Sunday, September 4, 2011

മുനീറും കെ എം ഷാജിയും സഹായം തേടി: പോപ്പുലര്‍ഫ്രണ്ട്

കോഴിക്കോട്: മന്ത്രി എം കെ മുനീറും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയും നിരവധി തവണ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ ഹമീദും സംസ്ഥാന പ്രസിഡന്റ് കെ എച്ച് നാസറും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുവരും തങ്ങളെ സമീപിച്ചിരുന്നു. രാഷ്ട്രീയ മര്യാദയുടെ പേരില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ പറഞ്ഞു. ലീഗ് നേതൃത്വത്തിനെതിരെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളെ ബലപ്പെടുത്തുന്നതാണ് പോപ്പുലര്‍ഫ്രണ്ടിന്റെ പുതിയ വെളിപ്പെടുത്തല്‍ . തീവ്രവാദ സംഘടനകള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന യൂത്ത്ലീഗ് അധ്യക്ഷന്‍ ഷാജിയുടെ തനിനിറം പുതിയവെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുകയാണ്.

മുനീര്‍ പലവട്ടം സഹായം തേടി: പോപ്പുലര്‍ഫ്രണ്ട്

കോഴിക്കോട്: മന്ത്രി എം കെ മുനീര്‍ സഹായമഭ്യര്‍ഥിച്ച് പലവട്ടം തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും മുനീര്‍ തിരിച്ച് സഹായം നല്‍കിയിട്ടുണ്ടെന്നും പോപ്പുലര്‍ഫ്രണ്ട്് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല ഘട്ടത്തിലും തങ്ങളുടെ പാര്‍ടി മുനീറിന് സഹായം നല്‍കി. തലയില്‍ മുണ്ടിടാതെയാണ് മുനീര്‍ കാണാന്‍ വന്നത്. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി എംഎല്‍എയും സഹായം തേടിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് എന്‍ഡിഎഫ് ബന്ധമുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത് മുനീറാണ്. ഇത്തരം കാര്യങ്ങള്‍ പാര്‍ടിവേദിയില്‍ പറയാതെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ മുനീര്‍ വിശ്വാസ്യത നഷ്ടപ്പെടുത്തി. അത് തങ്ങള്‍ ചെയ്യില്ല. അതുകൊണ്ട് എപ്പോഴൊക്കെ, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് തങ്ങളെ മുനീറും ഷാജിയും സമീപിച്ചതെന്ന് വെളിപ്പെടുത്തില്ല. വിക്കിലീക്സ് പുറത്തുവിട്ട വിവരങ്ങളെ സംശയിക്കേണ്ട കാര്യമില്ലെന്നും പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ വ്യക്തമാക്കി.

തീവ്രവാദസംഘടനയായ എന്‍ഡിഎഫിന്റെ പുതിയ രൂപമാണ് പോപ്പുലര്‍ഫ്രണ്ട്. കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിനെ സംരക്ഷിക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് മുനീര്‍ വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട നേതാക്കള്‍ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎഫിന്റെ സംരക്ഷകരായതെന്നും മുനീര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിവാദം ലീഗിലും യുഡിഎഫിലും ശക്തിപ്പെടുന്നതിനിടെയാണ് മുനീറിന്റെ തീവ്രവാദബന്ധം സംബന്ധിച്ച് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ രംഗത്തെത്തിയത്. എന്‍ഡിഎഫിനെ താന്‍ സഹായിച്ചെന്ന പുതിയ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മുനീര്‍ പ്രതികരിച്ചു. പോപ്പുലര്‍ഫ്രണ്ട് പ്രതിക്കൂട്ടിലായപ്പോള്‍ തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമമെന്നും സെക്രട്ടറിയറ്റ് യോഗത്തിനുമുമ്പ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ലീഗിന്റെ തീവ്രവാദബന്ധം വെളിപ്പെട്ടു: പിണറായി

