Thursday, September 22, 2011

മണ്ണുത്തി-ഇടപ്പള്ളി 4 വരി പാതയില്‍ ടോള്‍നിരക്കായി

തൃശൂര്‍ : ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള നാലുവരിപ്പാതയില്‍ ടോള്‍ നിരക്ക് നിശ്ചയിച്ച് വിജ്ഞാപനമായി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് വിജ്ഞാപനമിറക്കിയത്. ആമ്പല്ലൂരിനടുത്ത് പാല്യേക്കേരയിലാണ് ടോള്‍ബൂത്ത്. ബിഒടി വ്യവസ്ഥയില്‍ നിര്‍മിച്ച നാലുവരിപ്പാതയില്‍ 20 വര്‍ഷം വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കും. സര്‍വീസ് റോഡുകളുടെയും മറ്റും പണി തീരാത്തതിനാല്‍ റോഡിന്റെ ഉദ്ഘാടനമായിട്ടില്ല.

വന്‍കിട നിര്‍മാണത്തിനുള്ള യന്ത്രങ്ങള്‍ , മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവക്ക് ഒറ്റ പ്രവേശനത്തിന് 310 രൂപയാണ് ടോള്‍ . 24 മണിക്കൂറിനുള്ളില്‍ ഒന്നിലധികം യാത്രക്ക് 465 രൂപയും പ്രതിമാസം 9340 രൂപയുമാണ്. ചരക്കു വാഹനവും ബസും ഒറ്റത്തവണ കടന്നു പോകാന്‍ 195 രൂപയും ഒരുദിവസത്തേക്ക് 290 രൂപയും നല്‍കണം. ഒരു മാസത്തേക്ക് 5810 രൂപ. ചെറുകിട വാണിജ്യ വാഹനങ്ങള്‍ ഒറ്റയാത്രക്ക് 95 രൂപയും 24 മണിക്കൂറിന് 145 രൂപയും നല്‍കണം. മാസത്തേക്ക് 2905 രൂപ. കാറിനും ജീപ്പിനും യാത്രാ വാനുകള്‍ക്കും 55 രൂപ ടോള്‍ നിശ്ചയിച്ചിട്ടുണ്ട്. മടക്ക ട്രിപ്പ് ഉള്‍പ്പെടെ 85 രൂപ. മാസം 1660 രൂപ. ടോള്‍ പ്ലാസയ്ക്ക് പത്തു കിലോ മീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെ കാര്‍ , ജീപ്പ്, വാന്‍ എന്നിവക്ക് പ്രതിമാസം 150 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇരുപത് കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ 300 രൂപ നല്‍കണം. ഇരുപത് കിലോമീറ്ററിനുള്ളില്‍ ഓടുന്ന ചരക്കു വാഹനങ്ങള്‍ക്ക് ഓരോ തവണയും പ്രവേശിക്കുന്നതിന് 25 രൂപയാണ് നിരക്ക്. 20 കിലോ മീറ്ററിനുള്ളില്‍ ഓടുന്ന ചെറുകിട വാഹനങ്ങള്‍ 15 രൂപ. സ്കൂള്‍ ബസുകള്‍ക്ക് മാസം ആയിരം രൂപയാണ് നിരക്ക്.
സര്‍വീസ് റോഡുകളും കവലകളുടെ വികസനവുമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. കറുകുറ്റി, ചാലക്കുടി ഭാഗത്തെ സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയായിട്ടില്ല. പാലങ്ങളുടെ അടിഭാഗം ഡീഗ്രേഡ് ചെയ്ത് ജങ്ഷനുക്കളാക്കുന്ന പ്രവൃത്തിയും ഡ്രെയിനേജ് കണക്ടിവിറ്റിയും പൂര്‍ത്തിയായിട്ടില്ല. മണ്ണുത്തി മുതല്‍ അങ്കമാലി വരെ 40 കിലോമീറ്റര്‍ റോഡ് നിര്‍മാണവും 25 കിലോമീറ്റര്‍ മീറ്റര്‍ റോഡ് മെയിന്റനന്‍സുമടക്കം 64.94 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മണ്ണുത്തി- ഇടപ്പള്ളി സെക്ഷന്‍ . കരാറനുസരിച്ച് 2007ല്‍ തുടങ്ങിയ നിര്‍മാണം 2009 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷംകൂടി നീട്ടി നല്‍കുകയായിരുന്നു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറുകാര്‍ . ബാക്കിയുള്ള പ്രവൃത്തി പൂര്‍ത്തിയായാലേ കരാര്‍ പ്രകാരം ടോള്‍ പിരിവ് ആരംഭിക്കാനാകൂ.

deshabhimani

2 comments:

  1. ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള നാലുവരിപ്പാതയില്‍ ടോള്‍ നിരക്ക് നിശ്ചയിച്ച് വിജ്ഞാപനമായി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് വിജ്ഞാപനമിറക്കിയത്. ആമ്പല്ലൂരിനടുത്ത് പാല്യേക്കേരയിലാണ് ടോള്‍ബൂത്ത്. ബിഒടി വ്യവസ്ഥയില്‍ നിര്‍മിച്ച നാലുവരിപ്പാതയില്‍ 20 വര്‍ഷം വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കും. സര്‍വീസ് റോഡുകളുടെയും മറ്റും പണി തീരാത്തതിനാല്‍ റോഡിന്റെ ഉദ്ഘാടനമായിട്ടില്ല.

    ReplyDelete
  2. good road.. but few places not designed it well..
    especially in Koratty Jn.
    Angamally should have a bypass... right now its a big bottleneck there.
    kariyadu, another big flop in design too.. I dont know who is giving the approval for such a big turn in NH47?

    ReplyDelete