Tuesday, September 13, 2011

നൂറുദിന തട്ടിപ്പ് കഴിഞ്ഞു; ഇനി 20 വര്‍ഷ പദ്ധതി

നൂറുദിനകര്‍മപരിപാടി പ്രഖ്യാപനത്തില്‍ ഒതുങ്ങിയതിന്റെ ജാള്യംമറയ്ക്കാന്‍ 20 വര്‍ഷ പരിപാടിയുമായി യുഡിഎഫ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്രകാലം തള്ളിനീക്കുമെന്നുപോലും പ്രവചിക്കാനാകാത്ത സാഹചര്യത്തിലാണ് ഈ ചെപ്പടിവിദ്യ. അഞ്ചുവര്‍ഷംമാത്രം ഭരിക്കാന്‍ അവകാശമുള്ളവര്‍ 20 വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപിച്ച് ജനത്തെ കബളിപ്പിക്കുന്നു. വിഷന്‍ 2030 ആണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പുതിയ പരിപാടി. 2016ല്‍ കാലാവധി തീരേണ്ട സര്‍ക്കാര്‍ പരിഹാസ്യമാംവിധം അതിനടുത്ത 14 വര്‍ഷത്തെ പരിപാടികൂടി പ്രഖ്യാപിക്കുന്നു.

പുരോഗതിയുടെയും ജനക്ഷേമത്തിന്റെയും പാതയില്‍നിന്ന് കേരളത്തെ പിറകോട്ട് നയിക്കുകയായിരുന്നു യുഡിഎഫ്. സര്‍ക്കാരിന്റെ ദൈനംദിനഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ചുമതലപോലും കര്‍മപരിപാടിയുടെ പട്ടികയില്‍ ചേര്‍ത്താണ് ഉമ്മന്‍ചാണ്ടിയുടെ ചെപ്പടിവിദ്യ. ഭരണകക്ഷി അംഗങ്ങള്‍ തെരുവില്‍ പോര്‍വിളി നടത്തുന്ന പശ്ചാത്തലത്തിലാണ് കര്‍മപരിപാടി നൂറാംദിനത്തിലെത്തിയത്. സര്‍ക്കാര്‍ ചീഫ് വിപ്പ് കോടതികള്‍ക്കുനേരെ വെല്ലുവിളിയുമായി നടക്കുന്നു. വിപ്പിനെ പുറത്താക്കണമെന്ന് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍തന്നെ ആവശ്യമുന്നയിക്കുമ്പോള്‍ താന്‍ വെറുമൊരു പൗരന്‍മാത്രമാണെന്നാണ് ചീഫ് വിപ്പിന്റെ ന്യായം. ഘടകകക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍പോലും കര്‍മപരിപാടിക്കാലത്തായില്ല.

മൂന്നായി വിഭജിച്ച തദ്ദേശസ്വയംഭരണവകുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ള സമിതി ഉണ്ടാക്കിയെങ്കിലും ഒന്നും നടന്നില്ല. നൂറുദിനപരിപാടികള്‍ 110 എണ്ണമായിരുന്നു. ഇതില്‍ നൂറും നടപ്പായെന്നാണ് സര്‍ക്കാരും മനോരമ അടക്കമുള്ള മാധ്യമങ്ങളും അവകാശപ്പെടുന്നത്. ഈ പദ്ധതികളില്‍ മിക്കതും എല്‍ഡിഎഫ് തുടക്കമിട്ടവയാണ്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ പദ്ധതി, പാചകവാതകം പൈപ്പ് ലൈന്‍ വഴി ഉപയോക്താക്കളിലെത്തിക്കല്‍ , കണ്ണൂര്‍ വിമാനത്താവളം, കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത തുടങ്ങി യുഡിഎഫിന്റെ നൂറുദിനകര്‍മപരിപാടിയില്‍ പൂര്‍ത്തിയാക്കിയ പട്ടിക നീളുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതികളുമായി ബന്ധപ്പെട്ട് നിര്‍വഹിച്ചതിനപ്പുറം ഒരു കാര്യവും യുഡിഎഫ് അധികാരമേറ്റശേഷം നടന്നിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കാകട്ടെ പരിസ്ഥിതി ആഘാതപഠനത്തിന്റെ പേരില്‍ കേന്ദ്രം ഉടക്കിട്ടിരിക്കുകയുമാണ്.

കര്‍മപരിപാടിക്ക് ഇത്തരത്തിലൊരന്ത്യം ഉമ്മന്‍ചാണ്ടി പ്രതീക്ഷിച്ചതല്ല. കര്‍മപരിപാടിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് ആഹ്വാനംചെയ്ത പ്രചാരണപരിപാടി എങ്ങും നടന്നിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരുമുയര്‍ത്തുന്ന അവകാശവാദങ്ങള്‍ അതേപടി ഏറ്റുപിടിക്കാന്‍ യുഡിഎഫ് നേതാക്കള്‍ മടികാണിച്ചു. അതോടെ കര്‍മപരിപാടി സര്‍ക്കാര്‍ പരസ്യങ്ങളിലൊതുങ്ങി. ഈ സാഹചര്യത്തിലാണ് 20 വര്‍ഷ പരിപാടി എന്ന ആശയം രൂപപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍പോലും അഞ്ചുവര്‍ഷപദ്ധതികള്‍ക്കപ്പുറം പോകാറില്ല. എന്നാല്‍ , ഉമ്മന്‍ചാണ്ടിക്ക് ഇത്തരമൊരു ഏര്‍പ്പാടിന് മടിയുണ്ടായില്ല. 20 വര്‍ഷം കഴിഞ്ഞേ പരിപാടി പൂര്‍ത്തീകരണത്തെക്കുറിച്ച് ചോദ്യമുയരൂ എന്ന ധാരണയിലാണ് വിഷന്‍ 2030.

deshabhimani 130911

1 comment:

  1. നൂറുദിനകര്‍മപരിപാടി പ്രഖ്യാപനത്തില്‍ ഒതുങ്ങിയതിന്റെ ജാള്യംമറയ്ക്കാന്‍ 20 വര്‍ഷ പരിപാടിയുമായി യുഡിഎഫ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എത്രകാലം തള്ളിനീക്കുമെന്നുപോലും പ്രവചിക്കാനാകാത്ത സാഹചര്യത്തിലാണ് ഈ ചെപ്പടിവിദ്യ. അഞ്ചുവര്‍ഷംമാത്രം ഭരിക്കാന്‍ അവകാശമുള്ളവര്‍ 20 വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപിച്ച് ജനത്തെ കബളിപ്പിക്കുന്നു. വിഷന്‍ 2030 ആണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പുതിയ പരിപാടി. 2016ല്‍ കാലാവധി തീരേണ്ട സര്‍ക്കാര്‍ പരിഹാസ്യമാംവിധം അതിനടുത്ത 14 വര്‍ഷത്തെ പരിപാടികൂടി പ്രഖ്യാപിക്കുന്നു.

    ReplyDelete