Friday, September 23, 2011

കണ്ണീരില്‍ കുതിരുമ്പോഴും നേരിന്റെ തെളിമയോടെ

കണ്ണൂര്‍ : പഴക്കത്തിന്റെ മഞ്ഞനിറം പടര്‍ന്ന കടലാസ്തുണ്ട് വിരഹത്തിന്റെ കണ്ണീരുപ്പുകലര്‍ന്ന് നനയുകയാണ് മീനാക്ഷിടീച്ചറുടെ കൈയില്‍ . 39 വര്‍ഷം മുമ്പ് ഇതേനാള്‍ അഴീക്കോടന്‍ കൊലചെയ്യപ്പെട്ടതറിഞ്ഞ് വിറങ്ങലിച്ചുനില്‍ക്കെ തന്നെ തേടിയെത്തിയ ആ കത്ത് ടീച്ചര്‍ ഇന്നും നെഞ്ചോടുചേര്‍ക്കുന്നു.

"ഏറ്റവും പ്രിയപ്പെട്ട മീനാ, എഴുതാന്‍ ഒട്ടും സമയം കിട്ടിയില്ല. രാവിലെ എട്ടുമണിക്ക് തുടങ്ങിയാല്‍ 12മണി... ഒരു മണിയാകും പരിപാടികള്‍ കഴിയാന്‍ . പക്ഷേ മീന എഴുതിയില്ലല്ലോ. 29ന് വരുമെന്നാണല്ലോ പറഞ്ഞിരുന്നത്. അത് സാധിക്കുമോ എന്നറിയില്ല. 29ന് കോഴിക്കോട്ട് നില്‍ക്കേണ്ടി വന്നേക്കുമെന്ന് തോന്നുന്നു. കഴിയുന്നതും വരാന്‍ ശ്രമിക്കും. അഥവാ കഴിയാതെ വന്നാല്‍ 30ന് രാത്രിയേ പറ്റൂ. 30നും ഒന്നിനും കണ്ണൂരില്‍ പരിപാടി ഉണ്ട്. 30ന് കോഴിക്കോട്ടും നില്‍ക്കണം. ദേശാഭിമാനി വാര്‍ഷിക ജനറല്‍ബോഡിയാണ്. മമ്മതിനോട് വീട്ടില്‍ വരാന്‍ എഴുതിയിട്ടുണ്ട്. മരത്തിന്റെ കണക്ക് പകര്‍ത്തി കൊടുക്കണം. വീട്ടില്‍ വന്ന് അത് വാങ്ങി എത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. എന്തുണ്ടു പിന്നെ വര്‍ത്തമാനം. സുഖം തന്നെയല്ലേ. മരുന്നു കഴിക്കുന്നുണ്ടോ. തൈലം തേച്ചു കുളിച്ചോ? ഞാന്‍ ഇന്നു തേച്ചു. രാവിലെ കുറച്ചു സമയം കിട്ടി. കുട്ടികള്‍ക്കെല്ലാം സുഖമല്ലേ?. സാനുമോന്‍ എങ്ങനെയുണ്ട്. മധു രാവിലെ പഠിക്കുന്നുണ്ടോ?. അഞ്ചരക്ക് എഴുന്നേല്‍പ്പിക്കണം. അമ്മമാര്‍ക്ക് സുഖമെന്ന് കരുതുന്നു. രവിയോടും എല്ലാവരോടും സ്നേഹാന്വേഷണം. കക്കാട്ടെ രവിയുടെ കല്യാണക്കാര്യം എന്തായി. കൂടുതല്‍ വഴിയേ...സ്നേഹപൂര്‍വം സ്വന്തം... (ഒപ്പ്)".

