Saturday, July 2, 2011

മന്‍മോഹന്‍ സിങ് കള്ളന്‍മാരുടെ ഭവന നാഥന്‍ : സ്വാമി അഗ്നിവേശ്

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് "കള്ളന്മാര്‍ മാത്രമുള്ള കേന്ദ്രസര്‍ക്കാര്‍" എന്ന ഭവനത്തിന്റെ ഗൃഹനാഥനായിരുന്നിട്ട് കാര്യമില്ലെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ടിഡിഎം ഹാളില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതൃത്വത്തില്‍ ജന്‍ലോക്പാലിനുവേണ്ടിയും അഴിമതി മുക്തകേരളത്തിനുമായുമുള്ള പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി അഗ്നിവേശ്.

അഴിമതിക്കെതിരെയുള്ള രോഷത്തില്‍നിന്ന് രൂപപ്പെട്ടതാണ് ലോക്പാല്‍ അനുകൂല ജനവികാരം. പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണം. ഒരു സ്വതന്ത്ര അധികാരസമിതിയാണു ബില്ലിനെത്തുടര്‍ന്ന് നിലവില്‍ വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യായാധിപന്‍മാര്‍വരെ അഴിമതി നടത്തുന്ന ദയനീയ അവസ്ഥയുള്ള രാജ്യത്ത് ലോക്പാല്‍ പരിധിയില്‍ അവരെയും ഉള്‍പ്പെടുത്തണമെന്നു മുഖ്യാതിഥിയായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് ചെയര്‍മാന്‍ പി സി സിറിയക് അധ്യക്ഷനായി. പ്രൊഫ എം കെ സാനു, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ , ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍ , അല്‍ഫോന്‍സ് കണ്ണന്താനം, കെ പി കെ മേനോന്‍ , എം ആര്‍ രാജേന്ദ്രന്‍ നായര്‍ , ജോണ്‍ ജോസഫ്, വി അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസും പങ്കാളി: അഗ്നിവേശ്

കൊച്ചി: കേന്ദ്രത്തിലെ ഭീമമായ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രധാനപങ്കുണ്ടെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. കനിമൊഴിയിലും രാജയിലും ഒതുങ്ങുന്നതല്ല അഴിമതിയുടെ കഥകളെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളാണ് അഴിമതി വര്‍ധിക്കാന്‍ കാരണം. 2ജി സ്പെക്ട്രം അഴിമതി 1.75 ലക്ഷം കോടിയുടേതാണെങ്കില്‍ കല്‍ക്കരിപ്പാടങ്ങളുടെ കൈമാറ്റത്തില്‍ നടന്നത് 40 ലക്ഷം കോടി രൂപയുടെ അഴിമതിയാണ്. കല്‍ക്കരിവകുപ്പിന്റെ ചുമതല പ്രധാനമന്ത്രി വഹിച്ചിരുന്ന 2006-09 കാലയളവിലാണ് ഈ അഴിമതി. അതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തരവാദിത്വത്തില്‍നിന്നു വിട്ടുനില്‍ക്കാനാവില്ല. 73 കല്‍ക്കരിപ്പാടങ്ങളാണ് കൈമാറ്റം ചെയ്തതത്. ഇതു ലഭിച്ചവര്‍ , സ്പെക്ട്രം അഴിമതിയിലേതുപോലെ വന്‍വിലയ്ക്ക് മറിച്ചുവില്‍ക്കുകയും ചെയ്തു. ഇത്തരം അഴിമതികളുടെ അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസും ജനലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 020711

1 comment:

  1. കേന്ദ്രത്തിലെ ഭീമമായ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രധാനപങ്കുണ്ടെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. കനിമൊഴിയിലും രാജയിലും ഒതുങ്ങുന്നതല്ല അഴിമതിയുടെ കഥകളെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

    ReplyDelete