Wednesday, September 7, 2011

ഡല്‍ഹിയില്‍ ഭീകരാക്രമണം; 10 മരണം

ഡല്‍ഹി ഹൈക്കോടതിക്കു പുറത്ത് ഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍മരിച്ചു. 67 പേര്‍ക്ക് പരിക്കുള്ളതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഭീകരാക്രമണമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പത്തേകാലിന് ഷെര്‍ഷ സൂരി റോഡിലുള്ള ഹൈക്കോടതി വളപ്പിനു വെളിയില്‍ നാലം നമ്പര്‍ ഗേറ്റിനും അഞ്ചാം നമ്പര്‍ ഗേറ്റിനും ഇടയിലായിരുന്നു സ്ഫോടനം. ആധുനിക സാങ്കേതിക വിദ്യയായ ഐഇഡി(ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ പൊട്ടാസ്യം നൈട്രേറ്റാണ് ഉപയോഗിച്ചത്. പരിക്കേറ്റവരെ സഫ്ദര്‍ജങ് ആശുപത്രിയിലും രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നാലുമാസത്തിനിടയില്‍ ഡല്‍ഹി ഹൈക്കോടതി പരിസരത്തു നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. സ്ഫോടനം നടത്തിയത് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഹര്‍കതുല്‍ ജിഹാദ് അല്‍ ഇസ്ലാമിക്കാണെന്ന് എന്‍ഐഐ മേധാവി അറിയിച്ചു. സംഘടനയുടെ പേരില്‍ ലഭിച്ച ഇ മെയില്‍ സന്ദേശം പരിശോധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തില്‍ ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പറയാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതീവ സുരക്ഷാമേഖലയായ ഹൈക്കോടതി പരിസരത്തുനടന്ന സ്ഫോടനം ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് തെളിയിക്കുന്നത്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭ 2 മണിവരെ നിര്‍ത്തിവെച്ചു. സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. എന്‍എസ്ജി കമാന്‍ഡോകളും ഡല്‍ഹി പൊലീസ് കമ്മീഷണറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഫോടനത്തെത്തുടര്‍ന്ന് നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തി. കോടതി പ്രവര്‍ത്തിക്കുന്ന കോംപ്ലക്സിലേക്കുള്ള പാസിനായി അഞ്ചാം നമ്പര്‍ ഗേറ്റില്‍ 300 പേര്‍ ക്യുവിലുണ്ടായിരുന്നു. ബ്രീഫ്കേസില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളായ മുംബൈയിലും ഡല്‍ഹിയിലും സ്ഫോടനങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.

രാജ്യമാകെ കനത്ത സുരക്ഷ

ഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി. പ്രധാനനഗരങ്ങളിലെല്ലാം സുരക്ഷക്ക് കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രലായം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈയിലും രാജ്യത്തെ പ്രധാനനഗരങ്ങളിലും കൂടുതല്‍ സുരക്ഷാസൈനികരെ വിന്യസിച്ചു.മുംബൈയിലെ കോടതികളിലും സുരക്ഷശക്തിപ്പെടുത്തി. ബിഹാറിലെ അയോധ്യയിലും ഗയയിലും നിരോധനമേര്‍പ്പെടുത്തി. കൊല്‍ക്കത്ത ഹൈക്കോടതിയിലും നഗരത്തിലും പരിശോധന കര്‍ശനമാക്കി.രാജ്യത്തെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലും ജനങ്ങള്‍ കൂട്ടമായെത്തുന്ന പൊതുസ്ഥലത്തും കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ട്. തീവ്രവാദിയാക്രമണമുണ്ടായാല്‍ ചെറുക്കാന്‍ സുരക്ഷാസൈനികരെയും ആവശ്യമായ സംവിധാനവും തയ്യാറാക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്‍ഐഎ അന്വേഷണം തുടങ്ങി; സുരക്ഷാ വീഴ്ച വ്യക്തം

ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ ഡല്‍ഹി ഹൈക്കോടതിക്കു മുന്നിലുണ്ടായ സ്ഫോടനം സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയാണ് സൂചിപ്പിക്കുന്നത്. നാലു മാസം മുമ്പും ഇത്തരത്തിലുള്ള സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ കനത്ത സംവിധാനങ്ങളേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ടാണ് സുരക്ഷാചുമതല വഹിച്ചിരുന്നത്. ബുധനാഴ്ച ആവശ്യമായ പരിശോധന നടത്താതെ സന്ദര്‍ശകരെ കടത്തിവിട്ടത് ചുമതലയുള്ളവരുടെ അനാസ്ഥമൂലമാണെന്ന് വ്യക്തം. ഒരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയും ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയിലെത്താന്‍ നിശ്ചയിച്ചിരുന്നതാണ്. പൊതുതാല്‍പര്യ ഹര്‍ജികളും മറ്റും പരിഗണിക്കുന്ന ദിവസമായതിനാല്‍ നിരവധി പൊതുപ്രവര്‍ത്തകരും ജഡ്ജിമാരും അഭിഭാഷകരും കോടതിയിലുണ്ടായിരുന്നു. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് മാസങ്ങള്‍ക്കു മുമ്പേ ഡല്‍ഹി പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലുണ്ടായ സ്ഫോടനം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ അന്വേഷണം തുടങ്ങി. സ്ഫോടനസ്ഥലത്തു നിന്നും പ്രാഥമികതെളിവുകള്‍ സംഘം ശേഖരിച്ചു. ഡല്‍ഹി പൊലീസിന് അന്വേഷണത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് എന്‍ഐഎ ഡയറക്ടര്‍ പ്രകാശ് മിശ്ര അറിയിച്ചു.

ദേശാഭിമാനി വാര്‍ത്തകള്‍

2 comments:

  1. ഡല്‍ഹി ഹൈക്കോടതിക്കു പുറത്ത് ഭീകരര്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍മരിച്ചു. 67 പേര്‍ക്ക് പരിക്കുള്ളതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഭീകരാക്രമണമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പത്തേകാലിന് ഷെര്‍ഷ സൂരി റോഡിലുള്ള ഹൈക്കോടതി വളപ്പിനു വെളിയില്‍ നാലം നമ്പര്‍ ഗേറ്റിനും അഞ്ചാം നമ്പര്‍ ഗേറ്റിനും ഇടയിലായിരുന്നു സ്ഫോടനം. ആധുനിക സാങ്കേതിക വിദ്യയായ ഐഇഡി(ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ പൊട്ടാസ്യം നൈട്രേറ്റാണ് ഉപയോഗിച്ചത്. പരിക്കേറ്റവരെ സഫ്ദര്‍ജങ് ആശുപത്രിയിലും രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    ReplyDelete
  2. ഡല്‍ഹിയിലെ സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സിപിഐഎം പൊളിറ്റ്ബ്യൂറോ ദുഖവും അനുശോചനവുമറിയിച്ചു. പതിനൊന്നു പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനം സമാധാനത്തിനും ശാന്തിക്കും വിഘാതമുണ്ടാക്കുന്നതായി പൊളിറ്റ് ബ്യൂറോ വിലയിരുത്തി. ആറു മാസം മുന്‍പ് ഹൈക്കോടതിക്കു സമീപവും ജൂലൈയില്‍ മുംബൈ നഗരത്തിലും തുടര്‍ച്ചയായി സ്ഫോടനമുണ്ടായി. ഇക്കാര്യം ഗൗരവത്തിലെടുത്ത് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനാവാത്തത് രാജ്യത്തെ രഹസ്യാന്വേഷണ- സുരക്ഷാസംവിധാനത്തിന്റെ പോരായ്മയാണ്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞാലേ ജനങ്ങളില്‍ സുരക്ഷിത ബോധമുളവാക്കാന്‍ കഴിയൂ എന്നും പാര്‍ട്ടി പറഞ്ഞു.

    ReplyDelete