കമ്യൂണിസ്റ്റ് പാര്‍ടിയുടെ അമരക്കാരനായിരുന്ന സഖാവ് അഴീക്കോടന്‍ രാഘവന്‍ ഭാര്യ മീനാക്ഷി ടീച്ചര്‍ക്ക് അവസാനമായി എഴുതിയ കത്തിലെ വരികള്‍ . രണ്ടുനാള്‍ മുമ്പ് എഴുതിയ കത്ത് അഴീക്കോടന്‍ കൊല്ലപ്പെട്ട ദിവസമാണ് ടീച്ചര്‍ കൈപ്പറ്റിയത്. രാഷ്ട്രീയത്തിന്റെ തിരക്കിലും സ്നേഹംകാത്തുവെച്ച ഗൃഹസ്ഥന്റെ അകം അക്ഷരങ്ങളില്‍ തെളിയുന്നു. സിപിഐ എം തൃശൂര്‍ ജില്ലാകമ്മറ്റിയുടെ ലെറ്റര്‍പാഡില്‍ 1972 സെപ്തംബര്‍ 21ന് എഴുതിയ അക്ഷരങ്ങളില്‍ ധീരവിപ്ലവകാരി അമരസ്മരണകളിലൂടെ ടീച്ചറോടു മാത്രമായി സംസാരിക്കുകയാണ്. ടീച്ചര്‍ അമൂല്യമായി സൂക്ഷിച്ച മറ്റു പലതിന്റെയും കൂട്ടത്തില്‍ ഈ എഴുത്ത് ഈയിടെയാണ് കണ്ടെത്തിയത്. ഒളിവുജീവിതത്തിനിടെ ആര്‍ക്കും മനസിലാകാത്ത അക്ഷരങ്ങളില്‍ ആവര്‍ത്തിച്ച് എഴുതിയപ്പോഴാണ് സഖാവിന്റെ കൈപ്പടയുടെ വടിവ് നഷ്ടമായതെന്ന് ടീച്ചര്‍ പറയുന്നു.

"കുഞ്ഞുമോന് ഹരിശ്രീ കുറിക്കുമ്പോള്‍ ഉടുക്കാനുള്ള കസവുമുണ്ടും മറ്റും വാങ്ങിയായിരുന്നു അവസാനമായി സഖാവ് വീട്ടില്‍ വന്നത്. സെപ്തംബര്‍ 17ന്. മുന്നറിയിപ്പൊന്നുമില്ലാത്ത വരവായിരുന്നു അന്നത്തേത്. ഒരു ദിവസം മാത്രമാണ് തങ്ങിയത്. മക്കളെ അടുത്തു വിളിച്ചിരുത്തി പഠന കാര്യങ്ങളൊക്കെ ഏറെ നേരം സംസാരിച്ചു. വായിക്കേണ്ട പുസ്കങ്ങളെക്കുറിച്ചൊക്കെ രാത്രി മക്കളോട് പറയുന്നതു കേട്ടു"- മറവിയുടെ ഇരുള്‍ പടരാത്ത ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവ്.

പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിനുള്ള ട്രെയിനിലാണ് തൃശൂരിലേക്കു പോയത്. ജില്ലാ കമ്മറ്റി ഓഫീസില്‍നിന്ന് അയക്കാമെന്നേറ്റ കാര്‍ നേരമായിട്ടും എത്തിയില്ല. യാത്രപോലും പറയാതെ ധൃതിയില്‍ ഇറങ്ങിപ്പോയി. "സൗമ്യമായും അതിലേറെ സ്നേഹത്തോടെയുമായിരുന്നു സഖാവ്് എല്ലാവരോടും പെരുമാറിയത്. എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴികേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം"- ടീച്ചര്‍ ഓര്‍മ്മിക്കുന്നു.
(പി പി സതീഷ്കുമാര്‍)

deshabhimani 230911

1 comment:

  1. പഴക്കത്തിന്റെ മഞ്ഞനിറം പടര്‍ന്ന കടലാസ്തുണ്ട് വിരഹത്തിന്റെ കണ്ണീരുപ്പുകലര്‍ന്ന് നനയുകയാണ് മീനാക്ഷിടീച്ചറുടെ കൈയില്‍ . 39 വര്‍ഷം മുമ്പ് ഇതേനാള്‍ അഴീക്കോടന്‍ കൊലചെയ്യപ്പെട്ടതറിഞ്ഞ് വിറങ്ങലിച്ചുനില്‍ക്കെ തന്നെ തേടിയെത്തിയ ആ കത്ത് ടീച്ചര്‍ ഇന്നും നെഞ്ചോടുചേര്‍ക്കുന്നു.

    ReplyDelete