Wednesday, July 13, 2011

എംഎല്‍എമാരുടെ നേതൃത്വത്തില്‍ നഗരത്തില്‍ കെഎസ്യു അഴിഞ്ഞാട്ടം

തിരുവനന്തപുരം: സെക്രട്ടറിയറ്റ് മാര്‍ച്ച് കഴിഞ്ഞു മടങ്ങിയ കെഎസ്യു പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടി. എംഎല്‍എമാരായ എന്‍എസ്യു പ്രസിഡന്റ് ഹൈബി ഈഡന്‍ , കെഎസ്യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി മടങ്ങിയ കെഎസ്യുക്കാരാണ് നഗരത്തില്‍ അഴിഞ്ഞാടിയത്. യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളെ സംഘം മര്‍ദിച്ചു. കേരള സര്‍വകലാശാലയില്‍ ഫീസ് അടയ്ക്കാന്‍ പോയ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അനൂപ്, ബസ് കാത്തു നില്‍ക്കുകയായിരുന്ന ഹസീം എന്നിവരെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിച്ചത്. തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിലേക്ക് രൂക്ഷമായ കല്ലേറും നടത്തി. കല്ലേറിനിടെ പ്രവര്‍ത്തകര്‍ വഴിയാത്രക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി.

യൂണിവേഴ്സിറ്റി കോളേജിലേക്കും വാഹനങ്ങള്‍ക്കു നേരെയും കല്ലേറ് നടത്തി നീങ്ങിയ സംഘത്തെ ആശാന്‍ സ്ക്വയറിന് സമീപം തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസ് ബാരിക്കേഡുകള്‍ കെഎസ്യു പ്രവര്‍ത്തകര്‍ തള്ളി താഴെയിട്ടു. തുടര്‍ന്ന് ആശാന്‍ സ്ക്വയറില്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് കന്റോണ്‍മെന്റ് അസി.കമീഷണര്‍ പി കൃഷ്ണന്‍നായര്‍ , സിഐ ടി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള വന്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. കെഎസ്യു അക്രമത്തില്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

deshabhimani 130711

1 comment:

  1. സെക്രട്ടറിയറ്റ് മാര്‍ച്ച് കഴിഞ്ഞു മടങ്ങിയ കെഎസ്യു പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടി. എംഎല്‍എമാരായ എന്‍എസ്യു പ്രസിഡന്റ് ഹൈബി ഈഡന്‍ , കെഎസ്യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി മടങ്ങിയ കെഎസ്യുക്കാരാണ് നഗരത്തില്‍ അഴിഞ്ഞാടിയത്.

    ReplyDelete