പെരുമ്പാവൂര്‍: രാഷ്ട്രീയ രംഗം അഴിമതിയുടെയും മൂല്യച്യുതിയുടെയും പിടിയിലമരുന്ന ഈ കാലഘട്ടത്തില്‍ നാടിന്റെ സംശുദ്ധി ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പി കെ വി ഉത്തമ മാതൃകയാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ പറഞ്ഞു. പുല്ലുവഴിയിലെ കാപ്പിള്ളി തറവാട്ടുമുറ്റത്ത് പി കെ വി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ മറവില്‍ രാജ്യത്തെ സമ്പത്താകെ കൊള്ളയടിക്കുന്ന പൊതുപ്രവര്‍ത്തകരുടെ നിര ഏറിവരികയാണ്. കുംഭകോണങ്ങളില്‍ പെട്ട് രാജിവെക്കുന്ന അടുത്ത മന്ത്രിയാരാണെന്നു മാത്രമേ ജനത്തിനിനി അറിയേണ്ടതുള്ളൂ. അഴിമതിയും സ്വജനപക്ഷപാതവും നമ്മുടെ സമൂഹത്തില്‍ അത്രമേല്‍ വേരുറപ്പിച്ചു കഴിഞ്ഞു. ഇവിടെയാണ് പി കെ വി എന്ന മൂന്നക്ഷരത്തിന്റെ മഹത്വവും പ്രസക്തിയുമേറുന്നത്.
എംഎല്‍എയും എംപിയും മന്ത്രിയുമായ അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയായപ്പോഴും ആദര്‍ശനിഷ്ഠയില്‍ നിന്ന് അണുവിട വ്യതിചലിച്ചില്ല. ആ മുഖത്ത് സദാ തെളിഞ്ഞു കണ്ടിരുന്ന പുഞ്ചിരിപോലെ നിഷ്‌കളങ്കവും സംശുദ്ധവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം.
കള്ളപ്പണക്കാര്‍ തടിച്ചു കൊഴുക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ കോടതിയിലടക്കം നടക്കുന്നുണ്ട്. അക്കൂട്ടരെ സംരക്ഷിക്കാനല്ലാതെ സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങളോട് ഭരണാധികാരികള്‍ തെല്ലും മമത കാണിക്കുന്നില്ല. ഇവിടെയും പികെവിയെന്ന ഉജ്ജ്വല വ്യക്തിത്വം തേജസ്സാര്‍ന്ന പ്രതീകമായി നമുക്ക് മുന്നിലുണ്ട്. അധികാരത്തിലിരുന്ന നാളുകളില്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളുമധികം പരിഗണന നല്‍കിയ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു പി കെ വി.
പൊതുസമൂഹത്തിലെ അഴിമതിക്കെതിരെ കൂടുതല്‍ കരുത്തോടെ പൊരുതാനും രാഷ്ട്രീയ രംഗത്തെ സംശുദ്ധി വീണ്ടെടുക്കാനും പി കെ വിയുടെ സ്മരണ കരുത്തായി മാറണം. സാധാരണക്കാരുടെ ജീവിത ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനും വിട്ടുവീഴ്ചയില്ലാതെയും ജാഗ്രതയോടെയും പോരാട്ടം നടത്തേണ്ടിയിരിക്കുന്നു. സംഘടനാരംഗത്തും ഭരണരംഗത്തും പ്രതിസന്ധിഘട്ടങ്ങളില്‍ അക്ഷോഭ്യനായി നേതൃത്വം നല്‍കി അണികള്‍ക്ക് ആവേശം പകര്‍ന്ന പി കെ വി എല്ലാരംഗത്തും മാതൃകയാണെന്നും ഇസ്മയില്‍ പറഞ്ഞു.
അനുസ്മരണ സമ്മേളനത്തില്‍ എസ് ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു. നേരത്തെ പി കെ വി സ്മൃതി മണ്ഡപത്തില്‍ നേതാക്കളും കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
പി കെ വി: ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ നേതാവ്
തിരുവനന്തപുരം: നാടിന്റെയും ജനങ്ങളുടേയും ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടിയ നേതാവാണ് പി കെ വാസുദേവന്‍ നായരെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കന്‍മാരിലൊരാളായിരുന്നു പി കെ വി.
