സ്വാശ്രയ മെഡിക്കല്‍ പിജി: ഇന്നുകൂടി സമയം
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം പിജി സീറ്റുകളില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി. സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി വ്യാഴാഴ്ച നീക്കി. പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം വെള്ളിയാഴ്ചവരെ നീട്ടിനല്‍കിയ സുപ്രീംകോടതി ഉത്തരവിന്റെ വെളിച്ചത്തിലാണ് സ്റ്റേ നീക്കുന്നതെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. അഖിലേന്ത്യാ ക്വാട്ടയില്‍നിന്ന് പ്രവേശനം നടത്താനുള്ള സമയമാണ് സുപ്രീംകോടതി നീട്ടിയതെന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള കേരള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ കോടതിയില്‍ വാദിച്ചു. സുപ്രീംകോടതി നേരത്തെ നല്‍കിയ കാലാവധിമാത്രമാണ് ഒരു ദിവസത്തേക്കു നീട്ടിയതെന്നും വിശദീകരിച്ചു. എന്നാല്‍ , ഇത്തരമൊരു വാദമുണ്ടെങ്കില്‍ അത് സുപ്രീംകോടതി മുമ്പാകെയാണ് ഉന്നയിക്കേണ്ടിയിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അമ്പതു ശതമാനം സീറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടാന്‍ തല്‍ക്കാലം കാരണമില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉത്തരവ് മരവിപ്പിക്കണമെന്ന മാനേജ്മെന്റ് ഫെഡറേഷന്റെ ആവശ്യം നിരസിച്ചു.
സര്‍ക്കാര്‍ഉത്തരവ് നടപ്പാക്കുന്നതും ഉത്തരവിന്റെ വെളിച്ചത്തില്‍ സ്വീകരിക്കുന്ന മറ്റു നടപടികളും ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായിരിക്കും. അമ്പതു ശതമാനം സീറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്റ് ഫെഡറേഷനും പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച ഏതാനും വിദ്യാര്‍ഥികളും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി വ്യാഴാഴ്ച പരിഗണിച്ചത്. ഉച്ചയ്ക്കുമുമ്പ് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി വെള്ളിയാഴ്ചവരെ സാവകാശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതി ഉത്തരവു സംബന്ധിച്ച വിശദാംശങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ കോടതി അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെടുകയായിരുന്നു. 21 പിജി സീറ്റില്‍ 15 എണ്ണത്തില്‍മാത്രമാണ് പ്രവേശനം പൂര്‍ത്തിയാക്കിയതെന്നും ആറു സീറ്റില്‍ സര്‍ക്കാരിന് പ്രവേശനം നടത്താമെന്നും പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് കോടതിയെ അറിയിച്ചു. ഇത്തവണ മാനേജ്മെന്റ് എടുത്ത സര്‍ക്കാര്‍സീറ്റുകള്‍ അടുത്തവര്‍ഷം സര്‍ക്കാരിനു നല്‍കുമെന്നും ഇങ്ങനെ നല്‍കാന്‍ സുപ്രീംകോടതി മൃദുല്‍ദാര്‍ കേസില്‍ അനുവദിച്ചിട്ടുണ്ടെന്നും പരിയാരം മാനേജ്മെന്റ് വിശദീകരിച്ചു.
ചട്ടംലംഘിച്ചാല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കും
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിജി കോഴ്സിന് പകുതിയില്‍ കൂടുതല്‍ സീറ്റില്‍ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയാല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അധികമായി പ്രവേശിപ്പിക്കുന്ന വിദ്യാര്‍ഥികളെ പുറത്താക്കും. പ്രവേശനകാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന് നിയമാനുസൃതമായി നീങ്ങാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ പിജി പ്രവേശനസമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കവെയാണ് മാനേജ്മെന്റുകളുടെ ചട്ടലംഘനത്തിനെതിരായ നിലപാട് മെഡിക്കല്‍ കൗണ്‍സില്‍ വൃക്തമാക്കിയത്. സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശനത്തിന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് വെള്ളിയാഴ്ച കൂടി സമയം അനുവദിച്ചു. കര്‍ണാടകത്തിന് കോടതി കൂടുതല്‍ സമയം അനുവദിച്ചതോടെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
മെഡിക്കല്‍ പിജി പ്രവേശനത്തിന് മെയ് 31 വരെയായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച സമയം. അഖിലേന്ത്യാ ക്വാട്ടയിലെ പ്രവേശനത്തിന് ജൂണ്‍ മുപ്പതുവരെ സുപ്രീംകോടതി പിന്നീട് സമയം അനുവദിച്ചു. ഇതിന്റെ ചുവടുപിടിച്ച് പ്രവേശനത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍ , ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റിനെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ബോധപൂര്‍വം വിട്ടുനിന്നു. ഇതിനിടെ കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ച് ജൂണ്‍ മുപ്പത് വരെ സമയം നീട്ടി വാങ്ങി. മറ്റ് മാര്‍ഗമില്ലാതെയാണ് കേരളം കോടതിയിലെത്തിയത്.
