Tuesday, September 6, 2011

തൊഴില്‍രഹിതവേതനവും ക്ഷേമപെന്‍ഷനുമില്ലാതെ ഓണം

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ഓണത്തിന് തൊഴില്‍രഹിത വേതനവും ക്ഷേമപെന്‍ഷനും നിഷേധിച്ചു. തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കുള്ള വേതനവും വൃദ്ധര്‍ക്കും വിധവകള്‍ക്കും അവിവാഹിതകള്‍ക്കും അംഗവൈകല്യം ബാധിച്ചവര്‍ക്കുമുള്ള പെന്‍ഷനുകളുമാണ് സര്‍ക്കാര്‍ നിഷേധിച്ചത്. മുന്‍കൂട്ടി നല്‍കാറുള്ള സ്കൂള്‍കുട്ടികള്‍ക്കുള്ള അഞ്ചുകിലോ അരിയും 99 ശതമാനം സ്കുളിലും കിട്ടിയില്ല. മാര്‍ച്ച് മുതലുള്ള മൂന്നു മാസത്തെ തൊഴില്‍രഹിത വേതനം നല്‍കുന്നതിനുള്ള തുക അനുവദിക്കണമെന്ന് എംപ്ലോയ്മെന്റ് വകുപ്പ് അഭ്യര്‍ഥിച്ചെങ്കിലും ധനവകുപ്പ് നിഷേധിച്ചു. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍പെടുത്തി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വേതനം നേരത്തെ അനുവദിച്ചിരുന്നെങ്കിലും അതും ബഹുഭൂരിപക്ഷം പഞ്ചായത്തുകള്‍ക്കും കൈമാറിയിട്ടില്ല. സംസ്ഥാനത്തെ അരലക്ഷത്തോളം യുവതീ യുവാക്കള്‍ക്കാണ് തൊഴില്‍രഹിത വേതനത്തിന് അര്‍ഹത. ഓണം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷ അവസരങ്ങളില്‍ തൊഴില്‍രഹിത വേതനവും മറ്റ് ക്ഷേമപെന്‍ഷനുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൂറായി നല്‍കിയിരുന്നു.

ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കി ഏപ്രില്‍മുതലുള്ള കുടിശ്ശിക നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എന്നാല്‍ , വാര്‍ധക്യ പെന്‍ഷന്‍ 300 രൂപവച്ച് മൂന്നു മാസം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഒരു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാക്കിയാണ് മൂന്നു മാസത്തെ പെന്‍ഷന്‍ നല്‍കുന്നത്. ഓണത്തിന് സ്കുള്‍കുട്ടികള്‍ക്കുള്ള അഞ്ചുകിലോ അരിയുടെ വിതരണം കഴിഞ്ഞ 27ന് ഉദ്ഘാടനം ചെയ്തുവെങ്കിലും 99 ശതമാനം സ്കൂളിലും അരിവിതരണം നടന്നില്ല. സ്കൂള്‍ അടയ്ക്കുന്നതിന്റെ തലേദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. സിവില്‍സപ്ലൈസ് അധികൃതരെ സമീപിച്ചുവെങ്കിലും അരിയില്ലെന്ന് പറഞ്ഞ് മടക്കുകയായിരുന്നു.
(ഡി ദിലീപ്)

deshabhimani 060911

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ഓണത്തിന് തൊഴില്‍രഹിത വേതനവും ക്ഷേമപെന്‍ഷനും നിഷേധിച്ചു. തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കുള്ള വേതനവും വൃദ്ധര്‍ക്കും വിധവകള്‍ക്കും അവിവാഹിതകള്‍ക്കും അംഗവൈകല്യം ബാധിച്ചവര്‍ക്കുമുള്ള പെന്‍ഷനുകളുമാണ് സര്‍ക്കാര്‍ നിഷേധിച്ചത്. മുന്‍കൂട്ടി നല്‍കാറുള്ള സ്കൂള്‍കുട്ടികള്‍ക്കുള്ള അഞ്ചുകിലോ അരിയും 99 ശതമാനം സ്കുളിലും കിട്ടിയില്ല. മാര്‍ച്ച് മുതലുള്ള മൂന്നു മാസത്തെ തൊഴില്‍രഹിത വേതനം നല്‍കുന്നതിനുള്ള തുക അനുവദിക്കണമെന്ന് എംപ്ലോയ്മെന്റ് വകുപ്പ് അഭ്യര്‍ഥിച്ചെങ്കിലും ധനവകുപ്പ് നിഷേധിച്ചു.

    ReplyDelete