Thursday, July 7, 2011

റിലയന്‍സിന്റെ അടിമകള്‍

യുപിഎ സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന് നിശ്ചയിക്കുന്നത് റിലയന്‍സാണ്. തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ അധികാരം കൈയാളാനുള്ള പ്രാപ്തി റിലയന്‍സ് നേടി എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി മറയില്ലാതെ കാണാനാവുന്ന യാഥാര്‍ഥ്യം. എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും മാത്രമല്ല നിയമനിര്‍മാണ സഭയെയും റിലയന്‍സിനുവേണ്ടി ചലിപ്പിക്കാന്‍ യുപിഎ നേതൃത്വം മടിക്കുന്നില്ല. അതിന് തെളിവാണ് അംബാനിമാര്‍ തമ്മിലുള്ള പ്രകൃതിവാതകത്തിന്റെ പങ്കുവയ്പുതര്‍ക്കം അവസാനിപ്പിക്കാനുള്ള ചര്‍ച്ചാവേദിയാക്കി ഇന്ത്യന്‍ പാര്‍ലമെന്റിനെ മാറ്റിയത്. ജനാധിപത്യത്തിന്റെ അന്തഃസത്തയെ റിലയന്‍സിന്റെ പണക്കൂമ്പാരത്തിനുമുന്നില്‍ കാണിക്കവച്ചിരിക്കുന്നു.

റിലയന്‍സിനുവേണ്ടിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞത്. ലാഭത്തില്‍ പ്രവര്‍ത്തിച്ച പെട്രോളിയം കമ്പനിയായിരുന്ന ഐപിസിഎല്ലിനെ റിലയന്‍സ് ഗ്രൂപ്പിന് കൈമാറിയത് അവിശ്വസനീയമാംവണ്ണം നിസ്സാര വിലയ്ക്കാണ്. പെട്രോളിയം രംഗത്ത് ആധിപത്യം സ്ഥാപിക്കാന്‍ റിലയന്‍സിന് അടിത്തറയായത് ആ കൈമാറ്റമാണ്. റിലയന്‍സിന്റെ ജാംനഗര്‍ പ്ലാന്റിന് പ്രത്യേക സാമ്പത്തികമേഖലാ പദവിയും റിലയന്‍സിന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിയും നല്‍കിയത് യുപിഎസര്‍ക്കാരാണ്. ഇതിലൂടെ അളവറ്റ നികുതിയിളവുകള്‍ റിലയന്‍സിന് കിട്ടി. കയറ്റുമതിക്കുള്ള അനുമതിയിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ അധികവരുമാനമാണ് ആ കമ്പനിക്കുണ്ടായത്. റിലയന്‍സിന്റെ പൂട്ടിയിട്ടിരുന്ന പെട്രോള്‍പമ്പുകള്‍ തുറന്നുതുടങ്ങിയിട്ടുണ്ട്. വിലനിയന്ത്രണം എടുത്തുകളഞ്ഞതിന്റെ ഫലമാണിത്. കൂടുതല്‍ ലാഭംതേടി കയറ്റി അയച്ചിരുന്ന എണ്ണ അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇന്ത്യയില്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ റിലയന്‍സിന് ഇന്ന് കഴിയും.

