ഇളകാതെ ചെന്നിത്തലയും മുരളിയും
"മാണി സാറേ അവരെ (പ്രതിപക്ഷത്തെ) പ്രൊവോക്ക് ചെയ്യൂ"- മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുപറഞ്ഞു. "അയ്യോ കുഴപ്പമാകും"- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തി ചിലര്‍ അടക്കംപറഞ്ഞു. വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ വിലാപം. ബെന്നി ബഹനാനും ടി എന്‍ പ്രതാപനും സഭയ്ക്ക് പുറത്തേയ്ക്കും അകത്തേയ്ക്കും ഓടി. "ഇനി എത്ര പേര്‍ വേണം" ആര്യാടന്‍ മുഹമ്മദ് ആരാഞ്ഞു. മാണി പ്രസംഗിക്കൂ- ടി എം ജേക്കബിന്റെ നിര്‍ദേശം.. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കൊടുവില്‍ നിയമസഭ സാക്ഷ്യം വഹിച്ചത് ഈ നാടകീയ രംഗങ്ങള്‍ക്കാണ്.
ഓഗസ്ത് മുതല്‍ മൂന്നുമാസത്തേയ്ക്കുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള അംഗീകാരം തേടിയാണ് ധനവിനിയോഗ ബില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയും മന്ത്രിയുടെ മറുപടിയും കഴിഞ്ഞാല്‍ വകുപ്പ് തിരിച്ചുള്ള പരിഗണനയും മൂന്നാം വായനയുമാണ് കീഴ്വഴക്കം. ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ ധനമന്ത്രിയെ ആദ്യം വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ പ്രസംഗിച്ചതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ബില്ല് പാസാക്കുന്ന ഘട്ടത്തിലേക്ക് കടന്നു. ബില്ല് പാസാക്കണമെന്ന അഭ്യര്‍ത്ഥനയാണ് മൂന്നാം വായനയില്‍ നടക്കാറ്. ഈ ഘട്ടമെത്തിയപ്പോഴാണ് ഭരണപക്ഷത്ത് ആള്‍ബലമില്ലെന്ന് മനസ്സിലാക്കി നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ വിളിച്ചുപറയുന്ന മന്ത്രിമാര്‍ . ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ മൊബൈല്‍ ഫോണുമായി ഓടിനടക്കുന്ന ഭരണപക്ഷ നേതാക്കള്‍ . കല്ലിന് കാറ്റുപിടിച്ച മട്ടില്‍ സ്പീക്കറും. ഈ ബഹളത്തിനിടയിലും ഒന്നും അറിഞ്ഞില്ലെന്ന മട്ടുംഭാവവുമായി ചിലര്‍ ഇരിപ്പുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ , വി ഡി സതീശന്‍ , മന്ത്രി എം കെ മുനീര്‍ തുടങ്ങിയവര്‍ . സര്‍ക്കാര്‍ നിലംപൊത്തുന്ന പ്രതീതിയാണ് ഭരണപക്ഷത്ത് നിഴലിച്ചത്. ഇത് ഒഴിവാക്കാന്‍ പ്രകോപനമുണ്ടാക്കി സഭയില്‍ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെയും മറ്റും ആഹ്വാനം. സഭയില്‍ ഈ ബഹളമെല്ലാം നടക്കുമ്പോഴും ഭരണപക്ഷ അംഗങ്ങളില്‍ പലരും അതൊന്നും അറിഞ്ഞില്ല. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഓടിപിടച്ച് എത്തിയ കെ അച്യുതനെ ബെന്നി ബഹനാനും മറ്റും ശകാരിച്ചു. വര്‍ക്കല കഹാര്‍ മെക്കയിലേക്ക് പോകുന്നത് പ്രമാണിച്ച് പര്‍ച്ചേസ് നടത്തുന്ന തിരക്കിലായിരുന്നു. ഹൈബി ഈഡന്‍ ഡല്‍ഹിയിലും ടി യു കുരുവിള നാട്ടിലും.