വ്യാഴാഴ്ചയും കോടതിയില്‍ കാര്യമായ വാദത്തിന് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്നില്ല. കര്‍ണാടകത്തിന് അനുവദിച്ചതുപോലെ സമയം നീട്ടിനല്‍കണമെന്നുമാത്രം സര്‍ക്കാരിനു വേണ്ടി ഹാജരായ നരസിംഹന്‍ പറഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടാത്തതുകൊണ്ടാണ് മുഴുവന്‍ സീറ്റിലും പ്രവേശനം നടത്തിയത്. സര്‍ക്കാരിനെ ഇക്കാര്യം പലതവണ അറിയിച്ചെങ്കിലും മറുപടിയുണ്ടായില്ല. മെയ് ഒമ്പതിനാണ് ഒഴിവുള്ള സീറ്റുകളറിയിച്ച് കത്തയച്ചത്. മെഡിക്കല്‍ കൗണ്‍സിലിന്റെ സമയപരിധി അടുത്തതോടെ സ്വന്തം നിലയില്‍ എല്ലാ സീറ്റിലും പ്രവേശനം നടത്തി. ഇനാംദാര്‍ കേസിലെ സുപ്രീംകോടതി വിധിപ്രകാരം 100 ശതമാനം സീറ്റിലും പ്രവേശനം നടത്താനാകുമെന്നും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ വാദിച്ചു. ഈ വാദങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയുണ്ടായില്ല. തുടര്‍ന്ന് ഇടപെട്ട മെഡിക്കല്‍ കൗണ്‍സില്‍ അഭിഭാഷകന്‍ അമരേന്ദര്‍ സരണ്‍ , 50 ശതമാനം സീറ്റ് സര്‍ക്കാരിന് അര്‍ഹതപ്പെട്ടതാണെന്ന് വ്യക്തമാക്കി. മെഡിക്കല്‍ പിജി പ്രവേശനച്ചട്ടമനുസരിച്ച് 50 ശതമാനം സീറ്റില്‍മാത്രമേ മാനേജ്മെന്റുകള്‍ക്ക് പ്രവേശനം സാധ്യമാകൂ. ഇതില്‍ കൂടുതല്‍ പ്രവേശിപ്പിച്ചാല്‍ വിദ്യാര്‍ഥികളെ അയോഗ്യരാക്കേണ്ടി വരും. കോളേജിന്റെ അംഗീകാരവും പോകും. സര്‍ക്കാരിന് സമയം നീട്ടിനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സരണ്‍ പറഞ്ഞു.
മെഡിക്കല്‍ കൗണ്‍സില്‍ നിലപാട് ബോധ്യപ്പെട്ട സുപ്രീംകോടതി വെള്ളിയാഴ്ചകൂടി സമയം അനുവദിക്കുകയായിരുന്നു. ഇതിനിടെ, മെഡിക്കല്‍ പിജി പ്രവേശനവുമായി ബന്ധപ്പെട്ട പ്രധാന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അഭിഭാഷകന്‍ പറഞ്ഞു. തങ്ങള്‍ ഇപ്പോള്‍ സമയം നീട്ടിനല്‍കുക മാത്രമാണെന്നും ഹൈക്കോടതിയിലെ കേസുമായി ഈ വിധിക്ക് ബന്ധമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ലിസ്റ്റിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കില്ലെന്ന് മാനേജ്മെന്റ്
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പിജി സീറ്റീലേക്കുള്ള സര്‍ക്കാര്‍ ക്വോട്ടയില്‍ അലോട്ട് ചെയ്ത കുട്ടികളെ മാനേജുമെന്റുകള്‍ തിരിച്ചയക്കുന്നു. എംഡി പീഡിയാട്രിക്സിന് പ്രവേശനം കിട്ടിയ കിളിമാനൂര്‍ സ്വദേശി ഹസീനയ്ക്ക് പ്രവേശനം നല്‍കാനാകില്ലെന്ന് ഗോകുലം മെഡിക്കല്‍ കോളേജ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ ബുദ്ധിമുട്ടി കോഴ്സിന് ചേരാനില്ലെന്ന് പറഞ്ഞ് സീറ്റ് ഉപേക്ഷിച്ച് തിരിച്ചുപോയി. വന്‍തുക ഫീസ് കൊടുത്ത് കോഴ്സിന് ചേര്‍ന്ന് മാനേജ്മെന്റുമായി മത്സരിക്കാനാകാത്തതുകൊണ്ടാണ് സീറ്റ് ഉപേക്ഷിച്ചതെന്ന് ഹസീന പറഞ്ഞു. ഹസീന സീറ്റ് വേണ്ടെന്ന് വച്ചതിനാല്‍ ഈ സീറ്റിലേക്ക് അടുത്ത റാങ്കിലുള്ള മറ്റൊരു വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി ഗീത പറഞ്ഞു. ഈ കുട്ടിക്ക് വെള്ളിയാഴ്ച ഗോകുലം മെഡിക്കല്‍ കോളേജില്‍ പോയി പ്രവേശനം നേടി ഫീസ് അടയ്ക്കാമെന്നും ഡോ. ഗീത പറഞ്ഞു.
