജി (19) നെ തേടിയെത്തിയതാണ് ആര്‍എസ്എസ് അക്രമിസംഘം. മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന നീരജും സുഹൃത്തുക്കളും സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ച് പുരോഗമന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

    ReplyDelete