സര്‍ക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ധനവിനിയോഗബില്‍ വിഷയത്തില്‍ തെളിഞ്ഞത് ഉമ്മന്‍ചാണ്ടി ഭരണത്തിന് ആയുസ്സില്ലെന്ന സന്ദേശം. ഭരണപക്ഷം ജനാധിപത്യവിരുദ്ധമായി നീങ്ങുകയും സ്പീക്കര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്തതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുടെ രാജി ബുധനാഴ്ച സംഭവിക്കാതിരുന്നത്. പതനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ജനാധിപത്യം കുരുതികൊടുക്കേണ്ടിവന്നു. പതിമൂന്നാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ അവസാനവേളയില്‍കണ്ട നാടകീയമായ സംഭവം 54 വര്‍ഷത്തെ കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം. ബില്ലും പ്രമേയവും പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി കഴിയില്ല. എന്നാല്‍ , അവിശ്വാസപ്രമേയം, ബജറ്റ്, ധനസംബന്ധമായ ബില്ലുകള്‍ എന്നിവയില്‍ തോല്‍വിയുണ്ടായാല്‍ സര്‍ക്കാര്‍ ഭരണഘടനാപ്രകാരംതന്നെ രാജിവയ്ക്കണം. ഇത്തവണ ഉമ്മന്‍ചാണ്ടി ഭരണം ബജറ്റ് പാസാക്കിയിട്ടില്ല. അതിനാല്‍ നാലുമാസത്തെ ചെലവിനുള്ള ധനം വിനിയോഗിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കാനുള്ള ബില്ലിലെ വോട്ടെടുപ്പാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം നടന്നത്.
സാധാരണയായി പകല്‍ 12.30ന് ധനവിനിയോഗബില്‍ പാസാക്കണം എന്നാണ് ചട്ടം. സമയം മാറ്റാനുള്ള പ്രമേയം ചീഫ് വിപ്പ് അവതരിപ്പിക്കുകയും അതിന് സഭ അംഗീകാരം നല്‍കുകയും വേണം. അങ്ങനെ സഭയുടെ പൊതുഅംഗീകാരപ്രകാരമാണ് പകല്‍ രണ്ടിനുശേഷവും ധനവിനിയോഗബില്‍ ചര്‍ച്ച നടന്നത്. ഒരുബില്ലിന് ഒന്നാം വായന, രണ്ടാം വായന, മൂന്നാം വായന എന്നിങ്ങനെ മൂന്നുഘട്ടങ്ങളുണ്ട്. ഇതില്‍ അവസാനഘട്ടത്തില്‍ തനിക്ക് നേരത്തെ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. അതിനുപിന്നാലെ സ്പീക്കര്‍ ചെയ്യേണ്ടത് ബില്‍ വോട്ടിനിടുകയെന്നതാണ്. അതിന് മണിമുഴക്കണം. പക്ഷേ, അപ്പോള്‍ ഭരണപക്ഷത്ത് 62 അംഗങ്ങളും പ്രതിപക്ഷത്ത് 67 പേരുമുണ്ട്. അതുകാരണം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഭരണപക്ഷത്തിന്റെ ഹിതപ്രകാരം അരമണിക്കൂറോളം വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ സഹായം നല്‍കി. വോട്ടെടുപ്പിനുവേണ്ടി പ്രതിപക്ഷാംഗങ്ങള്‍ രണ്ടുതവണ നടുത്തളത്തില്‍ ഇറങ്ങി. എന്നിട്ടും വോട്ടെടുപ്പുണ്ടായില്ല. അവസാനം ഭരണപക്ഷത്ത് 67 പേര്‍ എത്തിയെന്ന് ഉറപ്പായിട്ടേ വോട്ടെടുപ്പിന് സ്പീക്കര്‍ തയ്യാറായുള്ളൂ.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വോട്ടെടുപ്പും സഭയും ബഹിഷ്ക്കരിച്ചപ്പോള്‍ കരിപുരണ്ടത് ഭരണപക്ഷത്തിന്റെയും സ്പീക്കറുടെയും മുഖത്താണ്. ധനവിനിയോഗബില്‍ പരാജയപ്പെട്ടാല്‍ ആഗസ്ത് ഒന്നുമുതലുള്ള ട്രഷറി ഇടപാടുകള്‍ മുടങ്ങും. ധനവിനിയോഗബില്‍ സഭ പാസാക്കുകയും ഗവര്‍ണര്‍ ഒപ്പിടുകയുംചെയ്താലേ ബില്‍ പ്രാബല്യത്തില്‍വരൂ. അതുകൊണ്ടാണ് ജനാധിപത്യമാര്‍ഗത്തില്‍ പാസാക്കാത്ത നിയമത്തിന് അംഗീകാരം നല്‍കരുതെന്നും സഭ വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടത്.