മറ്റു മാനേജ്മെന്റുകളുടെ പ്രതിനിധികളും സീറ്റ് നല്‍കാനാകില്ലെന്ന് പറയുന്നുണ്ട്. എന്നാല്‍ , വെള്ളിയാഴ്ച കോളേജില്‍ പോയി ഫീസ് അടയ്ക്കാമെന്നാണ് ചില കുട്ടികളുടെ പ്രതീക്ഷ. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക്, അലോട്ട്മെന്റ് കേന്ദ്രത്തിലുള്ള കോളേജുകളുടെ കൗണ്ടറില്‍ ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചതായും പരാതിയുണ്ട്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഏറെ വൈകിയും അലോട്ട്മെന്റ് തുടരുകയാണ്. റാങ്ക് 400 വരെയുള്ളവര്‍ക്ക് ഒമ്പത് മണിയോടെ അലോട്ട്മെന്റ് നല്‍കി. 1000 റാങ്ക് വരെയുള്ളവര്‍ അലോട്ട്മെന്റ് കേന്ദ്രത്തില്‍ കാത്തിരിപ്പ് തുടരുകയാണ്. അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ഒമ്പത് സ്വാശ്രയ മെഡിക്കല്‍ കോളേജിലുമാണ് അലോട്ട്മെന്റ് ആരംഭിച്ചത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാത്തതുമൂലം കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജില്‍ അലോട്ട്മെന്റ് തുടങ്ങിയിട്ടില്ല. ഹയര്‍ ഓപ്ഷന്‍ നേടി മാറുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ മാത്രമേ അലോട്ട്മെന്റ് പൂര്‍ത്തിയാകൂ.
മാനേജ്മെന്റ് പരീക്ഷയ്ക്ക് അനുമതി; സര്‍ക്കാര്‍ എതിര്‍ത്തില്ല
ന്യൂഡല്‍ഹി: ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിനായി പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ജൂലൈ 15നകം പ്രവേശന പരീക്ഷ നടത്താനും 20നകം ഫലം പ്രസിദ്ധീകരിക്കാനും ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സ്വന്തം നിലയ്ക്ക് പരീക്ഷ നടത്തണമെന്ന വാദത്തെ സംസ്ഥാന സര്‍ക്കാര്‍ കാര്യമായി എതിര്‍ക്കാത്തത് മാനേജ്മെന്റുകള്‍ക്ക് സഹായകമായി. അറുന്നൂറോളം സീറ്റിലേക്കാകും മാനേജ്മെന്റുകള്‍ പരീക്ഷ നടത്തുക. ഫീസ് നിരക്കിന്റെയും മറ്റും കാര്യത്തില്‍ ഈ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ധാരണയിലെത്തിയിട്ടില്ല. ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ സ്വന്തം പട്ടികയില്‍ നിന്ന് നൂറുശതമാനം സീറ്റിലും പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അവസരം ലഭിക്കും.
