Wednesday, July 13, 2011

മര്‍ഡോക്കിന്റെ പത്രം വേട്ടയാടിയെന്ന് ഗോര്‍ഡന്‍ ബ്രൗണ്‍

ലണ്ടന്‍: മാധ്യമഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രം തന്നെയും കുടുംബത്തെയും മനുഷ്യത്വരഹിതമായ രീതിയില്‍ വേട്ടയാടിയതായി മുന്‍പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ആരോപിച്ചു. ഔദ്യോഗിക വിവരങ്ങള്‍ക്കു പുറമേ തന്റെ കുടുംബത്തിന്റെ വ്യക്തിപരമായ വിവരങ്ങളും പത്രം ചോര്‍ത്തുകയായിരുന്നു. തികച്ചും ക്രിമിനല്‍ പശ്ചാത്തലമുളള ഒരു സംഘം മാധ്യമപ്രവര്‍ത്തകരാണ് ന്യൂസ് ഓഫ് ദി വേള്‍ഡിന് പിറകിലുണ്ടായിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2006ല്‍ ഗോര്‍ഡന്‍ ബ്രൗണിന് ജനിച്ച നവജാതശിശു ഫൈബ്രോസിസ് എന്ന മാരകരോഗത്തിന് അടിമയാണെന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവം തന്നെയും ഭാര്യയേയും ഏറെ വേദനിപ്പിച്ചുവെന്നും എഡിറ്റര്‍ റബേക്കാ ബ്രൂക്ക്‌സിനെ വിളിച്ച് തങ്ങള്‍ പ്രതിഷേധം അറിയിച്ചതായും ബ്രൗണ്‍ വെളിപ്പെടുത്തി. ഇതു പോലെ തന്നെ മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുളള സണ്‍ഡേ ടൈംസ് ദിനപത്രവും ക്രിമിനല്‍ പശ്ചാത്തലമുളളവരെ പത്രപ്രവര്‍ത്തകരായി നിയമിച്ചിട്ടുളളതായി ഗോര്‍ഡന്‍ ബ്രൗണ്‍ ആരോപിച്ചു. ഇവര്‍ തന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും നികുതിരേഖകളും ചോര്‍ത്തിയതായി ബ്രൗണ്‍ വെളിപ്പെടുത്തി.

മര്‍ഡോക്കിന്റെ പത്രം നിരവധി ഉന്നതരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി എന്നതിന് വ്യക്തമായ തെളിവാണ് ഗോര്‍ഡന്‍ ബ്രൗണിന്റെ പ്രസ്താവനയിലുടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ഏറ്റവും കാര്യക്ഷമമായ രീതിയിലുളള അന്വേഷണം നടത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് കാമറോണ്‍ പറഞ്ഞു.

രാജകുടംബത്തിലേതുള്‍പ്പെടെ നൂറുകണക്കിന് ഉന്നതരുടെയും സാധാരണക്കാരുടേയും ഫോണ്‍ സംഭാഷണങ്ങളാണ് ന്യൂസ് ഓഫ് ദി വേള്‍ഡ് ചോര്‍ത്തിയത്. കൊലചെയ്യപ്പെട്ട  മില്ലി ഡോളര്‍ എന്ന കൗമാരക്കാരിയുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നതോടുകൂടിയാണ് ന്യൂസ് ഓഫ് ദി വേള്‍ഡിനെതിരെ ജനരോക്ഷമിരമ്പിയത്. ഇതേ തുടര്‍ന്ന് പത്രം അടച്ചുപൂട്ടുന്നതായി മര്‍ഡോക്ക് പ്രഖ്യാപിക്കുകയായിരുന്നു. പേ  ടി വി സംപ്രേഷണാവകാശത്തിനായുളള ബി സ്‌കൈ ബി കരാര്‍ നേടിയെടുക്കാന്‍ ജനരോക്ഷം തണുപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ അടച്ചുപൂട്ടലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

janayugom 130711

1 comment:

  1. മാധ്യമഭീമന്‍ റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രം തന്നെയും കുടുംബത്തെയും മനുഷ്യത്വരഹിതമായ രീതിയില്‍ വേട്ടയാടിയതായി മുന്‍പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ആരോപിച്ചു. ഔദ്യോഗിക വിവരങ്ങള്‍ക്കു പുറമേ തന്റെ കുടുംബത്തിന്റെ വ്യക്തിപരമായ വിവരങ്ങളും പത്രം ചോര്‍ത്തുകയായിരുന്നു. തികച്ചും ക്രിമിനല്‍ പശ്ചാത്തലമുളള ഒരു സംഘം മാധ്യമപ്രവര്‍ത്തകരാണ് ന്യൂസ് ഓഫ് ദി വേള്‍ഡിന് പിറകിലുണ്ടായിരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

    ReplyDelete