എണ്ണയുടെ കാര്യത്തില്‍മാത്രമല്ല റിലയന്‍സിന് സൗജന്യം ലഭിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് ടെലികോമിനെ സഹായിക്കാന്‍ കേന്ദ്രമന്ത്രിയായിരുന്ന എ രാജ വഴിവിട്ട് നടത്തിയ നീക്കങ്ങള്‍ കോടതിയില്‍ തെളിവായി എത്തിയിട്ടുണ്ട്. 2ജി സ്പെക്ട്രത്തിന് അനുമതി ലഭിച്ച സ്വാന്‍ ടെലികോമില്‍ റിലയന്‍സിന് പത്തു ശതമാനം ഓഹരിയുണ്ട്. ഇന്ന് പുറത്തുവന്ന പടുകൂറ്റന്‍ അഴിമതികളില്‍ ഒട്ടുമിക്കതിലും റിലയന്‍സിന്റെ കൈകളുണ്ടെന്നര്‍ഥം. ജുഡീഷ്യറിയെ വഴിവിട്ട് സ്വാധീനിച്ച് രാഷ്ട്രീയ നേതൃത്വത്തെ ചൊല്‍പ്പടിയിലാക്കാനും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സാധിച്ചെടുക്കാനും റിലയന്‍സ് ഇടപെട്ടതിന്റെ അനേകം കഥകള്‍ നാട്ടില്‍ പ്രചരിക്കുന്നു. രാജ്യത്തെത്തന്നെ വിയ്ക്കെടുക്കാന്‍ തങ്ങള്‍ വളര്‍ന്നു എന്ന് റിലയന്‍സിന് തോന്നലുണ്ടാക്കിയത് യുപിഎ സര്‍ക്കാരാണ്. ഇപ്പോള്‍ , മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള ഇടപാടില്‍മാത്രം 30,000 കോടി രൂപയെങ്കിലും കേന്ദ്രസര്‍ക്കാരിന് നഷ്ടം വന്നിട്ടുണ്ടാകുമെന്ന് സിഎജി കണ്ടെത്തിയിരിക്കുന്നു. കൂറ്റന്‍ മഞ്ഞുകട്ടയുടെ അഗ്രം മാത്രമാണത്. 2ജി സ്പെക്ട്രം അഴിമതിയെ വെല്ലുന്ന ഹിമാലയന്‍ തട്ടിപ്പാണ് കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതക പര്യവേക്ഷണവുമായി ബന്ധപ്പെട്ടു നടന്നത്. പര്യവേക്ഷണ കരാര്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നല്‍കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ്. ചെലവ് 12,000 കോടി രൂപയായാണ് നിശ്ചയിച്ചിരുന്നത്. വാതക ഉല്‍പ്പാദനം തുടങ്ങിയാല്‍ വരുമാനം സര്‍ക്കാരുമായി പങ്ക് വയ്ക്കണമെന്നായിരുന്നു കരാര്‍ . ലാഭം പങ്ക് വയ്ക്കുന്നത് ഒഴിവാക്കാന്‍ പര്യവേക്ഷണച്ചെലവ് മൂന്നിരട്ടിയായി മുകേഷ് അംബാനി വര്‍ധിപ്പിച്ച് കാണിച്ചു.

45,000 കോടിയാണ് കാണിച്ചത്. പെട്രോളിയംമന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോ കാര്‍ബണും ഇതിന് അംഗീകാരം നല്‍കി. ഇതുവഴി കേന്ദ്രസര്‍ക്കാരിന് നഷ്ടം വന്നു എന്നാണ് സിഎജിയുടെ കണ്ടെത്തല്‍ . ചെലവ് പെരുപ്പിച്ചു കാട്ടി ഖനനംചെയ്യുന്ന പ്രകൃതിവാതകത്തിന് വില കൂട്ടാനുള്ള നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇങ്ങനെ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ സിഎജി, യുപിഎ സര്‍ക്കാരിലെ പെട്രോളിയം മന്ത്രാലയത്തിനുനേരെയാണ് വിരല്‍ചൂണ്ടിയത്. ഇപ്പോഴത്തെ കമ്പനികാര്യ മന്ത്രി മുരളി ദേവ്റ പെട്രോളിയംമന്ത്രാലയത്തിന്റെ ചുമതലയിലിരിക്കെയാണ് റിലയന്‍സിനെ വഴിവിട്ട് സഹായിച്ചത്. റിലയന്‍സ് അടക്കമുള്ള വ്യവസായ പ്രമുഖരുമായി അടുത്തബന്ധമുള്ളയാളാണ് ദേവ്റ. ആദ്യ യുപിഎ സര്‍ക്കാരിലും പെട്രോളിയം വകുപ്പ് അദ്ദേഹത്തിനായിരുന്നു. ദേവ്റ അറിഞ്ഞുകൊണ്ടാണ് റിലയന്‍സുമായി വെട്ടിപ്പുകരാറൊപ്പിട്ടതെന്ന് തെളിവുസഹിതം ആരോപണമുയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്ന് പെട്രോളിയംവകുപ്പില്‍നിന്ന് ദേവ്റയെ മാറ്റാന്‍ യുപിഎ നേതൃത്വം നിര്‍ബന്ധിതരായി. ഇപ്പോള്‍ ആ തലവും കടന്നിരിക്കുന്നു. ദേവ്റയുടെ നേരിട്ടുള്ള പങ്കാളിത്തം സംശയരഹിതമായി തെളിയുകയാണ്. ആ അവസ്ഥയിലാണ്, മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുകയാണെന്ന പ്രഖ്യാപനവും രാജിക്കത്ത് കൈമാറലും നടന്നത്.

