Monday, July 18, 2011

വിസിയുടെ യോഗ്യത ലീഗുകാരന്‍ എന്നത് നാണക്കേട്: പിണറായി

അരീക്കോട് (മലപ്പുറം): സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാനുള്ള യോഗ്യത മുസ്ലിംലീഗുകാരനാണെന്ന് വരുന്നത് വലിയ നാണക്കേടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ അരീക്കോട്ട് സിപിഐ എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗ് നേതാവിനെ കലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറാക്കാന്‍ നടത്തിയത് വൃത്തികെട്ട നീക്കമാണ്. വിസിയെന്നത് ആദരവര്‍ഹിക്കുന്ന സ്ഥാനമാണ്. അക്കാദമിക് മികവാണ് വിസിയാകാനുള്ള മാനദണ്ഡം. എല്ലാ കാലത്തും അതാണ് രീതി. വിസി നിയമനത്തില്‍ ഇത്തരത്തിലൊരു ഇടപെടല്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. തപാല്‍മാര്‍ഗം ഉന്നതവിദ്യാഭ്യാസം നേടിയാല്‍ അത് അക്കാദമിക് മികവാകില്ല. പഠനശേഷം കോളേജിന്റെ പടി ചവിട്ടിയിട്ടില്ലാത്തയാള്‍ക്ക് കോളേജിനെക്കുറിച്ചും അതിന്റെ സമ്പ്രദായങ്ങളെക്കുറിച്ചും എന്തറിയാനാണ്? ഇതിനൊക്കെ ലീഗ് ഉത്തരം പറയേണ്ടതുണ്ട്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി വിദ്യാഭ്യാസമന്ത്രിതന്നെ ഈ കൊള്ളരുതായ്മക്ക് നേതൃത്വം കൊടുത്തുവെന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഭരണസംവിധാനം ഇത്രമാത്രം തരംതാഴാമോ എന്ന് ഭരിക്കുന്നവര്‍ ചിന്തിക്കണം.

പിഎസ്സി അംഗമായ ആള്‍ക്ക് വിസിയാകുന്നതില്‍ സാങ്കേതിക തടസ്സമില്ലെന്ന് കാണിക്കാന്‍ മധ്യപ്രദേശിലെ കാര്യങ്ങളാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. വിസി വെറും സാങ്കേതികപദവി മാത്രമല്ല. അതിന്റെ ഔന്നിത്യവും മഹത്വവും വളരെ വലുതാണ്. ഇക്കാര്യം ലീഗിന് മാത്രം മനസ്സിലാകാത്തത് വിചിത്രമാണ്. സര്‍ക്കാരുണ്ടെന്ന് കരുതി എന്തുമാകാമെന്ന ധാര്‍ഷ്ട്യം വിദ്യാഭ്യാസരംഗം കലുഷിതമാക്കും. ഏതൊരു അടുക്കളക്കാരനെക്കൊണ്ടും കാര്യങ്ങള്‍ നടത്താമെന്ന് സര്‍ക്കാര്‍ വിചാരിക്കരുത്. ശിങ്കിടികളെവച്ച് എന്തും സാധിക്കാമെന്ന ചിന്ത നാടിനെ എവിടേക്കാണ് കൊണ്ടെത്തിക്കുക? എന്തും ചെയ്യാമെന്ന മാനസികാവസ്ഥ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പിണറായി പറഞ്ഞു.

deshabhimani 180711

2 comments:

  1. സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാകാനുള്ള യോഗ്യത മുസ്ലിംലീഗുകാരനാണെന്ന് വരുന്നത് വലിയ നാണക്കേടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ അരീക്കോട്ട് സിപിഐ എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗ് നേതാവിനെ കലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറാക്കാന്‍ നടത്തിയത് വൃത്തികെട്ട നീക്കമാണ്.

    ReplyDelete
  2. ന്നാ പിന്നെ നമ്മടെ അച്ചുമാമന്റെ മകനെ ആക്കാം..എന്താ മതിയോ?

    ReplyDelete