എന്തായാലും 13-ാം നിയമസഭയുടെ ആദ്യസമ്മേളനംതന്നെ യുഡിഎഫ് ഭരണത്തിന് അഗ്നിപരീക്ഷയായി. അവസാനദിനത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ടത് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പദവിയുടെ നിഷ്പക്ഷത കളഞ്ഞുകുളിച്ചതുകൊണ്ടുമാത്രം. പണ്ട് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ പഴയ നിയമസഭാമന്ദിരത്തില്‍ ഒരു സാധാരണ ബില്ലിന്റെ വോട്ടെടുപ്പ് സമയത്ത് സ്പീക്കര്‍ ഭരണകക്ഷി അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ കടന്നു വരുന്നതിനുവേണ്ടി ബെല്ല് നിറുത്താതെ മുഴക്കിയപ്പോള്‍ ഇലക്ട്രിക് വയര്‍ കത്തി മണി കേടായ അനുഭവമുണ്ട്. എന്നാല്‍ , വോട്ടെടുപ്പ് നടത്തേണ്ട സമയത്ത് മണി മുഴക്കാതെ സ്പീക്കര്‍ ജനാധിപത്യ പ്രക്രിയ പരിഹാസ്യമാക്കി. കരുണാകരമന്ത്രിസഭയെ നിലനിര്‍ത്താന്‍ കാസ്റ്റിങ് വോട്ടുചെയ്ത അന്നത്തെ സ്പീക്കര്‍ എ സി ജോസിനെ കടത്തിവെട്ടുന്ന നിലയിലാണോ ജി കാര്‍ത്തികേയന്റെ യാത്ര എന്നാണ് ഇനി അറിയാനുള്ളത്.
(ആര്‍ എസ് ബാബു)
പ്രത്യേക നിയമസഭാ യോഗം വിളിക്കണം
ധനവിനിയോഗബില്‍ നിയമസഭയില്‍ പാസാക്കിയത് കൃത്രിമ ഭൂരിപക്ഷത്തോടെയാണെന്നും പ്രത്യേക നിയമസഭായോഗം വിളിച്ച് ശരിയായ രീതിയില്‍ ബില്‍ പാസാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. അതിനുശേഷം മാത്രമേ ധനവിനിയോഗ ബില്ലിന് അംഗീകാരം നല്‍കാവൂ എന്നും പ്രതിപക്ഷ സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടു. നിയമസഭ ജനാധിപത്യവിരുദ്ധമായി പാസാക്കിയ ധനവിനിയോഗബില്ലിന് അംഗീകാരം നല്‍കരുത്. സഭയില്‍ ഇല്ലാതിരുന്ന ഒരംഗത്തിന്റെ പേരില്‍ മറ്റൊരു അംഗം കള്ളവോട്ട് രേഖപ്പെടുത്തിയതായും കക്ഷിനേതാക്കള്‍ പരാതിയില്‍ പറഞ്ഞു. വൈകിട്ട് അഞ്ചോടെയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ടത്. സി ദിവാകരന്‍ , മാത്യൂ ടി തോമസ്, എ കെ ശശീന്ദ്രന്‍ , എ എ അസീസ്, എം എ ബേബി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ധനവിനിയോഗ ബില്ലിന് അംഗീകാരം ഉറപ്പാക്കാന്‍ സ്പീക്കറും സര്‍ക്കാരും നിയമസഭയില്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചതെന്ന് വി എസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ധനവിനിയോഗ ബില്ലിന്റെ മൂന്നാം വായനയ്ക്കുശേഷം ബില്ലിന് അംഗീകാരം നല്‍കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. വോട്ടിനിടാതെ എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രതിപക്ഷ ഉപനേതാവിനോട് അദ്ദേഹം ചോദിക്കുകയായിരുന്നു. ഒന്നും പറയാനില്ലെന്നു വ്യക്തമാക്കിയപ്പോള്‍ വീണ്ടും ധനമന്ത്രിയോട് സംസാരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. ഈ സമയത്ത് സഭയില്‍ ഭരണപക്ഷത്ത് 64 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. വോട്ടിനിടാന്‍ പ്രതിപക്ഷം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും സ്പീക്കര്‍ അതിന് തയ്യാറായില്ല. സഭയില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലെന്നു കണ്ട് സര്‍ക്കാരിനെ നിലനിര്‍ത്താനാണ് സ്പീക്കര്‍ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതെന്നും വി എസ് പറഞ്ഞു. നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി സി ദിവാകരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അവകാശമില്ല: പിണറായി
ധനവിനിയോഗ ബില്‍ നിയമസഭയില്‍ നേരായ മാര്‍ഗത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യപരമായി വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ധനവിനിയോഗ ബില്‍ പരാജയപ്പെട്ടേനെ. വോട്ടെടുപ്പിലേക്ക് സഭ കടക്കേണ്ട സമയം അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതിന് ട്രഷറി ബെഞ്ച് ജനാധിപത്യവിരുദ്ധ കൗശലം കാട്ടി. ആ സമയത്ത് ഭരണപക്ഷത്ത് 62 പേരുടെ പിന്തുണയേ ഉണ്ടായിരുന്നുള്ളൂ. അതിനര്‍ഥം ബില്‍ പരാജയപ്പെടുമായിരുന്നുവെന്നാണ്.
