Thursday, September 22, 2011

2ജി: ചിദംബരവും ഉത്തരവാദി- ധനമന്ത്രാലയം

ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കൊപ്പം അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും ഉത്തരവാദിയെന്ന് ധനമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രാലയം പ്രധാനമന്ത്രികാര്യാലയത്തിന് അയച്ച കത്ത് പുറത്തായി. സ്പെക്ടം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെയാണ് പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ചത്. രാജയുടെ നീക്കം ചിദംബരത്തിന് തടയാമായിരുന്നെന്നും അദ്ദേഹം താല്‍പ്പര്യമെടുത്തെങ്കില്‍ ഖജനാവിന് നഷ്ടമുണ്ടാകാത്തവിധം സ്പെക്ട്രം ലൈസന്‍സ് ലേലത്തില്‍ വില്‍ക്കാമായിരുന്നെന്നും കത്തില്‍ പറയുന്നു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ കത്ത് പുറത്തായത്.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ധനമന്ത്രി തന്നെ രംഗത്തുവന്നത് യുപിഎ സര്‍ക്കാരിന് വന്‍ പ്രതിസന്ധിയായി. സ്പെക്ട്രം ഇടപാടിന്റെ ഉത്തരവാദിത്തം ഡിഎംകെയുടെ ചുമലിലിട്ട് രക്ഷപ്പെടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളുകയാണ്. ചിദംബരം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചുകഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 25നാണ് സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കത്ത് ധനമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് അയച്ചത്. ധനമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി ജി എസ് റാവു പിഎംഒയിലെ ജോയിന്റ് സെക്രട്ടറി വിനി മഹാജനാണ് 11 പേജ് വരുന്ന ഓഫീസ് മെമ്മോറാണ്ടം അയച്ചുകൊടുത്തത്. ധനമന്ത്രി പ്രണബ് മുഖര്‍ജി പരിശോധിച്ചശേഷമാണ് കത്ത് പിഎംഒയിലേക്ക് വിട്ടത്. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കത്ത് വിവരാവകാശ പ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗ് വിവരാവകാശനിയമപ്രകാരം സമ്പാദിക്കുകയായിരുന്നു. കേസില്‍ കക്ഷിയായ സുബ്രഹ്മണ്യന്‍ സ്വാമി ഈ കത്ത് ബുധനാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

 2001ലെ നിരക്കില്‍ 2008ല്‍ സ്പെക്ട്രവും ലൈസന്‍സുകളും വിതരണംചെയ്ത രാജയുടെ നടപടി ചിദംബരത്തിന് തടയാമായിരുന്നെന്ന് കത്തില്‍ വിശദമാക്കുന്നു. രാജ വിതരണം ചെയ്ത ലൈസന്‍സുകള്‍ ധനമന്ത്രാലയത്തിന് റദ്ദാക്കാമായിരുന്നു. ലൈസന്‍സിനൊപ്പം തുടക്കത്തില്‍ അനുവദിക്കുന്ന 4.4 മെഗാഹെര്‍ട്സ് വരെ സ്പെക്ട്രം ലേലംചെയ്യണമെന്ന ആദ്യ നിലപാടില്‍ ധനമന്ത്രാലയം ഉറച്ചുനിന്നില്ല. ഉറച്ചുനിന്നെങ്കില്‍ ലൈസന്‍സ് വിതരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ടെലികോം മന്ത്രാലയത്തിന് കഴിയുമായിരുന്നില്ല. ടെലികോം ലൈസന്‍സിന് അപേക്ഷിച്ച കമ്പനികള്‍ക്ക് രാജ താല്‍പ്പര്യപത്രം അയച്ച് അഞ്ചുദിവസത്തിന് ശേഷം ഇതുവരെയുള്ള സ്പെക്ട്രം വില്‍പ്പന അടഞ്ഞ അധ്യായമായി കാണാമെന്ന് അറിയിച്ച് ചിദംബരം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. 2008 ജനുവരി 15നാണ് ഈ രഹസ്യകുറിപ്പ് അയച്ചത്. ഇതേ വര്‍ഷം ജനുവരി 30ന് ചിദംബരവും രാജയും നേരിട്ട് കാണുകയും ഇപ്പോഴത്തെ സ്പെക്ട്രം വിതരണം പുനഃപരിശോധിക്കപ്പെടില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. രാജയുടെ നീക്കത്തെ ധനമന്ത്രാലയം തന്നെ എതിര്‍ത്തിരുന്ന ഘട്ടത്തിലാണ് ചിദംബരം ഈ ഉറപ്പ് നല്‍കിയത്.

