വീണ്ടും റബര്‍ ഇറക്കുമതി. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത ആഘാതമാകും നാല്‍പ്പതിനായിരം ടണ്‍ സ്വാഭാവിക റബര്‍കൂടി ഇറക്കുമതി ചെയ്യാനനുവദിക്കുന്ന കേന്ദ്ര തീരുമാനം. ഏത് ആവശ്യത്തെയും നേരിടാന്‍ വേണ്ട തോതില്‍ ഇവിടെ സ്വാഭാവിക റബര്‍ശേഖരമുള്ള ഘട്ടമാണിത്. റബര്‍ബോര്‍ഡിന്റെയും ഡീലര്‍മാരുടെയും കര്‍ഷകരുടെയും കൈവശം വിറ്റഴിക്കപ്പെടാത്ത സ്വാഭാവിക റബര്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്ന ഈ ഘട്ടത്തില്‍ വന്‍തോതില്‍ ഇറക്കുമതി നടത്തുകയാണ്. ഇതിന് ഒരു ന്യായീകരണവുമില്ല. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നയപ്രകാരം, ആവശ്യമില്ലാത്ത സാഹചര്യത്തിലും ചിലയിനങ്ങള്‍ ഇറക്കുമതിചെയ്യുന്നുണ്ട് കേന്ദ്രം.
ഗാട്ട് കരാറിന്റെയും ലോകവ്യാപാരസംഘടന രൂപീകരിച്ചതിന്റെയും തുടര്‍ച്ചയായി ഉണ്ടായ നയംമാറ്റമാണ് ഈ പ്രക്രിയക്ക് ആക്കംകൂട്ടിയത്. പുത്തന്‍ നയപ്രകാരം ഇന്ത്യയുടെ കയറ്റിറക്കുമതിനയം, ഇറക്കുമതി അനാവശ്യമാംവിധം ഉദാരവല്‍ക്കരിച്ചുകൊണ്ട് പുതുക്കിയവതരിപ്പിച്ചു. ഇറക്കുമതി നിരോധിത പട്ടികയിലുണ്ടായിരുന്ന നിരവധി ഇനങ്ങള്‍ നിയന്ത്രിത ഇറക്കുമതി പട്ടികയിലേക്കും അവിടെനിന്ന് വളരെയേറെ ഇനങ്ങള്‍ നിയന്ത്രണരഹിത ഇറക്കുമതിപട്ടികയിലേക്കും മാറി. ഈ നയംമാറ്റമാണ് കേര കര്‍ഷകരുടെ മുതല്‍ റബര്‍ കര്‍ഷകരുടെവരെ നടുവൊടിക്കുന്നത്. ഇതിനൊപ്പംതന്നെ പ്രധാനമാണ് ടയര്‍ വ്യവസായ ലോബിയുടെ സമ്മര്‍ദം. മുംബൈ ആസ്ഥാനമായുള്ള ടയര്‍ വ്യവസായ ലോബിയുടെ പണംപറ്റുന്ന ഏജന്റുമാരാണ് പല ഭരണപക്ഷനേതാക്കളും. ആ ഭരണസ്വാധീനമുപയോഗിച്ച് അവര്‍ റബര്‍ ഇറക്കുമതിയുടെ തോതുകൂട്ടുകയാണ്. ഇറക്കുമതിച്ചുങ്കം തുടരെ താഴ്ത്തി സ്വതന്ത്ര ഇറക്കുമതിക്കുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുന്ന കേന്ദ്രസര്‍ക്കാരും ടയര്‍ വ്യവസായലോബിയും തമ്മിലുള്ള ഒത്തുകളി വളരെ പ്രകടമാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ കേന്ദ്രസര്‍ക്കാര്‍ അത് ഒരിക്കലും ചെയ്യുന്നില്ല എന്നുമാത്രമല്ല, ഉല്‍പ്പന്നങ്ങളുടെ വില കൃത്രിമമാര്‍ഗങ്ങളിലൂടെ കുറപ്പിച്ച് പ്രതിസന്ധി സൃഷ്ടിക്കുക കൂടിയാണ്.