ഒരു ദേവ്റ രാജിവച്ചതുകൊണ്ടോ രാജ ജയിലിലായതുകൊണ്ടോ അവസാനിക്കുന്നതല്ല അഴിമതിയുടെ പ്രശ്നം. 2ജി സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തം വ്യക്തമാണ്. ആ കേസില്‍ ഡിഎംകെയെമാത്രം കുരിശില്‍തറച്ച് കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇവിടെ, ദേവ്റയുടെ രാജി വാങ്ങി, അഴിമതിക്കാരുടെ കോറസായ കോണ്‍ഗ്രസിനെ കുറ്റമുക്തമാക്കാന്‍ നാടകമാടുന്നു. മുപ്പതിനായിരം കോടി രൂപ നഷ്ടമുണ്ടാക്കാന്‍ ഒരു ദേവ്റയ്ക്ക് കഴിയില്ല- അതിന് കോണ്‍ഗ്രസ് സംവിധാനത്തിന്റെയാകെയും കേന്ദ്ര ഭരണാധികാരത്തിന്റെയും തണല്‍ വേണം. ആ തണല്‍ അംബാനിക്ക് സംഭാവനചെയ്തത് ആരാണ് എന്നന്വേഷിക്കുമ്പോള്‍ ഒരു ദേവ്റയുടെ മുഖം മാത്രമാവില്ല കാണുക എന്നര്‍ഥം. റിലയന്‍സിന്റെ ശമ്പളക്കാരല്ല തങ്ങള്‍ എന്ന് യുപിഎ നേതൃത്വത്തിന് തോന്നിയാലേ ഇതിന് പരിഹാരമുണ്ടാക്കാനാവൂ. തല്‍ക്കാലം അങ്ങനെ സംഭവിക്കാന്‍ സാധ്യതകളൊന്നുമില്ല. എത്രമാത്രം നാണംകെട്ടും അംബാനിയെ സംരക്ഷിക്കാനാവും യുപിഎ സര്‍ക്കാരിന്റെ ഇനിയുള്ള ശ്രമവും. അത് ചെറുക്കാനുള്ള ഇടപെടലുകളാണ് പുരോഗമനശക്തികളില്‍നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്.

deshabhimani editorial 070711

1 comment:

  1. യുപിഎ സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന് നിശ്ചയിക്കുന്നത് റിലയന്‍സാണ്. തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ അധികാരം കൈയാളാനുള്ള പ്രാപ്തി റിലയന്‍സ് നേടി എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി മറയില്ലാതെ കാണാനാവുന്ന യാഥാര്‍ഥ്യം. എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും മാത്രമല്ല നിയമനിര്‍മാണ സഭയെയും റിലയന്‍സിനുവേണ്ടി ചലിപ്പിക്കാന്‍ യുപിഎ നേതൃത്വം മടിക്കുന്നില്ല. അതിന് തെളിവാണ് അംബാനിമാര്‍ തമ്മിലുള്ള പ്രകൃതിവാതകത്തിന്റെ പങ്കുവയ്പുതര്‍ക്കം അവസാനിപ്പിക്കാനുള്ള ചര്‍ച്ചാവേദിയാക്കി ഇന്ത്യന്‍ പാര്‍ലമെന്റിനെ മാറ്റിയത്. ജനാധിപത്യത്തിന്റെ അന്തഃസത്തയെ റിലയന്‍സിന്റെ പണക്കൂമ്പാരത്തിനുമുന്നില്‍ കാണിക്കവച്ചിരിക്കുന്നു.

    ReplyDelete