Saturday, July 9, 2011

കര്‍ണാടകത്തില്‍ സ്കൂളുകളില്‍ ഗീതാപഠനം നിര്‍ബന്ധമാക്കുന്നു

ബംഗളൂരു: കര്‍ണാടകത്തിലെ വിദ്യാലയങ്ങളില്‍ ഭഗവദ്ഗീത പഠനവും പരിശീലനവും നിര്‍ബന്ധമാക്കുന്നു. ആര്‍എസ്എസ് സമ്മര്‍ദത്തെതുടര്‍ന്നാണ് എല്‍പി, യുപി, എച്ച്എസ് തലങ്ങളില്‍ ഗീത പഠിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചത്. ഇതുപ്രകാരം ചില ജില്ലകളില്‍ ഗീതാധ്യയനം തുടങ്ങി. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണിതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ച നിരവധി വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുകയാണ്.

എല്ലാ ചട്ടവും കാറ്റില്‍പ്പറത്തിയാണ് സ്കൂളുകളില്‍ ഗീതാധ്യയനം നിര്‍ബന്ധമാക്കിയത്. നാലുമാസംമുമ്പ് പുത്തൂരില്‍ നടന്ന ആര്‍എസ്എസ് ദേശീയ പ്രവര്‍ത്തകസമിതിയോഗം സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കണമെന്ന് ശുപാര്‍ശചെയ്തിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സിര്‍സിയിലെ സന്ധ്യ സ്മരണാ ട്രസ്റ്റിനാണ് ഭഗവദ്ഗീത പഠിപ്പിക്കാനുള്ള ചുമതല. എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്. മതചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സ്കൂളുകള്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് കര്‍ണാടകത്തില്‍ നിലനില്‍ക്കെയാണ് ഗീതാപഠനവും ശിബിരവും നടത്താനുള്ള നീക്കം.

കഴിഞ്ഞദിവസം കോലാറില്‍ പരീക്ഷ നടന്നുകൊണ്ടിരിക്കെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ സ്കൂളിലെത്തി ഗീതാപഠനക്യാമ്പ് സംഘടിപ്പിച്ചു. നിരോധനാജ്ഞ നിലനില്‍ക്കെ ഇരുപതോളം വിഎച്ച്പി പ്രവര്‍ത്തകര്‍ സ്കൂളില്‍ തടിച്ചുകൂടിയതിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അംബരീഷ് അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്തു. വിദ്യാഭ്യാസമേഖല കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ വെള്ളിയാഴ്ച സംസ്ഥാനമൊട്ടുക്ക് പ്രതിഷേധം സംഘടിപ്പിച്ചു.
(പി വി മനോജ്കുമാര്‍)

deshabhimani 090711

1 comment:

  1. കര്‍ണാടകത്തിലെ വിദ്യാലയങ്ങളില്‍ ഭഗവദ്ഗീത പഠനവും പരിശീലനവും നിര്‍ബന്ധമാക്കുന്നു. ആര്‍എസ്എസ് സമ്മര്‍ദത്തെതുടര്‍ന്നാണ് എല്‍പി, യുപി, എച്ച്എസ് തലങ്ങളില്‍ ഗീത പഠിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചത്. ഇതുപ്രകാരം ചില ജില്ലകളില്‍ ഗീതാധ്യയനം തുടങ്ങി. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണിതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ച നിരവധി വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുകയാണ്.

    ReplyDelete