വോട്ടെടുപ്പിനുവേണ്ടി പ്രതിപക്ഷം പലതവണ ആവശ്യമുന്നയിക്കുകയും അതിനുവേണ്ടി രണ്ടുതവണ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. എന്നിട്ടും നിശ്ചിതസമയത്ത് വോട്ടെടുപ്പ് നടത്താതെ ഭരണപക്ഷത്തിന്റെ ജനാധിപത്യക്കുരുതിക്ക് സ്പീക്കര്‍ കൂട്ടുനിന്നത് അപമാനകരമാണ്. ഹൈബി ഈഡന്‍ , ടി യു കുരുവിള, അച്യുതന്‍ , വര്‍ക്കല കഹാര്‍ തുടങ്ങി പത്ത് ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ വോട്ടെടുപ്പ് നടക്കേണ്ട സമയത്ത് ഇല്ലായിരുന്നു എന്ന കാരണത്താല്‍ അരമണിക്കൂറിലധികം വോട്ടെടുപ്പിനുവേണ്ടി സഭാനടപടികള്‍ നീട്ടിക്കൊണ്ടുപോയത് ജനാധിപത്യക്കുരുതിയാണ്. നൂലിഴ ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ് ഭരണം പാര്‍ലമെന്ററി ജനാധിപത്യത്തെ അപഹാസ്യമാക്കിയിരിക്കുകയാണ്. പിന്നീട് പ്രതിപക്ഷം വിട്ടുനിന്ന വോട്ടെടുപ്പില്‍പോലും ധനബില്ലിന് അനുകൂലമായി 67 പേരുടെ പിന്തുണ മാത്രമാണ് കിട്ടിയിരിക്കുന്നത്. സഭ അനുശാസിക്കുന്ന നടപടിക്രമം അനുസരിച്ച് വോട്ടെടുപ്പിന് അനുവദിക്കാതെ, ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെയാണ് ധനബില്‍ പാസാക്കിയിരിക്കുന്നത്. ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അപമാനമാണ്-പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
deshabhimani 210711
"മാണി സാറേ അവരെ (പ്രതിപക്ഷത്തെ) പ്രൊവോക്ക് ചെയ്യൂ"- മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുപറഞ്ഞു. "അയ്യോ കുഴപ്പമാകും"- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തി ചിലര്‍ അടക്കംപറഞ്ഞു. വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ വിലാപം. ബെന്നി ബഹനാനും ടി എന്‍ പ്രതാപനും സഭയ്ക്ക് പുറത്തേയ്ക്കും അകത്തേയ്ക്കും ഓടി. "ഇനി എത്ര പേര്‍ വേണം" ആര്യാടന്‍ മുഹമ്മദ് ആരാഞ്ഞു. മാണി പ്രസംഗിക്കൂ- ടി എം ജേക്കബിന്റെ നിര്‍ദേശം.. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കൊടുവില്‍ നിയമസഭ സാക്ഷ്യം വഹിച്ചത് ഈ നാടകീയ രംഗങ്ങള്‍ക്കാണ്.
ReplyDelete