Monday, July 18, 2011

സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ല ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍

കല്‍പ്പറ്റ: ഫണ്ടിന്റെ അഭാവത്താല്‍ ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ . തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തിട്ടും കഴിഞ്ഞ നാല് മാസമായി അധ്യാപകരുടെ വേതനം മുടങ്ങിയിരിക്കുകയാണ്. സ്കൂള്‍ തുറന്ന് മാസങ്ങളായിട്ടും ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഫണ്ടിന്റെ അഭാവത്താല്‍ സ്കൂളുകള്‍ അടച്ച് പൂട്ടുന്നതോടെ ജില്ലയിലെ 1500ലധികം പാവപ്പെട്ട ആദിവാസികള്‍ വിദ്യാഭ്യാസം കിട്ടാക്കനിയാവും. പുതിയ അധ്യയന വര്‍ഷം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാറോ വിദ്യാഭ്യാസ വകുപ്പോ ഈ വിദ്യാലയങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല.

1997ലാണ് സംസ്ഥാനത്ത് കേന്ദ്രഗവണ്‍മെന്റിന്റെ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി പ്രകാരം ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങിയത്. സംസ്ഥാനത്ത് കാസര്‍കോഡ്, വായനാട്, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലായി 446 വിദ്യാലയങ്ങള്‍ ആരംഭിച്ചു. ഈ സ്കൂളുകളില്‍ ഏകദേശം 13000 കുട്ടികള്‍ പഠിക്കുന്നുണ്ട്. പുറം ലോകത്തെ സ്കൂളില്‍ എത്തിപ്പെടാന്‍ കഴിയാതെ വനത്തിലും മലമുകളിലും വസിക്കുന്നവര്‍ക്ക് അക്ഷരാഭ്യാസം നല്‍കുക എന്നായിരുന്നു ലക്ഷ്യം. വയനാട്ടില്‍ 10 സ്കൂളുകളാണ് തുടക്കത്തില്‍ ആരംഭിച്ചത്. പിന്നീട് ഏകാധ്യാപക വിദ്യാലയങ്ങള്‍ വിജയപ്രഥമാണെന്ന് കണ്ട് 62 എണ്ണം കൂടി തുടങ്ങി. ഇപ്പോള്‍ 52 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കാഴ്ചയില്ലാതെ തുടങ്ങിയ ഈ പ്രോജക്ടിന്റെ കാലാവധി 2002ഓടെ അവസാനിച്ചു. ഇതോടെ പദ്ധതി അവതാളത്തിലാകുമെന്ന സ്ഥിതി വന്നു.

പിന്നീട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ എസ്എസ്എ വഴി പദ്ധതി ഏറ്റെടുത്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും ഇപ്പോള്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ അലംബാവം കാണിക്കുകയാണ്. അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി സ്കൂളുകള്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീട് ഒരു നടപടിയും എടുത്തില്ല. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ടവരോട് പ്രശ്നം സംസാരിക്കുമ്പോള്‍ കുട്ടികളെ അടുത്തുള്ള സ്കൂളുകളിലേക്ക് അയക്കാനാണ് നിര്‍ദേശിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് നീക്കിവെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത് സംബന്ധിച്ച് പരാമര്‍ശം പോലും നടത്താത്തത് ഏകാധ്യാപക വിദ്യാലയങ്ങളുടെ ഭാവി അവതാളത്തിലാവുമെന്ന് സംശയിക്കുന്നു.

ജില്ലയില്‍ 52 അധ്യാപകരാണ് ഉള്ളത്. ഇവര്‍ കഴിഞ്ഞ നാല് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. സ്കൂര്‍ നില നിര്‍ത്തുക എന്ന ഉദ്ദേശത്തോടെ കുട്ടികളുടെ ആഹാര ചെലവും പാചകത്തൊഴിലാളകളുടെ കൂലിയും അധ്യാപാരാണ് നല്‍കുന്നത്. ഇത് തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരെങ്കിലും കഴിഞ്ഞ നാല് മാസമായി ശമ്പളവും ചെലവാക്കിയ പണവും കിട്ടാതെ ആശങ്കപ്പെടുകയാണ്. ഈ പ്രശ്നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒന്നും ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഈ വിദ്യാലയങ്ങള്‍ അടച്ച് പൂട്ടിയാല്‍ കാടിറങ്ങി നാട്ടിലേക്ക് ഒരു കുട്ടിയും അക്ഷരം അഭ്യസിക്കാന്‍ എത്തില്ല എന്ന് തീര്‍ച്ചയാണ്. കോളനി വാസികള്‍ക്കിടയില്‍ ശുചിത്വബോധവും സാമൂഹ്യബോധവും സൃഷ്ടിച്ച ഈ സ്കൂളുകള്‍ അടച്ചുപൂട്ടുന്നതോടെ പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ വീണ്ടും ഇരുളടഞ്ഞ ഭൂതകാലത്തിേല്‍ക്ക് തിരിച്ച് പോകും.

deshabhimani 180711

1 comment:

  1. ഫണ്ടിന്റെ അഭാവത്താല്‍ ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ . തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തിട്ടും കഴിഞ്ഞ നാല് മാസമായി അധ്യാപകരുടെ വേതനം മുടങ്ങിയിരിക്കുകയാണ്. സ്കൂള്‍ തുറന്ന് മാസങ്ങളായിട്ടും ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഫണ്ടിന്റെ അഭാവത്താല്‍ സ്കൂളുകള്‍ അടച്ച് പൂട്ടുന്നതോടെ ജില്ലയിലെ 1500ലധികം പാവപ്പെട്ട ആദിവാസികള്‍ വിദ്യാഭ്യാസം കിട്ടാക്കനിയാവും. പുതിയ അധ്യയന വര്‍ഷം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാറോ വിദ്യാഭ്യാസ വകുപ്പോ ഈ വിദ്യാലയങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല.

    ReplyDelete