Friday, July 15, 2011

ബി ബി സി ജീവനക്കാര്‍ സമരത്തില്‍

ലണ്ടന്‍: അധിക ജോലിക്കാരെ പിരിച്ചുവിടുമെന്ന ബി ബി സി അധികൃതരുടെ നയത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. റേഡിയോ, ടി വി സംപ്രേഷണം തടസ്സപ്പെടുമെന്ന്‌ നാഷണല്‍ യൂണിയന്‍ ഓഫ്‌ ജേണലിസ്റ്റ്‌സ്‌ (എന്‍ യു ജെ) അറിയിച്ചു. പുതിയ നയമനുസരിച്ച്‌ ലോകത്തെമ്പാടുമുളള ബി ബി സിയുടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ജോലി നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്‌. മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ അങ്ങേയറ്റത്തെ നിരാശയുണ്ടെന്ന്‌ ബി ബി സി വക്‌താവ്‌ പറഞ്ഞു.

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന്‌ ബി ബി സിയിലെ പല ജനപ്രിയ പരിപാടികളുടേയും സംപ്രേഷണം തടസ്സപ്പെട്ടു. ബി ബി സിയുടെ പ്രഭാത പരിപാടിയുടെ സ്‌ഥാനത്ത്‌ ബി ബി സി വാര്‍ത്തകളായിരുന്നു ഇന്നലെ സംപ്രേഷണം ചെയ്‌തത്‌. റേഡിയോ 4ന്റെ ഇന്നത്തെ പരിപാടികള്‍ പതിവിലും ഒരു മണിക്കൂര്‍ വൈകിയാണ്‌ ആരംഭിച്ചത്‌. റേഡിയോ 5ലെ പ്രഭാത പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന നിക്കി കാംബെല്ലിനും റേച്ചല്‍ ബര്‍ഡനും പകരമായി പുതിയ അവതാരകരാണെത്തിയത്‌.

ബി ബി സിയുടെ ലോകവ്യാപകമായുളള മാധ്യമശൃംഖലയിലെ അനവധിപേര്‍ക്ക്‌ പുതിയ നയത്തിലൂടെ ജോലി നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തല്‍. അടുത്ത വേനല്‍ക്കാലത്തിന്‌ മുന്‍പ്‌ ഇവരെ പിരിച്ചുവിടാനാണ്‌ ബി ബി സി അധികൃതരുടെ നീക്കം. അത്യധികം അപമാനകരവും പ്രകോപനപരവുമായ നീക്കമാണ്‌ ബി ബി സിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന്‌ എന്‍ യു ജെ ജനറല്‍ സെക്രട്ടറി മിഷേല്‍ സ്റ്റാനിസ്‌ട്രീറ്റ്‌ അഭിപ്രായപ്പെട്ടു. തൊഴില്‍ നഷ്‌ടത്തിനെതിരെ ശക്‌തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിടാതെ തന്നെ ഇതിന്‌ പല ബദല്‍ മാര്‍ഗ്ഗങ്ങളും സംഘടന മുന്നോട്ട്‌ വച്ചെങ്കിലും മാനേജ്‌മെന്റ്‌ ഇതെല്ലാം തളളിക്കളയുകയായിരുന്നു. സമവായ ചര്‍ച്ചകള്‍ക്കുളള സാധ്യത അധികൃതര്‍ ഒഴിവാക്കുകയായിരുന്നു.

ആവശ്യമില്ലാത്ത ജോലിക്കാരെ ഒഴിവാക്കി കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട്‌ പോകാനുളള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്‌ ബി ബി സി അധികൃതര്‍ പ്രതികരിച്ചു. ഈ മാസം 29ന്‌ വീണ്ടും 24 മണിക്കൂര്‍ സമരം നടത്താന്‍ എന്‍ യു ജെ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. മാധ്യമരംഗത്തെ ചൂഷണനയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക്‌ ബി ബി സി യിലെ തൊഴില്‍ സമരം ഊര്‍ജം പകരുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

janayugom 150711

1 comment:

  1. അധിക ജോലിക്കാരെ പിരിച്ചുവിടുമെന്ന ബി ബി സി അധികൃതരുടെ നയത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ സമരം ആരംഭിച്ചു. റേഡിയോ, ടി വി സംപ്രേഷണം തടസ്സപ്പെടുമെന്ന്‌ നാഷണല്‍ യൂണിയന്‍ ഓഫ്‌ ജേണലിസ്റ്റ്‌സ്‌ (എന്‍ യു ജെ) അറിയിച്ചു. പുതിയ നയമനുസരിച്ച്‌ ലോകത്തെമ്പാടുമുളള ബി ബി സിയുടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ജോലി നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്‌. മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ അങ്ങേയറ്റത്തെ നിരാശയുണ്ടെന്ന്‌ ബി ബി സി വക്‌താവ്‌ പറഞ്ഞു.

    ReplyDelete