Thursday, July 7, 2011

ഇന്റര്‍ ചര്‍ച്ച് നടപടി സുപ്രീംകോടതിവിധിയുടെ ലംഘനം

സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനവും കുഴപ്പത്തിലേക്ക്

സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ ഈ വര്‍ഷവും സര്‍ക്കാരിന് 50 ശതമാനം സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് കാത്തലിക് എന്‍ജിനിയറിങ് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. അസോസിയേഷനുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ധാരണയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ രണ്ട് തരം ഫീസ് ഈടാക്കിയാല്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വാദിച്ചു. സര്‍ക്കാര്‍ സീറ്റിലും മാനേജ്മെന്റ് സീറ്റിലും 75,000 രൂപ ഫീസ് വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കൂടാതെ ഒരു ലക്ഷം രൂപ പലിശരഹിത നിക്ഷേപവും വേണം. മാനേജ്മെന്റ് ക്വാട്ടയില്‍ 25,000 രൂപ ലാബ്-വര്‍ക്ഷോപ്പ് ചാര്‍ജും ഈടാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സീറ്റില്‍ കഴിഞ്ഞവര്‍ഷം 35,000 രൂപയായിരുന്നു പ്രതിവര്‍ഷ ഫീസ്. ലാബ്-വര്‍ക്ഷോപ്പ് ചാര്‍ജ് ഈടാക്കിയിരുന്നില്ല. 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ കഴിഞ്ഞവര്‍ഷം 99,000 രൂപ ട്യൂഷന്‍ ഫീസും ലാബ് ചാര്‍ജ്, വര്‍ക്ഷോപ്പ് ചാര്‍ജ് എന്നിങ്ങനെ 25,000 രൂപയുമാണ് ഈടാക്കിയിരുന്നത്. ഫീസ്വര്‍ധന അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ സര്‍ക്കാരും വര്‍ധന വേണമെന്ന നിലപാടില്‍ മാനേജ്മെന്റുകളും ഉറച്ചുനിന്നു. ഇതോടെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച ചര്‍ച്ച മൂന്നര മണിക്കൂറിന് ശേഷം ധാരണയിലെത്താതെ പിരിഞ്ഞു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയിലാണ് പരിഞ്ഞത്.

അതേസമയം, ഈ വര്‍ഷവും സര്‍ക്കാരുമായി ധാരണയ്ക്കില്ലെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള എന്‍ജിനിയറിങ് മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചതായി കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മലയിക്കുടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, ഗ്രാമവികസനമന്ത്രി കെ സി ജോസഫ്, അസോസിയേഷന്‍ പ്രതിനിധികളായ ജി പി സി നായര്‍ , പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ , യൂനൂസ് കുഞ്ഞ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്റര്‍ ചര്‍ച്ച് നടപടി സുപ്രീംകോടതിവിധിയുടെ ലംഘനം
ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ വാദം ശരിയെങ്കില്‍ , അവരുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനം. മെഡിക്കല്‍ പിജി പ്രവേശനം ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഉള്‍പ്പെടെയുള്ള വാദം പരിഗണിച്ച് എംബിബി എസ് പ്രവേശന നടപടികള്‍ക്കുള്ള കൗണ്‍സലിങ് ആരംഭിക്കാനുള്ള ആദ്യ തീയതിയായി അനുവദിച്ചത് ജൂലൈ രണ്ട് ആണ്. പിജി പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അലോട്ട്മെന്റ് നടപടികള്‍ തടസ്സപ്പെടാതിരിക്കാനാണ് എംബിബിഎസ് പ്രവേശനത്തിനുള്ള ആദ്യ കൗണ്‍സലിങ് തീയതി ജൂലൈ രണ്ട് ആയി പ്രഖ്യാപിച്ചത്. ജൂലൈ 31നകം മാത്രമേ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതുള്ളൂ.

എന്നാല്‍ , സുപ്രീംകോടതി അലോട്ട്മെന്റ് നടപടികള്‍ തുടങ്ങാന്‍ പറയുന്ന തീയതിക്കും മുമ്പ് അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വാദം. അങ്ങനെയെങ്കില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളുടെ ഈ നിലപാട് കോടതിവിധിയുടെ നഗ്നമായ ലംഘനമാണ്. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വോട്ടയില്‍ വിട്ടു നല്‍കാതിരിക്കാന്‍ ന്യായമായി പറയുന്നതും നേരത്തെ പ്രവേശനം നല്‍കിയ കുട്ടികളെ ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചുവെന്നാണ്. പരസ്പര വിരുദ്ധമായ വാദങ്ങള്‍ ഉയര്‍ത്തി തങ്ങളുടെ കൊള്ള തുടരാനാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ശ്രമം. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടികളെ അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രി കെ എം മാണിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെ നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേത്തുടര്‍ന്നാണ് സ്വാശ്രയരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

deshabhimani 070711

1 comment:

  1. ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ വാദം ശരിയെങ്കില്‍ , അവരുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനം. മെഡിക്കല്‍ പിജി പ്രവേശനം ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഉള്‍പ്പെടെയുള്ള വാദം പരിഗണിച്ച് എംബിബി എസ് പ്രവേശന നടപടികള്‍ക്കുള്ള കൗണ്‍സലിങ് ആരംഭിക്കാനുള്ള ആദ്യ തീയതിയായി അനുവദിച്ചത് ജൂലൈ രണ്ട് ആണ്. പിജി പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അലോട്ട്മെന്റ് നടപടികള്‍ തടസ്സപ്പെടാതിരിക്കാനാണ് എംബിബിഎസ് പ്രവേശനത്തിനുള്ള ആദ്യ കൗണ്‍സലിങ് തീയതി ജൂലൈ രണ്ട് ആയി പ്രഖ്യാപിച്ചത്. ജൂലൈ 31നകം മാത്രമേ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതുള്ളൂ.

    ReplyDelete