Monday, September 12, 2011

ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഖണ്ഡൂരി ചുമതലയേറ്റു

ഡറാഡൂണ്‍ : ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭുവന്‍ചന്ദ് ഖണ്ഡൂരി ചുമതലയേറ്റു. അഴിമതി ആരോപണത്തില്‍ മുങ്ങിയ രമേശ് പൊക്രിയാല്‍ നിഷാങ്കിനെതിരെ പാര്‍ടിയിലും കടുത്ത പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തെ മാറ്റിയാണ് മുന്‍ മുഖ്യമന്ത്രിയെ ബിജെപി തിരിച്ചുകൊണ്ടുവന്നത്. ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ ഖണ്ഡൂരിക്ക് സത്യവാചകംചൊല്ലിക്കൊടുത്തു. പൊക്രിയാല്‍ മന്ത്രിസഭയിലെ 11 അംഗങ്ങളും തുടരും. ക്യാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

ഡറാഡൂണില്‍ ചേര്‍ന്ന ബിജെപി നിയമസഭ കക്ഷി യോഗത്തില്‍ ഖണ്ഡൂരിയെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ശബ്ദവോട്ടോടെയായിരുന്നു തെരഞ്ഞെടുപ്പ്. ദിവസങ്ങള്‍ നീണ്ട നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച രാവിലെയാണ് പൊക്രിയാല്‍ രാജിവച്ചത്. വരുന്ന ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാന്‍ പൊക്രിയാലിനെ മാറ്റുന്നതിന് ശനിയാഴ്ചയാണ് ബിജെപി നേതൃത്വം തീരുമാനിച്ചത്. ദേശീയ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രണ്ടുവട്ടമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. ഖണ്ഡൂരി രണ്ടാംതവണയാണ് മുഖ്യമന്ത്രിയാകുന്നത്. 2007ല്‍ മുഖ്യമന്ത്രിയായ അദ്ദേഹത്തെ പാര്‍ടിയിലെ ആഭ്യന്തരകലാപത്തെ തുടര്‍ന്ന് 2009ല്‍ മാറ്റുകയായിരുന്നു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് സീറ്റിലും തോറ്റതിനെത്തുടര്‍ന്ന് ബിജെപിയില്‍ ആഭ്യന്തരം കലാപം രൂക്ഷമായതാണ് ഈ മുന്‍ സൈനിക ജനറലിന്റെ സീറ്റ് തെറിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഭഗത്സിങ് കോഷിയാരിയുടെ നേതൃത്വത്തില്‍ നടന്ന നീക്കത്തിനൊടുവിലാണ് പൊക്രിയാലിനെ മുഖ്യമന്ത്രിയാക്കിയത്. തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ് നേതൃമാറ്റമെന്ന് ഗഡ്കരി പ്രതികരിച്ചു. അഴിമതി ആരോപണങ്ങളും പാര്‍ടിയിലെ ആഭ്യന്തരകലാപവും കാരണം കര്‍ണാടകത്തിലും ബിജെപി മുഖ്യമന്ത്രിയെ മാറ്റിയിരുന്നു.

deshabhimani 120911

1 comment:

  1. ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭുവന്‍ചന്ദ് ഖണ്ഡൂരി ചുമതലയേറ്റു. അഴിമതി ആരോപണത്തില്‍ മുങ്ങിയ രമേശ് പൊക്രിയാല്‍ നിഷാങ്കിനെതിരെ പാര്‍ടിയിലും കടുത്ത പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തെ മാറ്റിയാണ് മുന്‍ മുഖ്യമന്ത്രിയെ ബിജെപി തിരിച്ചുകൊണ്ടുവന്നത്. ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ ഖണ്ഡൂരിക്ക് സത്യവാചകംചൊല്ലിക്കൊടുത്തു. പൊക്രിയാല്‍ മന്ത്രിസഭയിലെ 11 അംഗങ്ങളും തുടരും. ക്യാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

    ReplyDelete