Saturday, September 3, 2011

അഴിമതിക്കെതിരെ പാര്‍ലമെന്റിലേക്ക് ഉജ്വല ഇടതുപക്ഷമാര്‍ച്ച്

ന്യൂഡല്‍ഹി: അഴിമതിക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷപാര്‍ടികളുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് പതിനായിരങ്ങള്‍ മാര്‍ച്ച് നടത്തി. കര്‍ഷകരുടെയും തൊഴിലാളികളുടെയും വനിതകളുടെയും പങ്കാളിത്തം ശ്രദ്ധേയമാക്കിയ മാര്‍ച്ചിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ പത്മനാഭന്‍ , സുനീത് ചോപ്ര, സുധ സുന്ദരരാമന്‍ , ഇന്ദ്രജിത് സിങ്, രാകേഷ് സിംങ്, ബാദല്‍ സരോജ്, ചരണ്‍സിങ് വിര്‍ധി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെങ്കൊടികളും പ്ലക്കാര്‍ഡുകളുമായി ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ , ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെത്തിയ പതിനായിരങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നു. അഴിമതിക്കെതിരെ ഇടതുപക്ഷപാര്‍ടികള്‍ ആഹ്വാനംചെയ്ത ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റ് മാര്‍ച്ച് നടന്നത്. മണ്ഡിഹൗസ് കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിച്ചത്. ബാരക്കമ്പ, ടോള്‍സ്റ്റോയ് മാര്‍ഗ് വഴി പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് നീങ്ങിയ മാര്‍ച്ച് പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനടുത്ത് പൊലീസ് തടഞ്ഞു. അവിടെ ചേര്‍ന്ന പൊതുയോഗത്തില്‍ സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വിജേന്ദര്‍ ശര്‍മ അധ്യക്ഷനായി.

കോര്‍പറേറ്റ് കൊള്ളയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് റാലിയില്‍ പറഞ്ഞു. അനധികൃതമായി കോര്‍പറേറ്റുകള്‍ നേടിയ ലൈസന്‍സും കരാറും റദ്ദാക്കണം. ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുകയും വേണം. അഴിമതിക്കെതിരെയുള്ള സമരത്തെ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത കോര്‍പറേറ്റ് മാധ്യമങ്ങളും കോര്‍പറേറ്റ് അഴിമതിയെക്കുറിച്ച് നിശ്ശബ്ദരാണ്. രാജ്യത്ത് ഏറ്റവും വലിയ അഴിമതി നടത്തുന്നത് കോര്‍പറേറ്റുകളാണ്. എംപിമാരെയും ഉദ്യോഗസ്ഥരെയുമെന്നപോലെ കോര്‍പറേറ്റുകളെയും പുതിയ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കാരാട്ട് പറഞ്ഞു.

പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടരി എ ബി ബര്‍ദന്‍ , സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടരി ദേവബ്രത ബിശ്വാസ് എന്നിവര്‍ സംസാരിച്ചു. അഴിമതി ഫലപ്രദമായി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരിക, തെരഞ്ഞെടുപ്പ് പരിഷ്ക്കരണം നടപ്പാക്കുക, ജുഡീഷ്യല്‍ കമീഷന്‍ നിയമിക്കുക, കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരിക, കോര്‍പറേറ്റ് അഴിമതിയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയപ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ ഭാഗമായി ലഖ്നൗ, പട്ന, റായ്പുര്‍ , ജയ്പുര്‍ എന്നീ നഗരങ്ങളിലും വന്‍റാലി സംഘടിപ്പിച്ചു.

deshabhimani 030911

1 comment:

  1. അഴിമതിക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷപാര്‍ടികളുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റിലേക്ക് പതിനായിരങ്ങള്‍ മാര്‍ച്ച് നടത്തി. കര്‍ഷകരുടെയും തൊഴിലാളികളുടെയും വനിതകളുടെയും പങ്കാളിത്തം ശ്രദ്ധേയമാക്കിയ മാര്‍ച്ചിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ പത്മനാഭന്‍ , സുനീത് ചോപ്ര, സുധ സുന്ദരരാമന്‍ , ഇന്ദ്രജിത് സിങ്, രാകേഷ് സിംങ്, ബാദല്‍ സരോജ്, ചരണ്‍സിങ് വിര്‍ധി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    ReplyDelete