ഇറക്കുമതിച്ചുങ്കം കുറച്ചുകുറച്ച് സൗജന്യനിരക്കില്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്യാമെന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്രം. ആഭ്യന്തരവിപണിയില്‍ റബര്‍ വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്ന ഘട്ടംതന്നെ തെരഞ്ഞെടുത്ത് സൗജന്യനിരക്കിലുള്ള ഇറക്കുമതി അനുവദിക്കുന്നത് കേരളത്തോട് പൊതുവിലും ഇവിടത്തെ കര്‍ഷകരോട് പ്രത്യേകിച്ചുമുള്ള ധിക്കാരമാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഇറക്കുമതിച്ചുങ്കം ഇരുപതുശതമാനമായിരുന്നത് ഏഴുശതമാനമായി കുറച്ചിരിക്കുന്നു. നാമമാത്രമായ ചുങ്കംമാത്രം അടച്ചാല്‍ മതി എന്ന സ്ഥിതി. ഇതിന്റെ ഫലമായി ഇനിയും റബര്‍വില ഇടിയും. അങ്ങനെവന്നാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരിടുന്ന വൈഷമ്യങ്ങള്‍ കേന്ദ്രത്തിന് പ്രശ്നമല്ല. കേരളത്തില്‍നിന്നുള്ള നിരവധി മന്ത്രിമാര്‍ ഇപ്പോള്‍ കേന്ദ്രത്തിലുണ്ട് എന്ന് യുഡിഎഫ് പെരുമ്പറയടിക്കുന്നുണ്ട്. ഇതേ ഘട്ടത്തില്‍തന്നെയാണ് കേരളത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന നടപടി കേന്ദ്രത്തില്‍നിന്നുണ്ടാകുന്നത്. ശക്തമായി കേരളത്തിന്റെ വികാരം കേന്ദ്രത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന കേന്ദ്രമന്ത്രിമാരില്ല എന്നോ, കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍പോലും മുംബൈ ടയര്‍ വ്യവസായ ലോബിയുടെ താല്‍പ്പര്യം പരിരക്ഷിച്ചുകൊടുക്കാന്‍ പാകത്തില്‍ മൗനമാര്‍ന്നിരിക്കുന്നുവെന്നോ വേണം മനസ്സിലാക്കാന്‍ . നിരവധി എംപിമാരെ യുഡിഎഫിന്റെ ഭാഗത്ത് സൃഷ്ടിച്ചുകൊടുത്ത വോട്ടര്‍മാരെ കൂട്ടത്തോടെ വഞ്ചിക്കുകയാണിവര്‍ .
ഇറക്കുമതിക്ക് ന്യായീകരണമെന്ന മട്ടില്‍ കേന്ദ്രം പറയുന്ന കാര്യങ്ങളൊക്കെ പച്ചക്കള്ളമാണെന്ന് സാധാരണ റബര്‍ കര്‍ഷകര്‍ക്കുമുതല്‍ റബര്‍ബോര്‍ഡിനുവരെ ബോധ്യമുണ്ട്. ഏപ്രില്‍ - ജൂണ്‍ ഘട്ടത്തില്‍ റബറിന്റെ ഉല്‍പ്പാദനം പോയവര്‍ഷത്തെ ഇതേഘട്ടത്തെ അപേക്ഷിച്ച് 1.66 ലക്ഷം ടണ്ണില്‍നിന്ന് 1.75 ലക്ഷം ടണ്ണായി ഉയര്‍ന്നിരിക്കുന്നുവെന്ന് റബര്‍ബോര്‍ഡിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഉല്‍പ്പാദനത്തില്‍ കുറവുവന്നുവെന്ന വാദം എവിടെ വിലപ്പോകാനാണ്?. കഴിഞ്ഞ ജൂണില്‍ 1,80,697 ടണ്‍ റബര്‍ശേഖരമുണ്ടായിരുന്നിടത്ത് ഇക്കുറി 2,47,442 ടണ്‍ റബര്‍ ശേഖരമുണ്ട്. 