കേരളത്തില്‍ തെരഞ്ഞെടുപ്പായതിനാല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സമയപരിധിക്കുള്ളില്‍ പരീക്ഷ നടത്താനായില്ലെന്ന വാദവുമായാണ് മാനേജ്മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വേണമെങ്കില്‍ സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയിലെ റാങ്ക് പട്ടികയില്‍ നിന്ന് മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നടത്താമെന്നു മാത്രം കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഇ എല്‍ നരസിംഹന്‍ പറഞ്ഞു. സര്‍ക്കാര്‍പട്ടികയില്‍ നിന്ന് ആവശ്യത്തിനു വിദ്യാര്‍ഥികളെ കിട്ടുന്നില്ലെങ്കില്‍ മാത്രം മാനേജ്മെന്റുകള്‍ പ്രത്യേക പരീക്ഷ നടത്തിയാല്‍ മതിയാകുമെന്നും നരസിംഹന്‍ പറഞ്ഞു. ഈ വാദം മാനേജ്മെന്റുകള്‍ക്ക് അനുഗ്രഹമായി. പരീക്ഷാ നടപടിയെല്ലാം പൂര്‍ത്തിയാക്കിയെന്നും ഇനി പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചാല്‍ മതിയെന്നും മാനേജ്മെന്റുകള്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു. സാധാരണ 50 ശതമാനം സീറ്റ് കുറഞ്ഞ ഫീസ് നിരക്കില്‍ സര്‍ക്കാരിന് നല്‍കുന്ന കോളേജുകളാണ് തങ്ങളുടേത്. കേരളത്തിലെ പുതിയ സര്‍ക്കാര്‍ സീറ്റുവിഷയത്തിലെ തര്‍ക്കത്തിന് ഇനിയും പരിഹാരം കണ്ടിട്ടില്ല. 50 ശതമാനം സീറ്റ് സര്‍ക്കാരിന് നല്‍കാത്ത കോളേജുകള്‍ക്കെതിരെ ജനരോഷം ഉയരുന്നുണ്ടെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.
(എം പ്രശാന്ത്)
മെഡിക്കല്‍ പിജി: അപ്പീലിനുള്ള ഉന്നതതല തീരുമാനം പൂഴ്ത്തി
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിജി കോഴ്സിനുള്ള സര്‍ക്കാര്‍ ക്വോട്ടയിലെ പ്രവേശനത്തിന് സമയപരിധി നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എടുത്ത തീരുമാനം ബന്ധപ്പെട്ടവര്‍ പൂഴ്ത്തിവച്ചു. മെയ് 28ന് എടുത്ത തീരുമാനം ജൂണ്‍ 28 വരെ പുറത്തെടുത്തില്ല. യോഗത്തിന്റെ മിനിറ്റ്സ് ഇപ്പോള്‍ പുറത്തുവന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യാഴാഴ്ച അത് നിയമസഭയില്‍ വായിച്ചു.
മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി 28നു നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ , ഡിഎംഇ വി ഗീത എന്നിവര്‍ പങ്കെടുത്ത യോഗം അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. മെയ് 31 വരെ മാത്രമേ പ്രവേശന കാലാവധി ഉള്ളൂ എന്ന് സര്‍ക്കാറിന് വ്യക്തമായി അറിയാമായിരുന്നെന്ന് ഇത് വ്യക്തമാക്കുന്നു. ഇതറിയാമായിരുന്നിട്ടും മെയ് 31കം പ്രവേശനം നടത്താനോ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല. മെയ് 28ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടും ജൂണ്‍ 28 വരെ അപ്പീല്‍ നല്‍കാത്തതെന്തുകൊണ്ട് എന്നതിന് സര്‍ക്കാറിന് ഉത്തരമില്ല. മാത്രമല്ല, ഹൈക്കോടതിയില്‍ മാനേജ്മെന്റുകള്‍ നല്‍കിയ കേസില്‍പ്പോലും കക്ഷി ചേര്‍ന്നില്ല. അപ്പീല്‍ നല്‍കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം അട്ടിമറിച്ചത് ഉന്നതരുടെ നിര്‍ദേശ പ്രകാരമാണെന്ന് വ്യക്തം.
deshabhimani 010711
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിജി കോഴ്സിനുള്ള സര്‍ക്കാര്‍ ക്വോട്ടയിലെ പ്രവേശനത്തിന് സമയപരിധി നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എടുത്ത തീരുമാനം ബന്ധപ്പെട്ടവര്‍ പൂഴ്ത്തിവച്ചു. മെയ് 28ന് എടുത്ത തീരുമാനം ജൂണ്‍ 28 വരെ പുറത്തെടുത്തില്ല. യോഗത്തിന്റെ മിനിറ്റ്സ് ഇപ്പോള്‍ പുറത്തുവന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യാഴാഴ്ച അത് നിയമസഭയില്‍ വായിച്ചു.
ReplyDelete