പി കെ വി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബര്‍ധന്‍. അരനൂറ്റാണ്ടിലേറെക്കാലം ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ തുടിക്കുന്ന സ്മരണ ബര്‍ധന്‍ അനുസ്മരിച്ചു. 1948 ല്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു പി കെ വിയെ ആദ്യമായി കണ്ടത്. 1948 ജനുവരി 30ന് കേരളത്തിലേക്ക് വരികയായിരുന്നു. വഴിയില്‍ തീവണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തി. യാത്രക്കാരെല്ലാം വണ്ടിയില്‍നിന്നിറങ്ങി. സ്റ്റേഷന്‍ മാസ്റ്ററോട് വിവരം തിരക്കി. ''നിങ്ങള്‍ അറിഞ്ഞില്ലേ, ഗാന്ധിജി കൊലചെയ്യപ്പെട്ടു'' സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. വണ്ടി അന്നു പോകില്ലെന്ന് അറിഞ്ഞപ്പോള്‍ അടുത്തുള്ള റോഡിലിറങ്ങി ഒരു ബസില്‍ കയറിപ്പറ്റി. കൊല്ലം വരെ എത്തി. തിരുവനന്തപുരത്തേക്ക് പോകാന്‍ ബസില്ല. കൊല്ലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് തിരഞ്ഞു നടക്കുമ്പോള്‍ ചെങ്കൊടി പാറുന്ന ഒരു ഓഫീസ് കണ്ടു. അവിടെ കടന്നുചെന്നപ്പോള്‍, എന്‍ ശ്രീകണ്ഠന്‍ നായരെ കണ്ടു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. അന്ന് അവിടെ തങ്ങി. പിറ്റേന്ന് തിരുവനന്തപുരത്ത് എത്തി. വിദ്യാര്‍ഥി ഫെഡറേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ സ്വീകരിച്ചത് പി കെ വിയായിരുന്നു. അന്നു തുടങ്ങിയതാണ് പി കെ വിയുമായുള്ള ബന്ധം.
പി കെ വിയുടെ നയതന്ത്രജ്ഞ പാടവം അടുത്തറിഞ്ഞത് വിനോബഭാവെ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം പ്രഖ്യാപിച്ച സന്ദര്‍ഭമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പി കെ വിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബാസുവും വിനോബഭാവയെ കാണാന്‍ എത്തി. അവരോടൊപ്പം വിനോബഭാവെയുടെ ആശ്രമത്തില്‍ ചെന്നു. വിനോബഭാവയെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പി കെ വിക്കും ജ്യോതിബാസുവിനും കഴിഞ്ഞു.
ഡല്‍ഹിയില്‍വച്ച് അന്തരിച്ച പി കെ വിയുടെ മൃതദേഹത്തെ അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം വരെ അനുഗമിച്ചപ്പോള്‍ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം നേരിട്ടു ബോധ്യമായി. ''പി കെ വി മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'' എന്ന മുദ്രാവാക്യവുമായി വഴിയിലുടനീളം അണിനിരന്ന ജനങ്ങളുടെ ദുഃഖസാന്ദ്രമായ മുഖം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലെന്ന് ബര്‍ധന്‍ പറഞ്ഞു.
janayugom 130711
രാഷ്ട്രീയ രംഗം അഴിമതിയുടെയും മൂല്യച്യുതിയുടെയും പിടിയിലമരുന്ന ഈ കാലഘട്ടത്തില്‍ നാടിന്റെ സംശുദ്ധി ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പി കെ വി ഉത്തമ മാതൃകയാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ പറഞ്ഞു. പുല്ലുവഴിയിലെ കാപ്പിള്ളി തറവാട്ടുമുറ്റത്ത് പി കെ വി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete