Thursday, July 14, 2011

പാഞ്ചാലീ വസ്ത്രാക്ഷേപവും മാണിയുടെ നരകയാത്രയും

ഭഗവത്ഗീതയുടെ പതിനാറാം അധ്യായത്തില്‍ 16-ാം ഖണ്ഡത്തില്‍ ഇങ്ങനെ പറയുന്നു- "അനേക ചിത്തവിഭ്രാന്താ മോഹജാസമാവൃതാ: പ്രസക്താ: കാമഭോഗേഷു, പതന്തി നരകേ ശുചൗ"-പല കാര്യങ്ങളില്‍ മനസ്സ് പതറിയവരും മോഹജാലങ്ങളില്‍ മനസ്സ് കുടുങ്ങിയവരും കാമലാഭമുണ്ടാകണമെന്ന ആസക്തിയോടു കൂടിയവരുമായവര്‍ അശുദ്ധമായ നരകത്തില്‍ ചെന്നു പതിക്കുന്നു. കെ എം മാണിയുടെ ബജറ്റ് പ്രസംഗം വായിച്ച ഏതൊരാള്‍ക്കും ഈ വരികളേ ഓര്‍മ വരൂ എന്ന് സാജുപോള്‍ . നിയമസഭയില്‍ തിങ്കളാഴ്ച നിറഞ്ഞുനിന്നത് ഭഗവത്ഗീതയും മഹാഭാരതവും ഉറുദു കവിതകളും.

ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്മേലുള്ള ചര്‍ച്ച നിയമസഭയെ സജീവമാക്കി. ബജറ്റിലെ പൊള്ളത്തരങ്ങളും അസന്തുലിതാവസ്ഥയും ജനവിരുദ്ധ സമീപനങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ മുന്നേറിയപ്പോള്‍ ഭരണപക്ഷത്തുനിന്ന്് പ്രതിരോധം ദുര്‍ബലം. അനുകൂലിച്ചു പ്രസംഗിച്ച ഭരണകക്ഷി അംഗങ്ങള്‍ പോലും ഇടയ്ക്കിടെ ബജറ്റിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി. ബജറ്റ് പ്രസംഗം ഉപസംഹരിച്ച് ഋഗ്വേദത്തിലെ വരികള്‍ ഉദ്ധരിച്ച് എല്ലാവരോടും യോജിക്കാന്‍ പറഞ്ഞ മാണിസാര്‍ തീര്‍ച്ചയായും ഭഗവത്ഗീതയിലെ 16-ാം അധ്യായത്തിലെ 16-ാം ഖണ്ഡികയില്‍ പറയുംപോലെ നരകത്തിലേക്ക് പോകാതിരിക്കട്ടെ എന്ന് സാജുപോള്‍ ആശംസിച്ചു. കാരണം ബജറ്റില്‍ മുഴുവന്‍ മോഹജാലങ്ങളും കാമലാഭങ്ങളും ആസക്തികളുമാണ്. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനു പോലും അതൃപ്തിയുണ്ടാക്കിയ ബജറ്റാണ് ഇതെന്ന് സാജുപോള്‍ . ഇത് യുഡിഎഫിന്റെ ബജറ്റാണെന്നായി മാണി. ഒരു കടലാസില്‍ 100 തവണ തേന്‍ എന്നെഴുതി 1000 തവണ നക്കിയാലും കടലാസിന് മധുരമുണ്ടാകില്ലല്ലോ എന്ന് സാജുപോള്‍ പ്രതികരിച്ചപ്പോള്‍ ഭരണപക്ഷത്തിനും ചെയറിനും ഉള്‍പ്പെടെ പൊട്ടിച്ചിരി അടക്കാനായില്ല. മാണിയെ സഹായിക്കാന്‍ പി സി ജോര്‍ജ് എഴുന്നേറ്റപ്പോള്‍ പണ്ട് മാണിസാറിനെക്കുറിച്ച് ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ തന്റെ മനസ്സിലുണ്ടെന്നു മാത്രമേ സാജുപോള്‍ പറഞ്ഞുള്ളൂ. അപ്പോഴേക്കും ജോര്‍ജ് ഇരുന്നു.