2008 ഫെബ്രുവരി 11ന് ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പ് ലൈസന്‍സ് ലഭിച്ച പുതിയ കമ്പനികളില്‍നിന്നും പഴയ കമ്പനികളില്‍നിന്നും സ്പെക്ട്രത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്ന് കാട്ടി വകുപ്പുതല കുറിപ്പ് തയ്യാറാക്കിയിരുന്നു. ടെലികോം മന്ത്രാലയം താല്‍പ്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും സ്പെക്ട്രത്തിന് ഉയര്‍ന്ന വില ഈടാക്കാന്‍ സാമ്പത്തികകാര്യ വകുപ്പിന് നിയമപരമായി അവകാശമുണ്ടെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഈ കുറിപ്പില്‍ പറയുന്നുണ്ട്. സ്പെക്ട്രം ലഭിച്ച ടെലികോം കമ്പനികള്‍ നിയമവഴിക്ക് നീങ്ങിയാല്‍ കൂടി ഈ നിരക്ക് ഈടാക്കേണ്ടതുണ്ടെന്നായിരുന്നു സാമ്പത്തികകാര്യ വകുപ്പിന്റെ നിലപാട്. എന്നാല്‍ , ചിദംബരം ഇതും അട്ടിമറിച്ചു. 2008 ഏപ്രില്‍ 21ന് ചിദംബരം രാജയ്ക്ക് അയച്ച കത്തില്‍ 4.4 മെഗാഹെര്‍ട്സില്‍ കൂടുതലുള്ള സ്പെക്ട്രത്തിന് മാത്രം പ്രത്യേക നിരക്ക് ഈടാക്കിയാല്‍ മതിയെന്ന് തത്വത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. ടെലികോം മന്ത്രാലയം താല്‍പ്പര്യപ്പെട്ടതും ഇതേ നിലപാട് തന്നെയാണ്. കത്ത് ചിദംബരത്തിന് എതിരാണെങ്കിലും പല കാര്യങ്ങളിലും പ്രധാനമന്ത്രി കാര്യാലയം നിരുത്തരവാദിത്തം കാട്ടിയെന്ന് കൂടിഇത് വ്യക്തമാക്കുന്നു.
(എം പ്രശാന്ത്)

ചിദംബരത്തിന്റെ പങ്കാളിത്തം: പ്രണബിന് മൗനം

ന്യൂയോര്‍ക്ക്: 2ജി സ്പെക്ട്രം ഇടപാടില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് തന്റെ മന്ത്രാലയം കത്തയച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി വിസമ്മതിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെയാണ് പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ചത്. വിവരാവകാശ നിയമപ്രകാരം ഒരാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് പുറത്തുവന്നത്. അഴിമതിയില്ലാതാക്കാനും ഭരണം സുതാര്യമാക്കാനും സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളിലൊന്നാണ് വിവരാവകാശ നിയമം. എന്നാല്‍ ഇപ്പോള്‍ സെന്‍സേഷണല്‍ വാര്‍ത്തയുണ്ടായതും ഈ നിയമം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 220911

1 comment:

  1. ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കൊപ്പം അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും ഉത്തരവാദിയെന്ന് ധനമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രാലയം പ്രധാനമന്ത്രികാര്യാലയത്തിന് അയച്ച കത്ത് പുറത്തായി. സ്പെക്ടം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെയാണ് പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ചത്. രാജയുടെ നീക്കം ചിദംബരത്തിന് തടയാമായിരുന്നെന്നും അദ്ദേഹം താല്‍പ്പര്യമെടുത്തെങ്കില്‍ ഖജനാവിന് നഷ്ടമുണ്ടാകാത്തവിധം സ്പെക്ട്രം ലൈസന്‍സ് ലേലത്തില്‍ വില്‍ക്കാമായിരുന്നെന്നും കത്തില്‍ പറയുന്നു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ കത്ത് പുറത്തായത്.

    ReplyDelete