Friday, September 23, 2011

ജിജി തോംസന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപകാരം

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള തുടരന്വേഷണത്തെ ചോദ്യം ചെയ്ത് മുന്‍ സപ്ലൈകോ എംഡി ജിജി തോംസണ്‍ രംഗത്തെത്തിയത് പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതിനുള്ള പ്രത്യുപകാരം. അഴിമതി നിരോധന നിയമപ്രകാരം ജിജി തോംസണെ വിചാരണ ചെയ്യുന്നതിന് അനുമതി തേടി വിജിലന്‍സ് നല്‍കിയ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പാമൊലിന്റെ ഇതുവരെയുള്ള നാള്‍വഴിയില്‍ ഒരുഘട്ടത്തിലും എതിര്‍വാദവുമായി രംഗത്ത് വരാത്ത പ്രതിയാണ് ജിജി തോംസണ്‍ .

പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച സുപ്രധാന കരാറില്‍ ഒപ്പിട്ടത് അന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ജിജി തോംസണ്‍ ആണ്. 1991 നവംബര്‍ 27നാണ് പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത് ഡിസംബര്‍ രണ്ടിന്. അതിന് മുമ്പ് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി പ്രതിനിധി സദാശിവവും ജിജി തോംസണും തമ്മില്‍ കരാര്‍ ഒപ്പിട്ടു. കേസില്‍ എട്ടാം പ്രതിയായ ജിജി തോംസണെതിരെ കുറ്റകരമായ ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിന് വിചാരണ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ല. കേസില്‍ ഒന്നാം പ്രതിയായിരുന്ന കെ കരുണാകരന്‍ ഒഴികെയുള്ള പ്രതികളാരും അന്വേഷണത്തെയോ നിയമനടപടിയെയോ ചോദ്യം ചെയ്തിട്ടില്ല. മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയും മറ്റും വിടുതല്‍ അപേക്ഷ നല്‍കിയതിനു ശേഷം ജിജി തോംസണും ഈ ആവശ്യമുന്നയിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.

അഴിമതി നിരോധന നിയമ പ്രകാരം വിജിലന്‍സ് റിപ്പോര്‍ട്ട് 2001ലാണ് നല്‍കിയത്. ഇതേതുടര്‍ന്ന് ജിജി തോംസണ് 2001ല്‍ കുറ്റപ്പത്രം നല്‍കിയിരുന്നു. അപ്പോഴൊന്നും ഉന്നയിക്കാത്ത വാദങ്ങളാണ് ജിജി തോംസണ്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. വിജിലന്‍സ് പ്രത്യേക കോടതിയുടെ തുടരന്വേഷണ ഉത്തരവ് ചോദ്യം ചെയ്ത് 2011 മാര്‍ച്ചില്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. തുടരന്വേഷണം നടത്തിയാല്‍ കേസ് ഇനിയും നീണ്ടുപോകുമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. മനഃപ്പൂര്‍വം കാലതാമസം വരുത്തിയിട്ടില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ സത്യവാങ്മൂലത്തെ തുടര്‍ന്ന് ഈ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികളുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ മൂലമാണ് വിചാരണ നീണ്ടുപോയതെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസ് അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കിയെന്നും കെ കരുണാകരന്‍ സുപ്രീംകോടതിയില്‍നിന്നും സ്റ്റേ സമ്പാദിച്ചതിനാല്‍ വിചാരണ നീണ്ടുപോയതാണെന്നും വിജിലന്‍സ് ഡയറക്ടര്‍ കോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ സ്റ്റേ നീങ്ങിയതായും വിചാരണയ്ക്ക് ഇനിതടസ്സമില്ലെന്നും ഡയറക്ടര്‍ ബോധിപ്പിച്ചു. ഇതേതുടര്‍ന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയത്. ഈ ഹര്‍ജിയിലെ വാദമാണ് ഇപ്പോള്‍ ജിജി തോംസണ്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. 2001ല്‍ തനിക്കെതിരെ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ പോലും ജിജി തോംസണ്‍ ചോദ്യം ചെയ്തിട്ടില്ല.

1991ലാണ് പാമൊലിന്‍ കേസിന് ആസ്പദമായ ഇറക്കുമതി നടന്നത്. അതിനുശേഷം രണ്ട് ദശാബ്ദത്തിനിടെ നിരവധി സുപ്രധാന പദവികളില്‍ നിയമിതനായിട്ടുണ്ട്. ഇപ്പോള്‍ സീനിയര്‍ ഐഎസ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനിലാണ്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത് ദുരൂഹമാണ്. തുടരന്വേഷണ ഉത്തരവ് കോടതി റദ്ദാക്കിയാല്‍ കേസ് വീണ്ടും നീളും. അതുവഴി ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേര സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.

deshabhimani 230911

1 comment:

  1. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള തുടരന്വേഷണത്തെ ചോദ്യം ചെയ്ത് മുന്‍ സപ്ലൈകോ എംഡി ജിജി തോംസണ്‍ രംഗത്തെത്തിയത് പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതിനുള്ള പ്രത്യുപകാരം. അഴിമതി നിരോധന നിയമപ്രകാരം ജിജി തോംസണെ വിചാരണ ചെയ്യുന്നതിന് അനുമതി തേടി വിജിലന്‍സ് നല്‍കിയ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പാമൊലിന്റെ ഇതുവരെയുള്ള നാള്‍വഴിയില്‍ ഒരുഘട്ടത്തിലും എതിര്‍വാദവുമായി രംഗത്ത് വരാത്ത പ്രതിയാണ് ജിജി തോംസണ്‍ .

    ReplyDelete