ഉറുദു കവിതകള്‍ ഉദ്ധരിച്ച് പാണ്ഡിത്യം തെളിയിക്കാനിറങ്ങിയ അബ്ദുള്‍ സമദ് സമദാനിക്ക് കെ വി അബ്ദുള്‍ഖാദറിന്റെ ഉരുളയ്ക്കുപ്പേരി. സമദാനി 1000 തവണ ഉറുദു കവിത വായിച്ചാലും മാണിസാറിന്റെ വെള്ളം തേനാകില്ലെന്നായി അബ്ദുള്‍ഖാദര്‍ . തോമസ് ഐസക്കിന്റെ ബജറ്റിലെ വസ്ത്രങ്ങള്‍ പാറിപ്പോയെന്നു പറഞ്ഞ സമാദാനിയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കെ വി അബ്ദുള്‍ഖാദറിനോട് ജി സുധാകരന്റെ ചോദ്യം-നിറഞ്ഞ സഭയില്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തിയ ദുശ്ശാസനെപ്പോലെ ഐസക്കിന്റെ മനോഹരമായ ബജറ്റിന്റെ വസ്ത്രാക്ഷേപം നടത്തിയ മാണിയുടെ ഗതിയും ദുശ്ശാസനന്റേത് തന്നെയായിരിക്കില്ലേ?

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനാണ് പൊതുചര്‍ച്ച തുടങ്ങിയത്. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത്രയേറെ ജനങ്ങളെ എങ്ങനെ വെറുപ്പിക്കാന്‍ കഴിയുമെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചതായി ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. മാണിസാര്‍ അദ്ദേഹത്തിനു തന്നെ മറുപടി പറയുന്ന ബജറ്റാണിത്. സ്വന്തം ബജറ്റെങ്കിലും മാണിസാര്‍ മനസ്സിരുത്തി വായിക്കണമെന്നും ഐസക്. ടിവി ചാനലുകളില്‍ കയറി മേശപ്പുറത്ത് ചങ്കെടുത്തു വച്ച് കണ്ണീര്‍ പൊഴിച്ചാല്‍ അത് ജനങ്ങള്‍ക്ക് മനസ്സിലാകും. നല്ല നാട്യക്കാരനായ മാണിസാര്‍ വേഷമിട്ടാല്‍ നല്ല നടനെ കിട്ടുമായിരുന്നെന്നും ഐസക് പറഞ്ഞു. പതിവു ശൈലിയില്‍ മുന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ സമയം ചെലവഴിച്ച വി ഡി സതീശന്‍ ഭൂപരിഷ്കരണനിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സതീശന് സ്വന്തം സഹപ്രവര്‍ത്തകനായ ടി എന്‍ പ്രതാപനെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമോ എന്ന് പി തിലോത്തമന്‍ ചോദിച്ചു. എം ഉമ്മര്‍ , സി കെ നാണു, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) സി എഫ് തോമസ്, ബി സത്യന്‍ , എ എ അസീസ്, പുരുഷന്‍ കടലുണ്ടി, ടി വി രാജേഷ്, പി എ മാധവന്‍ , ടി എ അഹമ്മദ് കബീര്‍ , ഇ കെ വിജയന്‍ , പി സി വിഷ്ണുനാഥ്, ബാബു എം പാലിശ്ശേരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സമ്പത്തും അടിയന്തര ചോദ്യമായി സഭയില്‍ വന്നു. പ്രത്യേക സുരക്ഷാമേഖലയില്‍ മോഷണം പെരുകുന്നെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സുരക്ഷാ സംവിധാനത്തെ പരിഹസിച്ചു. സബ്സിഡിയോടെയുള്ള ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എളമരം കരിം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. പകരം സബ്മിഷനായി അവതരിപ്പിച്ചു. ഗ്യാസ് സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ഈ ആവശ്യം കേരളത്തിന്റെ പൊതുവികാരമായി കേന്ദ്രത്തെ അറിയിക്കാന്‍ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കറും ഭരണപക്ഷവും വഴങ്ങിയില്ല.

എം രഘുനാഥ് deshabhimani 130711

1 comment:

  1. ഭഗവത്ഗീതയുടെ പതിനാറാം അധ്യായത്തില്‍ 16-ാം ഖണ്ഡത്തില്‍ ഇങ്ങനെ പറയുന്നു- "അനേക ചിത്തവിഭ്രാന്താ മോഹജാസമാവൃതാ: പ്രസക്താ: കാമഭോഗേഷു, പതന്തി നരകേ ശുചൗ"-പല കാര്യങ്ങളില്‍ മനസ്സ് പതറിയവരും മോഹജാലങ്ങളില്‍ മനസ്സ് കുടുങ്ങിയവരും കാമലാഭമുണ്ടാകണമെന്ന ആസക്തിയോടു കൂടിയവരുമായവര്‍ അശുദ്ധമായ നരകത്തില്‍ ചെന്നു പതിക്കുന്നു. കെ എം മാണിയുടെ ബജറ്റ് പ്രസംഗം വായിച്ച ഏതൊരാള്‍ക്കും ഈ വരികളേ ഓര്‍മ വരൂ എന്ന് സാജുപോള്‍ . നിയമസഭയില്‍ തിങ്കളാഴ്ച നിറഞ്ഞുനിന്നത് ഭഗവത്ഗീതയും മഹാഭാരതവും ഉറുദു കവിതകളും.

    ReplyDelete