Thursday, July 14, 2011

സ്വാശ്രയ പ്രവേശനവും ഫീസ് ഘടനയും നിയന്ത്രിക്കണമെന്ന് കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസ് ഘടനയും മറ്റ് അനുബന്ധ കാര്യങ്ങളും നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ഹൈക്കോടതി.

സര്‍വകലാശാല നിയമത്തിന്റെ 73 എ വകുപ്പ് പ്രകാരം സര്‍വകലാശാല നിയമത്തിലും ചട്ടങ്ങളിലും എന്തുതന്നെ അടങ്ങിയിരുന്നാലും സ്വാശ്രയ കോളജുകളിലെ പ്രവേശനം, ഫീസ് ഘടന, ജീവനക്കാരുടെയും അധ്യാപകരുടെയും സേവന-വേതന വ്യവസ്ഥകള്‍ എന്നിവ നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഇതിനുള്ള അവകാശം സര്‍വകലാശാലയ്ക്കില്ല. എന്നാല്‍, ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയമിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കമ്മിറ്റി രൂപീകരിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

ഏകജാലക സംവിധാനം വഴി മെറിറ്റ് ക്വാട്ടയിലേക്കുള്ള ഡിഗ്രി പ്രവേശനത്തിനായി എംജി സര്‍വകലാശാല പുറപ്പെടുവിച്ച റെഗുലേഷന്‍സ് സ്വകാര്യ അണ്‍ എയ്ഡഡ് കോളജുകള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. അതേസമയം ഈ വര്‍ഷത്തെ പ്രവേശന നടപടികളില്‍ കോടതി ഇടപെട്ടില്ല.

സ്വകാര്യ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. എന്നാല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ പുതിയ ഭരണസമിതി കേസില്‍ കക്ഷി ചേരുകയോ അസോസിയേഷന്റെ നിലപാടിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ സാംഗത്യത്തിലേക്ക് കോടതി കടന്നില്ല.

പ്രവേശന പരീക്ഷ നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുമതി

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ന് നടത്താനിരുന്ന എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് ഹൈക്കോടതി അനുമതി നല്‍കി.പരീക്ഷ സ്വാശ്രയ നിയമത്തിന്റെ ലംഘനമാണെന്നാരോപിച്ച് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടക്കാല ഉത്തരവ്.

പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാമെങ്കിലും അന്തിമ തീരുമാനം കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട 11 സ്വാശ്രയ മെഡിക്കല്‍ കോളജുകളാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിലായി 1400ഓളം അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷ നടത്തുന്നത്.മാനേജ്‌മെന്റിന് അനുവദിച്ച 50% സീറ്റുകളിലേക്കാണ് പരീക്ഷ. എന്നാല്‍ ഈ പരീക്ഷ നടത്തുന്നത് പ്രവേശന നിരീക്ഷണ സമിതിയായ മുഹമ്മദ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

സ്വാശ്രയനിയമം സംബന്ധിച്ച വിവിധ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ പ്രവേശന പ്രക്രിയകള്‍ ഓരോ ഘട്ടവും മുഹമ്മദ് കമ്മിറ്റിയെ അറിയിച്ച് അംഗീകാരം തേടണമെന്നുണ്ട്. എന്നാല്‍ മാനേജ്‌മെന്റുകള്‍ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ജോര്‍ജ് പൂന്തോട്ടം വാദിച്ചു.

എന്നാല്‍ മുഹമ്മദ് കമ്മിറ്റി ഇക്കാര്യത്തില്‍ ഇടപെടാതിരുന്നത് അസോസിയേഷന്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാതിരുന്നതിനാലാണെന്നും കരാറിലൊപ്പിടുന്ന പക്ഷം ഇടപെടുമെന്നും കമ്മിറ്റി പറഞ്ഞത് കോടതിയെ ചൊടിപ്പിച്ചു.

മുഹമ്മദ് കമ്മിറ്റി ഇക്കാര്യത്തില്‍ വെറും കാഴ്ചക്കാരനായി നിലകൊണ്ടെന്നും കമ്മിറ്റി ചുമതല നിറവേറ്റിയില്ലെന്നും കോടതി വിമര്‍ശിച്ചു.  അസോസിയേഷന്റെ എല്ലാ നടപടികളും മുഹമ്മദ് കമ്മറ്റി മൗനമായി അംഗീകരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെ ശ്രീ ഗോകുലം കോളജ്, ഉത്രാടം തിരുനാള്‍, സിഎസ്‌ഐ കാരക്കോണം, കൊല്ലം അസീസിയ, ട്രാവന്‍കൂര്‍, പെരിന്തല്‍മണ്ണ എംഇഎസ്, പാലക്കാട് കരുണ, കെഎംസിടി മുക്കം, കണ്ണൂര്‍ മെഡിക്കല്‍ കോളജ് തുടങ്ങിയ മെഡിക്കല്‍ കോളജുകളാണ് ഇന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചത്.

janayugom 140711

1 comment:

  1. സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലെ പ്രവേശനവും ഫീസ് ഘടനയും മറ്റ് അനുബന്ധ കാര്യങ്ങളും നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ഹൈക്കോടതി.

    സര്‍വകലാശാല നിയമത്തിന്റെ 73 എ വകുപ്പ് പ്രകാരം സര്‍വകലാശാല നിയമത്തിലും ചട്ടങ്ങളിലും എന്തുതന്നെ അടങ്ങിയിരുന്നാലും സ്വാശ്രയ കോളജുകളിലെ പ്രവേശനം, ഫീസ് ഘടന, ജീവനക്കാരുടെയും അധ്യാപകരുടെയും സേവന-വേതന വ്യവസ്ഥകള്‍ എന്നിവ നിര്‍ണയിക്കാനുള്ള അവകാശം സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം ഇതിനുള്ള അവകാശം സര്‍വകലാശാലയ്ക്കില്ല. എന്നാല്‍, ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയമിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കമ്മിറ്റി രൂപീകരിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

    ReplyDelete