66,745 ടണ്‍ ആയി റബര്‍ ശേഖരം ഉയര്‍ന്നിരിക്കെ, വേണ്ടത്ര സ്റ്റോക്കില്ലാത്തതുകൊണ്ടാണ് ഈ ഇറക്കുമതി എന്ന കേന്ദ്രത്തിന്റെ വാദം ആരെ കബളിപ്പിക്കാനാണ്? ഇറക്കുമതിച്ചുങ്കം തുടരെ കുറച്ചുവരുന്നത് നയമാക്കിയ സര്‍ക്കാര്‍ റബറിന്റെ കാര്യത്തില്‍ ഒരു കള്ളക്കളികൂടി നടത്തി. കിലോയ്ക്ക് 20 ശതമാനമോ ഇരുപതുരൂപയോ, ഇതില്‍ ഏതാണോ കുറവ് അതുമതി ചുങ്കം എന്ന് പുനര്‍നിര്‍ണയിച്ചു. ഇത് ഫലത്തില്‍ 20 ശതമാനം എന്നതില്‍നിന്ന് വീണ്ടും ചുങ്കനിരക്ക് താഴ്ത്താനനുവദിക്കലാണ്. 20 ശതമാനം എന്ന നിരക്കിലാണെങ്കില്‍ 43 രൂപ ചുങ്കം അടയ്ക്കേണ്ടിവരുന്നിടത്ത് യഥാര്‍ഥത്തില്‍ അടയ്ക്കേണ്ട തുക പകുതിയില്‍ താഴേക്ക് കുറച്ചുകൊടുക്കുകയാണ് ഫലത്തില്‍ ചെയ്തത്. ഇത്തരം ഒരു കള്ളക്കളിയിലൂടെ ടയര്‍ വ്യവസായലോബിക്ക് സഹായം ചെയ്തുകൊടുത്തതിനു ശേഷമാണ് ചുങ്കനിരക്ക് പതിമൂന്നുശതമാനംകണ്ട് വീണ്ടും വെട്ടിക്കുറച്ചത്. കേന്ദ്രത്തിന്റെ ഈ ദ്രോഹനയംകൊണ്ട് ഏറെ വിഷമിക്കുക കേരളമാണ്. സ്വാഭാവിക റബറിന് വിലയിടിയുമ്പോള്‍ അതിനനുസരിച്ച് വില്‍പ്പനനികുതിയും താഴും. ഖജനാവിലേക്കുള്ള വരവില്‍ ഇടിച്ചിലുണ്ടാകുകയും ബജറ്റ് വഴിയുള്ള വില്‍പ്പനനികുതി വരവുകണക്കുകൂട്ടലുകള്‍ തകിടംമറിയുകയുമാകും ഫലം.
രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ തൊണ്ണൂറുശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് നമ്മുടെ നാട്ടിലാണ് എന്നതുകൊണ്ടുതന്നെ താരതമ്യേന കുറഞ്ഞ അളവില്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേക്കാള്‍ ഇറക്കുമതി അപകടകരമാകുക കേരളത്തിനാണ്. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രനിലപാടിനെതിരെ ഇതുവരെ പ്രതിഷേധിക്കാന്‍ തയ്യാറായിട്ടില്ല. ഈ വിധേയത്വ രാഷ്ട്രീയസംസ്കാരം കേരളത്തിന് വരുത്തുന്ന നഷ്ടം ചില്ലറയല്ല. റബര്‍ ഇറക്കുമതിക്കെതിരായ കേരളത്തിന്റെ ശബ്ദം ഒറ്റക്കെട്ടായി ഉയരേണ്ടിയിരിക്കുന്നു. അതിശക്തമായ പ്രതിഷേധത്തിലൂടെ കര്‍ഷകദ്രോഹകരമായ കേന്ദ്രനീക്കത്തെ തിരുത്തിക്കേണ്ടിയിരിക്കുന്നു.
deshabhimani 080911
വീണ്ടും റബര്‍ ഇറക്കുമതി. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത ആഘാതമാകും നാല്‍പ്പതിനായിരം ടണ്‍ സ്വാഭാവിക റബര്‍കൂടി ഇറക്കുമതി ചെയ്യാനനുവദിക്കുന്ന കേന്ദ്ര തീരുമാനം. ഏത് ആവശ്യത്തെയും നേരിടാന്‍ വേണ്ട തോതില്‍ ഇവിടെ സ്വാഭാവിക റബര്‍ശേഖരമുള്ള ഘട്ടമാണിത്. റബര്‍ബോര്‍ഡിന്റെയും ഡീലര്‍മാരുടെയും കര്‍ഷകരുടെയും കൈവശം വിറ്റഴിക്കപ്പെടാത്ത സ്വാഭാവിക റബര്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്ന ഈ ഘട്ടത്തില്‍ വന്‍തോതില്‍ ഇറക്കുമതി നടത്തുകയാണ്. ഇതിന് ഒരു ന്യായീകരണവുമില്ല. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും നയപ്രകാരം, ആവശ്യമില്ലാത്ത സാഹചര്യത്തിലും ചിലയിനങ്ങള്‍ ഇറക്കുമതിചെയ്യുന്നുണ്ട് കേന്ദ്രം.
ReplyDelete