Tuesday, September 6, 2011

വിജിലന്‍സ് എസ്പിയുടെ "വീഴ്ച" ഒത്തുകളിക്കു തെളിവ്

പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് ഉള്‍പ്പെടുത്തിയത് വീഴ്ചയാണെന്ന് സമ്മതിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് അയച്ചത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചു. വിജിലന്‍സ് ഡയറക്ടറുടെ ഭാഷയില്‍ "വീഴ്ച" വരുത്തിയ എസ്പി അദ്ദേഹത്തിനു കീഴില്‍ അതേ സ്ഥാനത്ത് തുടരുകയാണെന്ന വൈരുധ്യവുമുണ്ട്. പാമൊലിന്‍ അഴിമതിക്കേസ് പോലെ സുപ്രീംകോടതിവരെ നീണ്ട ഒരു കേസിന്റെ സുപ്രധാനമായ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ സമ്മതിക്കുമ്പോള്‍ ഇയാള്‍ക്കെതിരെ അടിയന്തരമായി വകുപ്പുതല നടപടിയെടുക്കേണ്ടതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഡയറക്ടറും എസ്പിയും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ നടത്തിയ പരിഹാസ്യമായ ഒത്തുകളിയിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ബോധപൂര്‍വമല്ലാത്ത അബദ്ധമാണ് തന്റെ ഓഫീസില്‍നിന്ന് പറ്റിയതെന്നാണ് വിജിലന്‍സ് എസ്പി വി എന്‍ ശശിധരന്‍ ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയ്ക്ക് നല്‍കിയതായി ഡയറക്ടര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയ കത്തില്‍ പറയുന്നത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഒപ്പിടാത്ത കുറിപ്പിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതിലൂടെ ഈ വിഷയത്തില്‍ തന്റെ വിധേയത്വം ചോദ്യംചെയ്യപ്പെടാത്തതാണെന്ന് എസ്പിയുടെ ഈ കത്തിലുണ്ട്. മേലുദ്യോഗസ്ഥരോട് തന്റെ വിധേയത്വവും സത്യസന്ധതയും തുടര്‍ന്നും ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. തന്റെ ഓഫീസില്‍ പറ്റിയ അശ്രദ്ധയാണെന്ന് പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം എസ്പിക്ക് തന്നെയാണ്. ഇങ്ങനെ കത്തെഴുതിയ ഉദ്യോഗസ്ഥന് ആ സ്ഥാനത്ത് തുടരാന്‍ പറ്റില്ല. കൂടാതെ പരസ്യമായി വിധേയത്വം പ്രകടിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ ഒരു കേസ് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്നാല്‍ , എസ്പി നല്‍കിയതായി പറയുന്ന കത്ത് ഒത്തുകളിയായും കണക്കാക്കുന്നു. ഡയറക്ടര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇങ്ങനെ ഒരുകത്ത് എഴുതിയതെങ്കിലും ഇക്കാര്യത്തില്‍ രണ്ടുപേരും ധാരണയിലെത്തിയിരുന്നുവെന്നും കത്തിലെ പദപ്രയോഗങ്ങള്‍ വ്യക്തമാക്കുന്നു. ഈ ധാരണയുടെകൂടി അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത്. പ്രോസിക്യൂട്ടര്‍ ഒപ്പിടാത്തതിനാല്‍ താനും കുറിപ്പ് പരിഗണിച്ചില്ലെന്നാണ് എസ്പി കത്തില്‍ പറയുന്നത്. എങ്കില്‍ ആ കത്തില്‍ പറയുന്ന പല നിര്‍ദേശങ്ങളും അംഗീകരിച്ച് നടപടി സ്വീകരിച്ചതെന്തിനെന്ന ചോദ്യത്തിന്, പക്ഷേ ഉത്തരമില്ല. കൂടാതെ ഔദ്യോഗികമായി കുറിപ്പയക്കുമ്പോള്‍ ആമുഖ കത്തില്‍ ഒപ്പിട്ടാല്‍ പിന്നെ കുറിപ്പില്‍ ഒപ്പിടാറില്ല. കുറിപ്പിലും ഒപ്പിടണമെന്ന വാദവും നിരര്‍ഥകമാണ്.

deshabhimani 060911

1 comment:

  1. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് ഉള്‍പ്പെടുത്തിയത് വീഴ്ചയാണെന്ന് സമ്മതിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് അയച്ചത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചു. വിജിലന്‍സ് ഡയറക്ടറുടെ ഭാഷയില്‍ "വീഴ്ച" വരുത്തിയ എസ്പി അദ്ദേഹത്തിനു കീഴില്‍ അതേ സ്ഥാനത്ത് തുടരുകയാണെന്ന വൈരുധ്യവുമുണ്ട്. പാമൊലിന്‍ അഴിമതിക്കേസ് പോലെ സുപ്രീംകോടതിവരെ നീണ്ട ഒരു കേസിന്റെ സുപ്രധാനമായ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ സമ്മതിക്കുമ്പോള്‍ ഇയാള്‍ക്കെതിരെ അടിയന്തരമായി വകുപ്പുതല നടപടിയെടുക്കേണ്ടതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

    ReplyDelete