വിക്കിലീക്സിനുപിന്നാലെ പോപ്പുലര്‍ഫ്രണ്ടിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ പി കെ കുഞ്ഞാലിക്കുട്ടിക്കുപുറമെ മുനീര്‍ ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ക്കും കടുത്ത തീവ്രവാദബന്ധമുള്ളതായി വ്യക്തമായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കഴക്കൂട്ടം ഏരിയ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോപ്പുലര്‍ഫ്രണ്ടിന്റെ വെളിപ്പെടുത്തലോടെ മുനീറിന് മന്ത്രിസ്ഥാനത്ത് ഇരിക്കാനുള്ള അര്‍ഹത പൂര്‍ണമായും നഷ്ടപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്ക് എന്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് മുനീര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ , അദ്ദേഹത്തിന്റെ രാജിയാവശ്യം താന്‍ ഉന്നയിച്ചിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ ഇക്കാര്യം അമേരിക്കന്‍ ഉദ്യോഗസ്ഥരെയല്ല, രാജ്യത്തെ അധികാരികളെയാണ് അറിയിക്കേണ്ടതെന്ന കടമ നിര്‍വഹിക്കാഞ്ഞതിനാലാണ് മുനീറിന്റെ രാജിയാവശ്യം ഉന്നയിച്ചത്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ന്യായം നിരത്തി മുനീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോപ്പുലര്‍ഫ്രണ്ടിന്റെ വെളിപ്പെടുത്തലോടെ മുനീറും വര്‍ഗീയശക്തികളുമായി കൈകോര്‍ത്തുവെന്ന് കൂടുതല്‍ വ്യക്തമായി.

കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് മുനീറിന് നന്നായി അറിയാം. യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് മുനീര്‍ കുഞ്ഞാലിക്കുട്ടിയുടെ "യോഗ്യത"യെല്ലാം വെളിപ്പെടുത്തിയപ്പോഴാണ് എന്‍ഡിഎഫ് ബന്ധവും വിവരിച്ചത്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ ഇരുകൂട്ടരും ആണയിട്ടാല്‍ അത് വിശ്വസിക്കാനാകില്ല. ലീഗും എന്‍ഡിഎഫും കൈകോര്‍ത്താണ് കാസര്‍കോട്ട് കലാപം സൃഷ്ടിച്ചതെന്ന് വ്യക്തമാണ്. പലയിടത്തും ലീഗ് ഈ വര്‍ഗീയശക്തിയെ ഉപയോഗിച്ചു. ഇത് നാടിന് വലിയ ആപത്താണ്-പിണറായി പറഞ്ഞു.

deshabhimani 040911

3 comments:

  1. മന്ത്രി എം കെ മുനീറും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയും നിരവധി തവണ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ ഹമീദും സംസ്ഥാന പ്രസിഡന്റ് കെ എച്ച് നാസറും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മുനീറിനെയും ഷാജിയെയും തോല്‍പ്പിക്കാന്‍ എന്‍.ഡി.എഫ് പരസ്യപ്രചാരണം നടത്തുകയാണ് ചെയ്തത്. അങ്ങനെ ജനങ്ങളെ പറ്റിക്കാന്‍ പകല്‍ പരസ്യപ്രചരണം നടത്തുകയും രാത്രി മുനീറിനും ഷാജിയ്ക്കും വോട്ടു ചെയ്യണമെന്ന് പറയുകയും ചെയ്യാനുള്ള സാധ്യത കുറവാണ്. ഇത് പോപ്പുലര്‍ഫ്രണ്ടിന്റെ ഇരുതല മൂര്‍ച്ചയുള്ള രാഷ്ട്രീയതന്ത്രമാണ്. ബെടക്കാക്കി സ്വന്തമാക്കുക..ഷാജിയും മുനീറും ജയിച്ചത് ലീഗിനപ്പുറം ലഭിച്ച ചില നിഷ്പക്ഷവോട്ടുകളുടെ കരുത്തിലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കണക്കുകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്‍.ഡി.എഫിന്റെ കണക്കു നോക്കണ്ട.

    ReplyDelete